
കലൈഞ്ജർ സർവകലാശാല ബിൽ രാഷ്ട്രപതിയുടെ റഫറൻസിനായി ഗവർണർ നീക്കിയതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 200 (സമ്മതപത്രം നൽകൽ) പ്രകാരം മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണറോട് നിർദേശിക്കണമെന്നും സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന മന്ത്രിസഭയുടെ നിർദേശപ്രകാരം നിർദിഷ്ട നിയമത്തിന് അനുമതി നൽകുന്നതിനുപകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കാനുള്ള ഗവർണർ ആർ എൻ രവിയുടെ തീരുമാനത്തിനെതിരെയാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണറുടെ തീരുമാനവും “അതിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അനന്തരഫലങ്ങളും” നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവും, അസാധുവും ആയി പ്രഖ്യാപിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാർ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നിർണായക നിയമങ്ങൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുന്നതിനെച്ചൊല്ലി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും അവയുടെ ഗവർണർമാരും തമ്മിലുള്ള ഭിന്നത ശ്രദ്ധയില്പെടുത്തിയ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ച കോടതി കേസ് വിധിന്യായത്തിനായി മാറ്റിവച്ചിരുന്നു. ആർട്ടിക്കിൾ 200 പ്രകാരമുള്ള ഗവർണറുടെ വിവേചനാധികാരത്തെക്കുറിച്ചും സംസ്ഥാന മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും പുറത്ത് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കാൻ അവർക്ക് കഴിയുമോ എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നുവന്നു.
രാഷ്ട്രപതിയുടെ റഫറൻസിലേക്ക് നയിച്ച തർക്കത്തിന് കാരണമായ ഏപ്രിൽ 8 ലെ സുപ്രീം കോടതി വിധി, അംഗീകാരത്തിനോ പരിഗണനയ്‌ക്കോ വേണ്ടി സമർപ്പിച്ച ബില്ലുകൾ കൈകാര്യം ചെയ്യാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും യഥാക്രമം മൂന്ന് മാസത്തെ സമയപരിധി ഏർപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.