Web Desk

ന്യൂഡൽഹി

March 13, 2020, 9:52 pm

എൻപിആറിനെതിരെ പ്രമേയം പാസാക്കി ഡൽഹി; വ്യക്തത വരാതെ നടപ്പാക്കില്ലെന്ന് തമിഴ്നാട്

Janayugom Online

ദേശീയ ജനസംഖ്യാ രജിസ്റ്ററിനും, ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രമേയം പാസാക്കി ഡൽഹി സർക്കാർ. ആംആദ്മി പാർട്ടി മുതിർന്ന നേതാവും കാബിനറ്റ് മന്ത്രിയുമായ ഗോപാൽ റായി ആണ് പ്രമേയം അവതരിപ്പിച്ചത്. 70 അംഗ നിയമസഭയിലെ 62 എഎപി എംഎൽഎമാരും പ്രമേയത്തെ അനുകൂലിച്ചു. ഈ ആഴ്ച ആദ്യം കെജ്‌രിവാൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് മാറ്റിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സിഎഎയ്ക്കെതിരെ ഡൽഹി നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും ഇതുകൊണ്ട് പ്രത്യേക നേട്ടങ്ങളൊന്നും ഇല്ലെന്ന നിലപാടാണ് കെജ്‌രിവാൾ അടുത്തിടെ സ്വീകരിച്ചിരുന്നത്.

ഇതിൽനിന്നുള്ള നിലപാട് മാറ്റമാണ് ഇന്നലെ നിയമസഭയിലുണ്ടായത്. അതേസമയം രാജ്യസഭയിലെ മൂന്ന് എഎപി അംഗങ്ങളും ലോക്‌സഭയിലെ ഒരംഗവും ഡിസംബറിൽ സിഎഎയ്ക്കെതിരെ വോട്ട് ചെയ്തിരുന്നു. അതിനിടെ തമിഴ്‌നാട് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കൽ (എൻപിആർ) പ്രക്രിയ ഉടനെ ആരംഭിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തത വന്നാൽ മാത്രമെ പുതുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകാൻ കഴിയകയുള്ളൂവെന്നും സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ആർ ബി ഉദയകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻപിആർ സംബന്ധിച്ച് ന്യൂനപക്ഷവിഭാഗങ്ങളിൽ പ്രത്യേകിച്ചും മുസ്‌ലിങ്ങൾക്കിടയിൽ ഒട്ടേറെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

എൻപിആറുമായി ബന്ധപ്പെട്ട് ആധാർ, മാതാപിതാക്കൻമാരുടെ പൗരത്വ രേഖകൾ എന്നിവയിൽ ഉയർന്ന സംശയങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അറിയിപ്പോ പ്രതികരണമോ ഉണ്ടായിട്ടില്ല. എൻപിആറിന്റെ പേരിൽ തമിഴ്‌നാട് സർക്കാർ പൗരൻമാരിൽ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ലെന്നും അവരുടെ പൂർവ്വികരുടെ പൗരത്വമൊന്നും തെളിയിക്കേണ്ട ബാധ്യത ഉണ്ടാവില്ലെന്നും ഉദയകുമാർ പറഞ്ഞു. നേരത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എൻപിആർ നടപ്പിലാക്കില്ലെന്ന നിലപാട് എടുത്തിരുന്നു.

you may also like this video;