ശബരിമല: ആചാരലംഘനങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയവര്‍ക്കെതിരെ നിയമനടപടി

Web Desk

തിരുവനന്തപുരം

Posted on November 28, 2018, 12:58 pm

ശബരിമലയില്‍ ആചാരലംഘനങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ദേവസ്വം ബോര്‍ഡിന്‍റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികളെ തടയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടയുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ഈ കേസുകളില്‍ 320 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്നിധാനത്ത് 52 വയസ് പ്രായമുള്ള ലളിതയെ യുവതി എന്ന് ആരോപിച്ച് അക്രമിച്ച കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശബരിമലയില്‍ കലാപമുണ്ടാക്കുന്നതിനും ക്രമസമാധാനനില തകര്‍ത്ത് സമൂഹത്തില്‍ ധ്രൂവീകരണം ഉണ്ടാക്കുന്നതിനും ചില വര്‍ഗീയ കക്ഷികളും സ്ഥാപിത താല്‍പര്യക്കാരും ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിജെപി ആര്‍എസ്എസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണുള്ളത്. സുപ്രീംകോടതിയില്‍ 12 വര്‍ഷം കേസ് നടന്നിട്ടും കക്ഷി ചേരാത്ത സംഘടനകളില്‍ ഉള്ളവരാണിവരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ ക്രമസമാധാന ചുമതലയില്‍പ്പെട്ടവരൊഴികെ മറ്റാരും ആധിപത്യം സ്ഥാപിച്ചതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെ നടപ്പന്തലിലുണ്ടായിരുന്നവര്‍ യുവതിയെന്നാരോപിച്ച് അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് പ്രതിഷേധക്കാരില്‍ ഒരാള്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ശാന്തരാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ പ്രശ്‌നമുണ്ടാക്കിയ സന്ദര്‍ഭത്തില്‍ സന്നിധാനം പൊലീസ് നിയന്ത്രണത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.