തീവ്രവാദത്തെ പാകിസ്ഥാന്‍ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ ശക്തമായി തിരിച്ചടിക്കും

Web Desk
Posted on October 27, 2018, 10:12 pm

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.  എന്നാല്‍ ഏത് രീതിയിലുള്ള തിരിച്ചടിയാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. 2016ല്‍ ഉറിയില്‍ നടന്ന പാക് ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തി കടന്ന് ചെന്ന ഇന്ത്യന്‍ പാരാമിലിറ്ററി സംഘം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. മിന്നല്‍ ആക്രമണം അഥവാ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നറിയപ്പെടുന്ന ഇത്തരം ഓപ്പറേഷനുകള്‍ ഇന്ത്യ വീണ്ടും നടത്തിയേക്കാമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കശ്മീരിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്നതും തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതും പാകിസ്ഥാന്‍ നിര്‍ത്തണമെന്ന് ബിപിന്‍ റാവത്ത് ആവശ്യപ്പെട്ടു. അതിര്‍ത്തി സംസ്ഥാനമായ കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി സംരക്ഷിക്കാന്‍ വേണ്ട എല്ലാ കഴിവുകളും രാജ്യത്തിനുണ്ട്. ശക്തി ഉപയോഗിച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

1971ലെ യുദ്ധത്തില്‍ ഇന്ത്യയോട് തോറ്റതിന്റെ പ്രതികാരമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നടത്തുന്നത്. തങ്ങള്‍ക്ക് നഷ്ടമായ പ്രദേശങ്ങള്‍ക്ക് പകരമായി രഹസ്യ യുദ്ധത്തിലൂടെ കശ്മീരിനെ സ്വന്തമാക്കാമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. എന്നാല്‍ നിയമപരമായും അല്ലാതെയും കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്തുവില കൊടുത്തും രാജ്യം അതിനെ സംരക്ഷിക്കുമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ നേരെയുള്ള എല്ലാ ഭീഷണികളും നേരിടാന്‍ രാജ്യം ഇപ്പോള്‍ സജ്ജമാണ്. എന്നാല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള പിന്തുണ തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കും. കശ്മീരിനെ അശാന്തപ്പെടുത്താനാണ് പാകിസ്ഥാന്റെ നിരന്തര ശ്രമം. എന്നാല്‍ ഇത് വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.