16 April 2024, Tuesday

Related news

March 19, 2024
March 9, 2024
December 26, 2023
December 26, 2023
December 23, 2023
December 2, 2023
November 24, 2023
November 23, 2023
November 16, 2023
September 14, 2023

മുല്ലപ്പെരിയാറില്‍ ആശങ്ക താഴുന്നു; റൂൾ കർവ് പാലിക്കുന്നതിൽ തമിഴ്‌നാടിന് വീഴ്ച

എവിൻ പോൾ
ഇടുക്കി
October 31, 2021 11:01 pm

ആറ് ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്കൊഴുക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ചെറിയ തോതില്‍ കുറഞ്ഞു. അലർട്ട് ലെവലിലേക്ക് ഉയരാതെ ഇന്നലെ വൈകിട്ടോടെ ഡാമിലെ ജലനിരപ്പ് 138. 60 അടിയായി താഴ്ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാറി നിൽക്കുന്നതും സ്പിൽവേ വഴി കൂടുതൽ ജലം പുറത്തേക്കൊഴുക്കുന്നതും ജലനിരപ്പ് താരതമ്യേന കുറയാനിടയാക്കി. തമിഴ്‌നാട് ടണൽ വഴി 2350 ക്യുസെക് ജലം കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്കുള്ള ശരാശരി നീരൊഴുക്ക് 4222. 89 ക്യൂസെക് ജലമായി കുറഞ്ഞു. 2649. 67 ക്യൂസെക് ജലമാണ് സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാവിലെ വരെ ശരാശരി രണ്ട് മില്ലി മീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷവും മഴ മാറിനിന്നത് ആശ്വാസമായി. മുല്ലപ്പെരിയാറിൽ നിന്നും ജലം ഒഴുകിയെത്തിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല.

ജലനിരപ്പ് 2398.30 അടിയായി തുടരുകയാണ്. മണിക്കൂറിൽ ശരാശരി 0.735 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉല്പാദിപ്പിക്കുന്നുണ്ട്. 15.959 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഇന്നലെ രാവിലെ വരെ മാത്രം ഉല്പാദിപ്പിച്ചു. വൈദ്യുതോല്പാദനം ഉയർന്ന് നിൽക്കുന്നതും ജലനിരപ്പ് ക്രമീകരിക്കുന്നതിൽ നിർണായകമായി. അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് 7000 ഘന അടി ജലം വരെ തുറന്നു വിട്ടാൽ പോലും സുരക്ഷിതമായി തുടരുന്നതിനുള്ള ക്രമീകരണമാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കൃഷി മന്ത്രി പി പ്രസാദിനൊപ്പം മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച് സ്ഥിതി നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷം വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളിലെ ജലവിതാനവും ദിവസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു. 

പുഴയിലെ വാണിങ്ങ് ലെവലിലേക്ക് ഒരു മീറ്ററും അപായ നിരപ്പിലേക്കെത്താൻ രണ്ട് മീറ്ററും ജലനിരപ്പുയരണം. റൂൾ കർവ് 138 അടിയിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നതാധികാര സമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും കൃത്യമായ ഇടവേളകളിൽ ഫോണിൽ വിളിച്ച് സ്ഥിതിഗതി അന്വേഷിക്കുന്നുണ്ട്.
മുല്ലപ്പെരിയാർ പ്രശ്നം സംസ്ഥാന സർക്കാർ ഏറെ ഗൗരവത്തോടെ കാണുന്നതായി കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജലനിരപ്പ് റൂൾ കർവ് ആയ 138 അടിയിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാൽ എത്തിച്ചിട്ടില്ല. കേരളത്തിന്റെ താൽപ്പര്യം സംരക്ഷിച്ച് തമിഴ്‌നാടിന്റെ കാർഷിക ആവശ്യത്തിന് വെളളം നൽകുന്നതിന് കേരളം എതിരല്ലെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY: Tamil Nadu fails to com­ply with rule curve

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.