Monday
18 Feb 2019

യുഎയില്‍ നിന്നുള്ള 700 കോടി ധനസഹായം കേരളം വാങ്ങാതിരുന്നത് ഇന്ത്യയുടെ മുഖച്ഛായ മാറ്റി: ടിപി ശ്രീനിവാസന്‍

By: Web Desk | Friday 11 January 2019 8:12 PM IST

കോഴിക്കോട്:

പ്രളയാനന്തരം യു എ യില്‍ നിന്നുള്ള 700 കോടി ധനസഹായം കേരളം വാങ്ങാതിരുന്നത് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി പി ശ്രീനിവാസന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതയുടെ വളര്‍ച്ച ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ തത്ത്വങ്ങള്‍ക്ക് ഏതിരായാണ് നിലവില്‍ രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യങ്ങളും നയതന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ സഹവര്‍ത്തിത്ത്വം ഇല്ലാതാക്കുന്നു. റോഹിങ്ക്യന്‍ പ്രശ്നത്തില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് മൗനം പാലിക്കാന്‍ സാധിക്കില്ലെന്നും നയതന്ത്ര ബന്ധങ്ങളില്‍ തുലനാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷയില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ പിന്നോട്ടാണ്. സ്ത്രീ ശാക്തീകരണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം. ഏത് ഭരണകൂടം വന്നാലും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ ഇന്ത്യന്‍ നയതന്ത്രജ്ഞനായ വേണു രാജാമണി വാദിച്ചു. അയല്‍പക്ക രാജ്യങ്ങളുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടാതെ നയതന്ത്രത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അവസരങ്ങള്‍ക്കനുസരിച്ച് ചൈനയെപ്പോലെ ഇന്ത്യ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News