8 December 2024, Sunday
KSFE Galaxy Chits Banner 2

സ്വപ്നങ്ങളെ കൈപിടിയിലാക്കു; ഇന്ന് ലോക വിദ്യാർത്ഥി ദിനം

Janayugom Webdesk
October 15, 2024 6:00 am

വിദ്യാർത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ‍ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക  വിദ്യാർത്ഥി  ദിനമായി ആചരിക്കാൻ തുടങ്ങിയത്. കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍, ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള, ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് എപിജെ അബ്ദുൽ കലാം എന്ന പ്രതിഭാ സമ്പന്നന്. 1931 ഒക്ടോബർ 15നു ജനിച്ച കലാം, നിരവധി വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടാൻ പ്രചോദനമായിരുന്നു. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചതിനുശേഷം, ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), ഐഐഎം ഇൻഡോർ, ഐഐഎം അഹമ്മദാബാദ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു അദ്ദേഹം. 2015 ജൂലൈ 27ന് വിടപറയുമ്പോൾ ഇഷ്ടപ്പെട്ടിരുന്ന തൊഴിലായ അധ്യാപന വൃത്തിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്.അധ്യാപനത്തിലൂടെ തന്നെ ലോകം ഓർക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തുമായി 48 സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുള്ളയാളാണ് കലാം. സിവിലിയൻ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1981ൽ പത്മഭൂഷൺ, 1990ൽ പത്മവിഭൂഷൺ, 1997ൽ ഭാരതരത്‌നയും അദ്ദേഹത്തെ തേടിയെത്തി.

ഐഎസ്ആർഒയുടെ തലപ്പത്തേക്ക്

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച അബ്ദുൾ കലാം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പറന്നുയർന്നത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിലേക്ക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകി. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു.

   മായാത്ത ഓർമയായി മിഷൻ ‘നന്ദി ’

1960ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം . ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്ന ഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ദിവസവും പതിനെട്ടു മണിക്കൂർ ജോലിചെയ്ത് മിഷൻ ‘നന്ദി’ അദ്ദേഹം പൂർത്തിയാക്കി.

ലാളിത്യം നിറഞ്ഞ ജീവതം
രാജ്യത്തിന്റെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപെട്ടപ്പോഴും ലാളിത്യം മുഖമുദ്രയാക്കിയ ജീവിതമായിരുന്നു അബ്ദുൾകലാമിന്റേത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.