19 April 2024, Friday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുത്തു; കൊടി നാട്ടി, വിമാനത്താവളം അടച്ചു

Janayugom Webdesk
കാബൂള്‍
August 16, 2021 9:21 am

അഫ്ഗാനിസ്താന്‍ ഇനി താലിബാന്‍ ഭരിക്കും. അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്നറിയപ്പെടുമെന്നും താലിബാന്‍ അവകാശപ്പെട്ടു. താലിബാന്റെ ഔദ്യോഗികപ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഉടനുണ്ടാകും.

താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ഗനി ബറാദര്‍ പുതിയ പ്രസിഡന്റാവുമെന്നാണ് സൂചന. ഇതോടെ രണ്ടുപതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളിലെത്തി.

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ചുറ്റിലും ആയുധധാരികളായ താലിബാന്‍ തീവ്രവാദികള്‍ അണിനിരന്നു കൊണ്ട് താലിബാന്‍ നോതാക്കള്‍ സംസാരിക്കുന്ന വീഡിയോ അല്‍ജസറീയാണ് പുറത്തുവിട്ടത്. താലിബാൻ തീവ്രവാദികൾ അഫ്ഗാന്റെ ദേശീയ പതാക മാറ്റി താലിബാന്റെ കൊടിയുയർത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാബൂൾ കൈയടക്കിയതോടെ നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിട്ടു. താജിക്കിസ്താനിലേക്കാണ് അദ്ദേഹം രക്ഷപെട്ടതെന്നാണ് സൂചന. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് സമാധാനപരമായ അധികാരക്കൈമാറ്റത്തിന് ജനകീയസര്‍ക്കാരിനുമേല്‍ താലിബാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 26 എണ്ണം രണ്ടാഴ്ചയ്ക്കുള്ളിലാണ് താലിബാന്‍ പിടിച്ചടക്കിയത്. കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. തുടര്‍ന്നാണ് താലിബന്‍ സംഘം കൊട്ടാരത്തില്‍ പ്രവേശിച്ചത്.

കൂടുതല്‍ രക്തച്ചൊരിച്ചില്‍ തടയുന്നതിനാണ് താന്‍ ഒളിച്ചോടിയതെന്ന് ഗനി പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

കാബൂള്‍ വിമാനത്താവളം വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തി. വിമാനത്താവളത്തില്‍ നേരത്തേ വെടിവെപ്പുണ്ടായതായി അഫ്ഗാനിലെ യു.എസ്. കാര്യാലയം അറിയിച്ചു. യു.എസും കാനഡയുമടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഹെലികോപ്റ്റര്‍ മാര്‍ഗം ഒഴിപ്പിച്ചു.

1996‑ലാണ് മുല്ല ഒമറിന്റെ നേതൃത്വത്തില്‍നടന്ന അപ്രതീക്ഷിത ആക്രമണത്തിലൂടെ താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചത്. അഞ്ചുകൊല്ലം ഭരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശങ്ങളും നിഷേധിച്ച താലിബാന്‍, തീവ്ര ശരിയത്ത് നിയമമാണ് രാജ്യത്ത് നടപ്പാക്കിയിരുന്നത്. തുടര്‍ന്ന്, 2001‑ല്‍ യു.എസ്. സഖ്യസേനയുടെ സഹായത്തോടെ താലിബാനെ അധികാരത്തില്‍നിന്ന് പുറത്താക്കി. പിന്നീട് സംഘടന ഒട്ടേറെത്തവണ ഒളിയാക്രമണങ്ങള്‍ നടത്തി. ഏപ്രിലില്‍ യു.എസ്. സേന പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്ന പ്രഖ്യാപനം വന്നതോടെ വീണ്ടും താലിബാന്‍ ശക്തിപ്രാപിച്ചു. മാസങ്ങള്‍കൊണ്ട് പ്രധാന നഗരങ്ങളും പ്രവിശ്യകളും പിടിച്ചു.

Eng­lish Sum­ma­ry : Tal­iban will declare islam­ic emi­rate of Afghanistan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.