25 April 2024, Thursday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

താലിബാന്‍ സര്‍ക്കാരില്‍ പങ്കാളിത്തം വേണം: ജോലിയും വിദ്യാഭ്യാസവും അവകാശമാക്കണമെന്ന് അഫ്ഗാന്‍ സ്ത്രീകള്‍

Janayugom Webdesk
കാബൂൾ
September 3, 2021 2:02 pm

താലിബാൻ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാൻ തയ്യാറാകണം എന്നാവശ്യപ്പെട്ട് പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഗവർണറുടെ ഓഫീസിനു മുന്നിൽ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം. ജോലി ചെയ്യാനുള്ള അവകാശത്തിനും താലിബാൻ രൂപീകരിക്കുന്ന മന്ത്രിസഭയിലുമുൾപ്പെടെ സ്ത്രീകൾക്ക് രാഷ്ട്രീയ പങ്കാളിത്തം ഉണ്ടായിരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. താലിബാന്റെ പുതിയ മന്ത്രിസഭയിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ തയാറാകണം. താലിബാൻ ഞങ്ങളുമായി കൂടിയാലോചന നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ സമ്മേളനങ്ങളിലോ മീറ്റിങുകളിലോ സ്ത്രീകളെ കാണുന്നില്ല എന്നും പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ബാസിറ തഹേരി മാധ്യമങ്ങളോട് പറഞ്ഞു.

 


ഇതുംകൂടി വായിക്കുക: പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന്‍


 

അവകാശങ്ങൾ നേടിയെടുക്കാൻ 20 വർഷമായി അഫ്ഗാൻ സ്ത്രീകൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവ സംരക്ഷിക്കപ്പെടണമെന്ന് റാലിയുടെ സംഘാടകയായ ഫ്രിബ കബ്രസാനി പറഞ്ഞു. ടെലിവിഷനിലും ലോകരാജ്യങ്ങളോടും താലിബാൻ മനോഹരമായ പ്രസംഗങ്ങൾ നടത്തുന്നുണ്ടെങ്കിലും പൊതു ഇടങ്ങളിൽ അവർ അധികാര ദുർവിനിയോഗം നടത്തുകയും സ്ത്രീകളെ തല്ലിച്ചതയ്ക്കുകയുമാണെന്ന് റാലിയിൽ പങ്കെടുത്ത മറിയം എബ്രാം പറഞ്ഞു. ഞങ്ങൾ ഭയപ്പെടുന്നില്ല, ഞങ്ങൾ ഒരുമിച്ചാണ്, വിദ്യാഭ്യാസവും ജോലിയും സുരക്ഷിതത്വവും ഞങ്ങളുടെ അവകാശമാണെന്നും അഫ്ഗ്ൻ സ്ത്രീകൾ പ്രതിഷേധിച്ചു.


ഇതുംകൂടി വായിക്കുക: ന്ത്യയിലുള്ളവര്‍ താലിബാന്‍ തിരിച്ചുവരവ് ആഘോഷിക്കുന്നത് അപകടകരം; മുന്നറിയിപ്പുമായി നസീറുദ്ദീന്‍ ഷാ


 

ഇന്ന് ഉച്ചയ്ക്ക് പ്രാർത്ഥനയ്ക്ക് ശേഷം താലിബാന്റെ മന്ത്രിസഭാ രൂപീകരണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും യുദ്ധത്തിൽ തകർന്ന സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനും കഴിയുമെന്നാണ് മന്ത്രിസഭാ രൂപീകരണത്തിന് മുന്നേയുള്ള താലിബാന്റെ വാഗ്ദാനങ്ങൾ. സ്ത്രീകൾക്ക് ജോലിക്ക് പോകാനും വിദ്യാഭ്യാസം തുടരാനുമുള്ള സ്വാതന്ത്ര്യം നൽകുമെന്നാണ് മുതിർന്ന താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

 

എന്നാൽ പുതിയ മന്ത്രിസഭയിലോ മറ്റ് ഉന്നത സ്ഥാനങ്ങളിലോ സ്ത്രീകൾക്ക് യാതൊരു സ്ഥാനവും നൽകില്ലെന്നും സ്റ്റാനിക്സായ് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിൽ സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണെന്ന് പത്രപ്രവർത്തകയായ ബെഹേഷ്ത അർഗഡ് ഖത്തറിൽ എഫ്പിയോട് പറഞ്ഞിരുന്നു. താലിബാൻ ആഗ്രഹിക്കുന്നതുപോലെ മിണ്ടാതിരിക്കില്ലെന്നും അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി. വാ​ഗ്ദാനങ്ങൾക്കപ്പുറം അതിക്രൂരമായ ഭരണമാണ് താലിബാൻ നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

Eng­lish Sum­ma­ry: Afghan women demand jobs and education

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.