ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിതരെ കണ്ടെത്തിയതിനെ തുടർന്ന് യുപിയിൽ വ്യാപക മുസ്‌ലിം വേട്ട. സംസ്ഥാനത്തെ വിവിധ മുസ്‌ലിം കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡുകളാണ് നടക്കുന്നത്. തബ്‌ലീഗ് വിഭാഗത്തിന് തീരെ സ്വാധീനമില്ലാത്ത മേഖലകളിൽ പോലും റെയ്ഡ് നടക്കുന്നുണ്ട്. മീററ്റ്, ബിജിനോർ, സഹറൻപൂർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടക്കുകയുണ്ടായി.
ഒരു അടിസ്ഥാനവുമില്ലാതെ പൊലീസ് സംഘം വീടുവളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ഇടയ്ക്കിടെ പൊലീസ് സംഘം സ്ഥലത്തെത്തുകയും സ്ഥലത്തെ മസ്ജിദുകളിലെ പുരോഹിതന്മാരെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. തബ്‌ലീഗ് വിഭാഗത്തിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളിലെ പുരോഹിതന്മാരെ ഭേദ്യം ചെയ്യുന്നതിന് സമാനമായാണ് ചോദ്യം ചെയ്യുന്നത്.
ആറുമാസം മുമ്പ് നിസാമുദ്ദീനിൽ ചെന്ന യുവാവിനെ കഴിഞ്ഞ മാസം അവിടെയെത്തിയ ആളുകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് ചോദ്യം ചെയ്തത്. എല്ലാ മുസ്‌ലിങ്ങളും തബ്‌ലീഗുകാരാണെന്ന ധാരണയിലാണ് ചോദ്യം ചെയ്യലെന്നും ആരോപണമുണ്ട്. ഒരിക്കൽ പോലും നിസാമുദ്ദീനിലെ മർക്കസിൽ ചെന്നിട്ടില്ലാത്തവരെയും അതിനെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണ്.
നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത് രോഗബാധ സ്ഥിരീകരിച്ചവർക്കെതിരെ ദേശ സുരക്ഷാനിയമം ചുമത്തി യുപി പൊലീസ് കേസെടുത്തിരിക്കുകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.