Janayugom Online
UPSC janayugom

സിവില്‍ സര്‍വീസിനെ കൈപ്പിടിയിലാക്കാന്‍ കേന്ദ്രത്തിന്റെ കുതന്ത്രം

Web Desk
Posted on July 28, 2018, 11:09 pm

പ്രത്യേകലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തെ സിവില്‍ സര്‍വീസ് സംവിധാനത്തെ കൈപ്പിടിയിലാക്കാനുള്ള തന്ത്രവുമായി മോഡി സര്‍ക്കാര്‍. മൂന്ന് ഘട്ടങ്ങളിലായി കഠിനപരീക്ഷ നടത്തി യുപിഎസ്‌സി തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികളെ മൂന്നുമാസത്തെ ഫൗണ്ടേഷന്‍ കോഴ്‌സില്‍ പങ്കെടുപ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.
യുപിഎസ്‌സിയുടെ മാര്‍ക്കിനൊപ്പം ഫൗണ്ടേഷന്‍ കോഴ്‌സില്‍ ലഭിക്കുന്ന മാര്‍ക്കുംകൂടി പരിഗണിച്ച് അവരുടെ ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെയുള്ള സര്‍വീസും കേഡറും തീരുമാനിക്കാനാണ് മോഡി സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ മത്സര പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയാലും രാഷ്ട്രീയ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സര്‍വീസും കേഡറും നല്‍കാനുള്ള ഊടുവഴിയാണ് മോഡി സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ നടപ്പാക്കുന്നത്. ഇത് സിവില്‍ സര്‍വീസ് സംവിധാനത്തിന്റെ കാര്യക്ഷമത, സുതാര്യത എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം അഭിമുഖത്തില്‍ യോഗ്യത നേടുന്നവര്‍ക്ക് പരീക്ഷാ സ്‌കോറിന്റേയുംകൂടി അടിസ്ഥാനത്തില്‍ സര്‍വീസും കേഡറും യുപിഎസ്‌സി അനുവദിക്കും. ഐഎഎസ്, ഐപിഎസ് ഉള്‍പ്പടെ 24 അഖിലേന്ത്യാ സര്‍വീസുകളിലേക്കാണ് ഇത്തരത്തില്‍ നിയമനം നല്‍കുന്നത്. മോഡി സര്‍ക്കാരിന്റെ പുതിയ തീരുമാനം നടപ്പാക്കുന്നതോടെ മത്സരപരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഫൗണ്ടേഷന്‍ കോഴ്‌സിലെ സ്‌കോറും അടിസ്ഥാനമാക്കിയായിരിക്കും സര്‍വീസും കേഡറും നിശ്ചയിക്കുന്നത്. ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തുന്നതിലെ മാനദണ്ഡങ്ങളും സ്‌കോര്‍ നല്‍കുന്നതിലെ സുതാര്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ ആളുകളെ ഉയര്‍ന്ന റാങ്കില്‍ തിരുകി കയറ്റാനുള്ള തന്ത്രമാണ് ഇതിന്റെ പിന്നിലെന്ന ആക്ഷേപം ഇതിനകം ശക്തമാണ്.
സിവില്‍ സര്‍വീസില്‍ ദളിതര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന സംവരണം അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കമാണെന്ന ആക്ഷേപവും ശക്തമാണ്. കൂടാതെ ഫൗണ്ടേഷന്‍ കോഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അധികാരം മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ക്ക് ലഭിക്കും. ഈ തസ്തികയിലേക്കുള്ള നിയമനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഫൗണ്ടേഷന്‍ കോഴ്‌സ് നടത്താനും സ്‌കോര്‍ നിശ്ചയിക്കാനുള്ള അവകാശവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കും. റിലയന്‍സ് ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സ് നടത്താനുള്ള അധികാരം ലഭിക്കും. ഇത് തന്നെയാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി യുപിഎസ്‌സി അംഗങ്ങളായി സംഘപരിവാര്‍ നേതാക്കളെ നിയമിച്ചു. രാജ്യത്തെ സുതാര്യമായി നടക്കുന്ന പരീക്ഷാ സംവിധാനത്തെ ഇല്ലാതാക്കി സംഘപരിവാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഇനി സിവില്‍ സര്‍വീസിന്റെ ഉന്നത റാങ്കിലെത്തും. ഇതിലൂടെ തങ്ങളുടെ അനുഭാവികള്‍ക്ക് ഉയര്‍ന്ന സര്‍വീസും ആഗ്രഹിക്കുന്ന കേഡര്‍ ലഭിക്കുകയും ചെയ്യും. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറി തലത്തില്‍ കോര്‍പ്പേററ്റ് സ്ഥാപനങ്ങളില്‍ നിന്നും നിയമിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് സിവില്‍ സര്‍വീസ് സംവിധാനത്തെയാകെ തകര്‍ക്കുന്ന മോഡി സര്‍ക്കാരിന്റെ തീരുമാനം. മോഡി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ രാജ്യത്തെ മുസ്‌ലിം, കൃസ്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കില്ലെന്ന് മാത്രമല്ല സിവില്‍ സര്‍വീസ് ഉദ്യോഗം ഒരു കച്ചവടചരക്കാകുമെന്നാണ് ഇരുവിഭാഗങ്ങളും ആശങ്കപ്പെടുന്നത്.