29 March 2024, Friday

അഫ്ഗാനിലെ യുദ്ധപ്രഭുക്കൾ

ജി മോട്ടിലാല്‍
September 4, 2021 4:45 am

ണ്ട് പതിറ്റാണ്ടു കാലത്തെ സാന്നിധ്യം പിൻവലിച്ച് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും പിൻമാറി. അമേരിക്കയുടെ അഭിമാനസ്തംഭമായ ലോകവ്യാപാര കേന്ദ്രം തകർക്കുകയും പെന്റഗണിന് പോലും ഭീഷണി ഉയർത്തുകയും ചെയ്ത ഒസാമ ബിൻലാദന് വേണ്ടിയുള്ള വേട്ടയുടെ ഭാഗമായാണ് അമേരിക്ക അഫ്ഗാന്റെ മണ്ണിൽ താവളമൊരുക്കിയത്. ബിൻ ലാദനെ കൊന്ന് കടലിൽ താഴ്ത്തിയതിനുശേഷവും അമേരിക്ക അഫ്ഗാനിൽ ഇക്കാലമത്രയും തുടർന്നു. ഭീകരവാദികളുടെ സുരക്ഷിത സ്ഥലമായി അഫ്ഗാനിസ്ഥാൻ മാറാതിരിക്കുന്നതിനുള്ള കരുതലായിരുന്നു തുടർച്ചയ്ക്കടിസ്ഥാനം. എന്തായാലും അക്കാലം കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ അമേരിക്ക പ്രതിഷ്ഠിച്ച സർക്കാരിന്റെ വാഴ്ച അവസാനിച്ചു. പ്രദേശമാകെ താലിബാൻ കൈയ്യടക്കി. താലിബാൻ ഭരണത്തിന്റെ കഴിഞ്ഞകാല അനുഭവങ്ങൾ ഒട്ടും രുചികരമായിരുന്നില്ല. ഇനി വരാനുള്ളതും വ്യത്യസ്തമായിരിക്കില്ലെന്ന് ഉറപ്പിക്കാം. അതിനുള്ള കാരണങ്ങൾ താലിബാൻ എന്ന സംഘടനാ രൂപത്തിനുള്ളിൽ തന്നെ നിർലീനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ കഴിയും.

Taliban woman

പുരാതന ഭാരതത്തിന്റെ വിശാലപ്രദേശങ്ങളിൽ അഫ്ഗാനിസ്ഥാനും ഉൾപ്പെട്ടിരുന്ന സ്ഥലമായ പഴയ ഗാന്ധാര ദേശമാണിന്നത്തെ കാണ്ഡഹാർ. സിന്ധു നദീതട സംസ്ക്കാരത്തിന്റെയും മൗര്യ സാമ്രാജ്യമുൾപ്പെടെയുള്ള രാജവംശങ്ങളുടെയും പ്രഭവകേന്ദ്രമായും ബുദ്ധമതത്തിന് ഏറ്റവും കൂടുതൽ സ്വാധീനമുണ്ടായിരുന്ന ഭൂപ്രദേശമായും അഫ്ഗാൻ അടയാളപ്പെടുത്തുന്നു. ഭൂമിശാസ്ത്രപരമായി പർവ­ത­ശൃംഗങ്ങളാൽ ചുറ്റപ്പെട്ടതും, താഴ്ന്ന പീഠഭൂമികളുള്ളതുമായ ഭൂപ്രദേശമാണിത്. വർഷത്തിൽ പകുതിയിലേറെയും മഞ്ഞുമൂടി കഠിന ശൈത്യവും ബാക്കി പകുതി കടുത്ത ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥ. തെക്ക് കിഴക്ക് പാകിസ്ഥാനും, പടിഞ്ഞാറ് ഭാഗത്ത് ഇറാനും, വടക്ക് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, എന്നീ രാജ്യങ്ങളും വടക്ക് കിഴക്ക് ചൈനയും താജിക്കിസ്ഥാനും അതിരിട്ട് നിൽക്കുന്നു.

ആറു ലക്ഷത്തി അൻപത്തിരണ്ടായിരത്തി എണ്ണൂറ്റി അറുപത്(6,52860 ചതുരശ്ര കിലോമീറ്റര്‍) വിസ്തൃതിയുള്ള നാല് കോടി മാത്രം ജനസംഖ്യയുള്ള, പഷ്തു, ദാരി എന്നീ ഭാഷകൾ സംസാരിക്കുന്ന അഫ്ഗാനിസ്ഥാനിലെ അഞ്ചിൽ നാലുപേരും കൊടുംപട്ടിണിയും ദാരിദ്രവുമനുഭവിക്കുന്നവരാണ്. 43ശതമാനമാണ് സാക്ഷരത. ഏവരേയും ആകർഷിക്കുന്ന സംസ്കൃതിയുടെ ഉറവിടമായിരുന്ന അഫ്ഗാനിസ്ഥാനിൽ നിരവധി ബുദ്ധ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിരുന്നു. വളരെ വലിപ്പമേറിയ ബുദ്ധപ്രതിമകൾ കഴിഞ്ഞകാല ഭരണത്തിൽ പീരങ്കി ഉപയോഗിച്ചാണ് താലിബാൻ തകർത്തെറിഞ്ഞത്. ഹിന്ദു, ബുദ്ധ, ഗ്രീക്ക് സംസ്കൃതിയുടെ പ്രഭവകേന്ദ്രമായിരുന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് അത്തരം അവശേഷിപ്പുകളും അടയാളങ്ങളും മായ്ച്ചുകളയാനാണ് താലിബാൻ തീരുമാനിച്ചിരുന്നത്.


Taliban womanഇതും കൂടി വായിക്കു; താലിബാന്‍ സര്‍ക്കാരില്‍ പങ്കാളിത്തം വേണം: ജോലിയും വിദ്യാഭ്യാസവും അവകാശമാക്കണമെന്ന് അഫ്ഗാന്‍ സ്ത്രീകള്‍


യഥാർത്ഥ ഇസ്‌ലാം മതവിശ്വാസവുമായി താലിബാനെ ചേർത്തുവയ്ക്കുന്നത് ഒരിക്കല്ലും ശരിയായ ധാരണകൾക്ക് വഴിവയ്ക്കില്ല. ലോകത്ത് നിരവധി മുസ്‌ലിം രാജ്യങ്ങളുണ്ട് അവിടെയെല്ലാം ഏറിയും കുറഞ്ഞും ഇസ്‌ലാം മതവിശ്വാസം പുലർത്തിപ്പോരുന്നുമുണ്ട്. താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെല്ലാം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇവിടങ്ങളിലെല്ലാം ഇസ്‌ലാം മതവിശ്വാസികളാണ് ഭൂരിപക്ഷം. അവിടെയെല്ലാം മതവിശ്വാസത്തെ ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് കൈകാര്യം ചെയ്തുവരുന്നത്. ഇസ്‌ലാം മത വിശ്വാസത്തിൽ കൂടുതൽ യാഥാസ്ഥിതിക നിലപാടുകളുള്ള സൗദി അറേബ്യ, പാകിസ്ഥാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ആധുനിക കാലഘട്ടത്തിനനുസരിച്ച് ജനാധിപത്യ സങ്കല്പങ്ങളും, ജീവിതമൂല്യങ്ങളും പരിപാലിച്ചു പോരുന്ന സമൂഹമാണുള്ളത്.
താലിബാൻ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തവും കിരാതവുമാണ്. സമീപകാല ചരിത്രം അഫ്ഗാനിസ്ഥാനെ പരുവപ്പെടുത്തിയെടുത്തത് അങ്ങനെയാണ്. റഷ്യയുടെയും, അമേരിക്കയുടെയും ഭൗമരാഷ്ട്രീയ (ജിയോപൊളിറ്റിക്സ്) താല്പര്യങ്ങൾക്ക് ഇക്കാര്യത്തിൽ നിർണായക പങ്കാണുള്ളത്. ഗോത്രീയമായ ജീവിതചര്യകളും ആചാരക്രമങ്ങളും, അന്ധവിശ്വാസങ്ങളും രൂഢമൂലമായ സമൂഹത്തെ വാണിജ്യ താല്പര്യങ്ങൾക്കുവേണ്ടി രൂപപ്പെടുത്തി. തിന്മകൾ മാത്രം നിറഞ്ഞ വഴികളിലൂടെ സാമ്രാജ്യത്വ താല്പര്യങ്ങൾക്കുവേണ്ടി അവരെ വഴി നടത്തി. പിന്നീട് ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ ക്വട്ടേഷൻ സംഘമായി അവർ രൂപപ്പെട്ടു. മുൻപിൻ നോക്കാത്ത അതിക്രൂരമായ സംഘം അത്യാധുനിക ആയുധങ്ങളാൽ സ്വയം സജ്ജരാക്കപ്പെട്ടു.

ഒറ്റ പ്രാവശ്യം കാഞ്ചിവലിച്ചാൽ അഞ്ഞൂറു വരെ വെടിയുണ്ടകൾ ഒരേ സമയം ചിതറുന്ന തോക്കുധാരികളെ ഭരണകൂടമുൾപ്പടെ എല്ലാവരും ഭയപ്പെട്ടു. ജനക്കൂട്ടങ്ങളുടെ പ്രതിരോധങ്ങൾ ഇവർക്ക് മുൻപിൽ നിമിഷാര്‍ധത്തിൽ ശിഥിലീകരിക്കപ്പെട്ടു. കരുത്താർന്ന സൈനിക ശക്തികൊണ്ടല്ലാതെ യുദ്ധവെറിയരും തെമ്മാടികളുമായ ഇത്തരം ഗുണ്ടാസംഘങ്ങളെ നേരിടാൻ ആർക്കും കഴിയാത്ത സ്ഥിതി വിശേഷമാണിന്നുള്ളത്. ജീവഭയംകൊണ്ട് ഏതുവിധേനയും നാട് വിടാൻ വേണ്ടി കാബൂൾ വിമാനത്താവളത്തിൽ തിക്കിത്തിരക്കി നിൽക്കുന്നവർക്കിടയിലാണ് സ്ഫോടനം നടന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഖൊരാസൻ പ്രൊവിൻസ് എന്ന ഭീകര സംഘടന ഉത്തരവാദിത്തമേറ്റെടുത്തു. ഇങ്ങനെ എത്രയെത്ര ഭീകരസംഘടനകൾ ഇനി രംഗത്ത് വരാനിരിക്കുന്നു. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ അൽഖ്വയ്ദ എന്ന ഭീകരസംഘടനയ്ക്ക് സുരക്ഷിത താവളമുറപ്പിച്ച് ലോക ഇസ്‌ലാമിക രാജ്യങ്ങളുടെ അധീശത്വം ലക്ഷ്യം വച്ച ബിൻലാദനുൾപ്പെടെയുള്ളവർ വിതച്ച വിഷവിത്തുകൾ പാകമായി നിൽപ്പുണ്ട്. കേരളത്തിൽ പോലും ജമാ അത്തെ ഇസ്‌ലാമി വിസ്മയം പോലെ താലിബാൻ എന്നു വിശേഷിപ്പിച്ചതിന്റെ യുക്തി വായിച്ചു മടക്കി വയ്ക്കാവുന്നത്രയും ലഘുതരമല്ല. ഹിന്ദ്ക്കുഷ് പ്രദേശത്തുനിന്നുള്ള ഗോത്രവർഗത്തിൽ പെട്ടവരാണ് താലിബാൻകാരായിവരുന്നത്. ഇവരെ ഉപയോഗിച്ച് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള നജീബുള്ള സർക്കാരിനെ അട്ടിമറിച്ചത് അമേരിക്കയാണ്.


ഇതും കൂടി വായിക്കു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന്‍


നിരവധി പ്രകൃതിദത്ത ധാതു സമ്പത്തുക്കളുടെ കലവറയാണ് അഫ്ഗാനിസ്ഥാൻ. ഏറ്റവും നല്ല മാതള നാരങ്ങയുടെയും കൽക്കരി, ചെമ്പ്, സ്വർണം, ഇരുമ്പയിര്, ഈയം, പ്രകൃതിവാതകം, പെട്രോളിയം, ലോക കമ്പോളത്തിൽ വിലമതിക്കുന്ന മരതകം, ഇന്ദ്രനീലം, മാണിക്യം, പത്മരാഗം, എന്നിങ്ങനെയുള്ളവയുടെ കലവറയാണ് അഫ്ഗാന്റെ മണ്ണ്. ഇതിനെല്ലാം പുറമെ കറുപ്പെന്ന മയക്കു മരുന്നിന്റെ ലോക കേന്ദ്രവും. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ ലോകം രണ്ടു ചേരിയിലാക്കപ്പെട്ടു. ഇന്ത്യ ചേരിചേരാ നയത്തിന്റെ അടിസ്ഥാനത്തിൽ മാറി നിന്നു. കിഴക്കൻ യൂറോപ്പ് സോവിയറ്റ് യൂണിയന്റെയും പടിഞ്ഞാറൻ യൂറോപ്പ് അമേരിക്കയുടെയും അധീശത്തിൽ നിലനിന്നു. ഇവർ തമ്മിലുള്ള ഭൗമരാഷ്ട്രീയ ബലാബലത്തെ ശീതയുദ്ധമെന്ന പേരിട്ട് വിളിക്കപ്പെട്ടു. പിന്നീട് സോവിയറ്റ് യൂണിയൻ ശിഥിലമാകുകയും അമേരിക്ക ലോക പൊലീസ് ചമഞ്ഞ് രംഗത്ത് നിലയുറപ്പിക്കുകയും ചെയ്തു. മധ്യേഷ്യയിൽ ഇസ്‌ലാമിന് വലിയ പ്രാധാന്യം വരികയും പ്രകൃതിസമ്പത്തുക്കളുടെ കലവറയായ മധ്യേഷ്യൻ രാജ്യങ്ങളുടെ നിയന്ത്രണം അമേരിക്ക കയ്യടക്കുകയും ചെയ്തു. അങ്ങനെ അഫ്ഗാനിസ്ഥാനിൽ നജീബുള്ളയെ അട്ടിമറിച്ച് താലിബാന്റെ ഭരണ നേതൃത്വം ഉറപ്പിച്ചു കൊടുത്തു. എന്നാൽ പരസ്പരം പോരടിക്കുന്ന ഇസ്‌ലാമിക മത തീവ്രവാദികളുടെ സുരക്ഷിത ഒളിത്താവളമായി അഫ്ഗാൻ മാറിയതോടെ അപകടം മണത്ത അമേരിക്ക, ഹിന്ദുക്കുഷ് പർവത നിരകളുടെ പാർശ്വങ്ങളിലെ ഗുഹകളിൽ പാർത്തുവന്ന തീവ്രവാദ സംഘങ്ങളെ ലക്ഷ്യമിട്ട് കനത്ത ബോംബിങ് നടത്തി ഗുഹകൾ മുഴുവനും തകർത്തു. പിന്നീടുള്ള ചരിത്രം ബിൻ ലാദനെ പിടികൂടുന്നതുമായി ബന്ധപ്പെട്ടാണ്. അങ്ങനെ അമേരിക്ക ഹമീദ് കർസായിയുടേയും അഷറഫ് ഗനിയുടേയുമെല്ലാം പാവസർക്കാരുകളെ വാഴിച്ച് കഴിഞ്ഞ ഇരുപത് വർഷമായി അഫ്ഗാൻ നിയന്ത്രിക്കുന്നു. അതിന്റെ പരിസമാപ്തിയാണ് 2021ഓഗസ്റ്റ് 31ന് കാണുന്നത്.

 

അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഇരുപത് വർഷമായി അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യത്തിലുണ്ടായ ജനാധിപത്യമാണ് നിലനിന്നുപോന്നത്. ഇപ്പോൾ അമേരിക്കയുടെ പിൻമാറ്റത്തോടെ വർധിതവീര്യത്തോടെ താലിബാൻ അഫ്ഗാന്റെ അധികാരം കയ്യടക്കുകയാണ് ഉണ്ടായത്. താലിബാൻ ആദ്യം ചെയ്തത് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നത് മാറ്റി ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാക്കി മാറ്റി. ഈ നാമകരണത്തിലൂടെ ഉറച്ച മതരാഷ്ട്രമാക്കി അഫ്ഗാനെ മാറ്റാൻ തങ്ങൾ തീരുമാനിച്ചതായി താലിബാൻ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റും (ഐഎസും) തമ്മിൽ ശത്രുതയിലാണ്. അതുകൊണ്ടാണ് കാബൂൾ വിമാനത്താവളത്തിലെ സ്ഫോടനം തങ്ങളുടെ അറിവോടെ അല്ലെന്ന് താലിബാൻ പറഞ്ഞത്. ഇതിൽ നിന്നു മനസിലാവുന്നത് താലിബാൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാലും ആഭ്യന്തര കലഹങ്ങളുടെ കേളീരംഗമായി അഫ്ഗാൻ മാറുമെന്നതിൽ തർക്കമില്ല. മാത്രവുമല്ല ആരാണ് താലിബാന് സാമ്പത്തികമായും സൈനികമായും സഹായങ്ങൾ നൽകി പോരുന്നതെന്നും പ്ര­സക്തമാണ്. അത് വീണ്ടും അതിസങ്കീർണമായ അഫ്ഗാന്റെ സാമൂഹിക ജീവിതഘടനയിലേക്കാണ് വെളിച്ചംവീശുന്നത്. ഇവിടെ സുപ്രധാനമായ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് താലിബാൻ സൈന്യത്തിന് അമേരിക്ക പരിശീലിപ്പിച്ച മൂന്നരലക്ഷം വരുന്ന അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക സൈന്യത്തെ അനായാസം കീഴ്പ്പെടുത്താൻ സാധിച്ചത്? താലിബാന്റെ സൈന്യമെന്നത് ആരാണ്? എവിടെ നിന്നാണ് ഈ സൈന്യത്തിന് പരിശീലനവും ആയുധങ്ങളും ലഭിക്കുന്നത്?

തങ്ങളുടെ നാടിനെ കാർപ്പെറ്റ് ബോംബിങിലൂടെ നശിപ്പിച്ച അമേരിക്കയോടുള്ള അടങ്ങാത്ത പക ഉള്ളിൽ സൂക്ഷിക്കുന്ന ഒരുവിഭാഗം അഫ്ഗാനികൾക്ക് താലിബാനോട് ആഭിമുഖ്യമുണ്ട്. അമേരിക്കയുടെ ഫണ്ട് വാങ്ങി സൈനിക പരിശീലനം നേടി എന്നുപറഞ്ഞ അഫ്ഗാൻ ഔദ്യോഗിക സൈന്യങ്ങളിലേക്ക് പരിശീലനമോ ശമ്പളമോ ഒന്നും കാര്യക്ഷമമായി എത്തിയില്ല. ഫണ്ട് മുഴുവൻ ഇടനിലക്കാർ തട്ടിയെടുത്തു. ഭീകരമായ അഴിമതിയാണ് നടന്നത്. സൈന്യങ്ങൾക്ക് മാസങ്ങളായി ശമ്പളം പോലും നല്കിയിരുന്നില്ല. അതിർത്തി പ്രദേശങ്ങളിലെ സേനാവിന്യാസം വളരെ ദുർബലമായിരുന്നു. ഇത്തരം കാരണങ്ങളാണ് യാതൊരു രക്തചൊരിച്ചിലും കൂടാതെ അഫ്ഗാനിസ്ഥാൻ കീഴടക്കാൻ താലിബാന് കഴിഞ്ഞത്.

താലിബാന്റെ സൈന്യമെന്നത് അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളുടെ കൂലിത്തല്ലുകാരാണ്. ഇവർ ആധുനിക ആയുധധാരികളും ഗോത്രമേഖലയിൽ നിന്നുള്ളവരുമാണ്. യുദ്ധപ്രഭുക്കളെന്നത് കറുപ്പും, ഹഷീഷും വൻതോതിൽ കയറ്റുമതി ചെയ്യുന്ന സമ്പന്നരാണ്. ഇവരുടെ കീഴിലുള്ള തൊഴിലാളികളെ താലിബാന്റെ ആവശ്യപ്രകാരം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അവർ ഏത് ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്ത ഗുണ്ടാസംഘങ്ങളാണ്. യഥാർത്ഥ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളോ ഒന്നും ഇക്കൂട്ടർക്ക് ബാധകമേയല്ല. പതിനാല് വയസ് കഴിഞ്ഞ പെൺകുട്ടികളെ വീടുകളിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോകുകയും താലിബാനു വേണ്ടി ചെയ്യുന്ന ജോലിയുടെ പ്രതിഫലമായി പെൺകുട്ടികളെ ഇത്തരം ഗുണ്ടകൾക്ക് കാഴ്ചവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ അറിയാവുന്നതുകൊണ്ടാണ് അമേരിക്ക പിൻമാറുകയും താലിബാൻ അധിനിവേശം നടത്തുകയും ചെയ്തതോടെ നാട്ടുകാർ ജീവനുംകൊണ്ട് നെട്ടോട്ടമോടുന്നത്. ചൈനയുൾപ്പെടെ വിവിധ രാജ്യങ്ങൾ തുറന്ന മനസോടെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. വിഷസർപ്പത്തെ പോറ്റാൻ ആരും മെനക്കെടില്ലല്ലോ. അനന്തരഫലങ്ങൾ കണ്ടറിയേണ്ടിയിരിക്കുന്നു.

(ജോയിന്റ് കൗൺസിൽ മുൻ ചെയർമാനാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.