താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു

Web Desk
Posted on September 21, 2020, 11:05 am

ആഗ്ര: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായാണ് താജ്മഹൽ വീണ്ടും തുറന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറ് മാസത്തിലേറെയായി അടച്ചിട്ടതിനുശേഷമാണ് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തത്.
താജ്മഹലിൽ ഓരോ ദിവസവും 5,000 വിനോദസഞ്ചാരികളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി 2,500 പേരെയും ഉച്ചയ്ക്ക് ശേഷം 2,500 പേരെയും അനുവദിക്കും. ആഗ്ര കോട്ടയിൽ പ്രതിദിനം 2,500 സഞ്ചാരികളെ മാത്രമേ അനുവദിക്കുകയുള്ളൂ.
ശവകുടീരവും കോട്ടയും സന്ദർശിക്കുമ്പോൾ കേന്ദ്രം പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്, അതിൽ സാമൂഹിക അകലം പാലിക്കലും കൈകളുടെ ശുചിത്വം ഉറപ്പാക്കലും ഉൾപ്പെടുന്നു. സ്മാരകങ്ങളിൽ പ്രവേശിക്കാൻ മാസ്കുകൾ നിർബന്ധമാണ്. ഓൺലൈൻ ടിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂ.
താജ് മഹലിൽ ഓരോ വർഷവും ഏഴ് ദശലക്ഷം സന്ദർശകർ എത്തുന്നുണ്ട്. ആഗ്ര കോട്ടയിൽ ഒരു വർഷം മൂന്ന് ദശലക്ഷം സന്ദർശകർ എത്തുന്നുണ്ട്. സ്മാരകങ്ങൾ ഉത്തർപ്രദേശിന്റെ വരുമാനത്തിൽ വലിയ സംഭാവന നൽകുന്നു. സർക്കാർ പ്രഖ്യാപിച്ച അൺലോക്ക് 4 ന്റെ ഭാഗമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനമുണ്ടായത്.