Web Desk

തിരുവനന്തപുരം

October 25, 2020, 12:01 pm

കൊവിഡ് മരണങ്ങൾ പിടിച്ചുനിർത്തുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

Janayugom Online

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ പിടിച്ചുനിർത്തുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. അർബുദ‑ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളിൽ അണുബാധാ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നാണ് നിർദേശം. ഇത്തരം രോഗികളിൽ കൊവിഡ് മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഓഗസ്റ്റ് മാസത്തിലെ കൊവിഡ് മരണ അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, അർബുദ‑ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളിൽ അണുബാധാ നിയന്ത്രണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. അർബുദ ചികിത്സയ്ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളിൽ പലർക്കും കൊവിഡ് ബാധിച്ചിരുന്നു. ഇത്തരക്കാരിൽ മരണനിരക്ക് വർധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ജാഗ്രതാ നിർദേശം ചികിത്സാകേന്ദ്രങ്ങൾക്ക് നൽകിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരിൽ പലർക്കും ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോർട്ടിലുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചവരിൽ അധികവും പുരുഷന്മാരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് മാസത്തിൽ 223 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ 154 പേരും പുരുഷന്മാരാണ്. സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് പിടിച്ചുനിർത്താനുളള പ്രയത്നത്തിലാണ് ഇപ്പോൾ ആരോഗ്യവകുപ്പ്. മറ്റു രോഗങ്ങളുളളവരിലും കിടപ്പുരോഗികളിലും പ്രായമായവരിലും നേരിയ തേതിലെങ്കിലും കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ കൊവിഡ് മരണ അവലോകന റിപ്പോർട്ട് നിർദേശിക്കുന്നു.

you may also like this video