സിനിമാ വ്യവസായത്തിന് ഭീഷണിയുയര്‍ത്തി തമിഴ് റോക്കേഴ്‌സ്

Web Desk
Posted on September 18, 2019, 10:15 pm

കെ കെ ജയേഷ്

കോഴിക്കോട്: അഡ്മിനും കൂട്ടാളികളും പിടിയിലായെങ്കിലും സിനിമാ വ്യവസായത്തിന് ഭീഷണിയുയര്‍ത്തി മുന്നോട്ട് പോവുകയാണ് തമിഴ് റോക്കേഴ്‌സ്. മലയാളത്തില്‍ ഓണക്കാലത്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേ, നിവിന്‍ പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമ, ഓണത്തിന് മുമ്പ് പുറത്തിറങ്ങി ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളുടെ വ്യാജ പ്രിന്റുകളാണ് തമിഴ് റോക്കേഴ്‌സ് സൈറ്റ് അപ് ലോഡ് ചെയ്തത്. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ ഇന്റര്‍നെറ്റിലെത്തിയതോടെ ചിത്രങ്ങളുടെ വിജയത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. തിയേറ്ററുകളില്‍ നിന്നും പകര്‍ത്തിയാണ് തമിഴ് റോക്കേഴ്‌സ് പ്രധാനായും വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്നത്. ഓണച്ചിത്രങ്ങളും തിയേറ്ററില്‍ നിന്ന് പകര്‍ത്തിയതാണെങ്കിലും ശബ്ദത്തിലും ചിത്രത്തിലും മികച്ച നിലവാരമുള്ള പ്രിന്റുകളാണെന്നാണ് അറിയുന്നത്.

തമിഴ് റോക്കേഴ്‌സ് സൈറ്റിന്റെ അഡ്മിന്‍ കാര്‍ത്തിയേയും കൂട്ടാളികളെയും കുറച്ചുനാള്‍ മുമ്പ് ആന്റി പൈറസി സെല്‍ പിടികൂടിയിരുന്നു. സിനിമകളുടെ റിലീസ് ദിനം തന്നെ കോപ്പികള്‍ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ സമ്പാദിച്ചിരുന്നത്. തമിഴ് റോക്കേഴ്‌സിന്റെ പ്രധാന ബുദ്ധികേന്ദ്രമായ കാര്‍ത്തി പിടിയിലായതോടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തളരുമെന്ന് കരുതിയെങ്കിലും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട് സിനിമാ ലോകത്തെ ഞെട്ടിക്കുക തന്നെയാണ് തമിഴ് റോക്കേഴ്‌സ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. വിജയ്‌യുടെ ഉള്‍പ്പെടെ സിനിമകള്‍ ആദ്യ ദിവസം തന്നെ അപ്‌ലോഡ് ചെയ്യും എന്ന് ഭീഷണി മുഴക്കാന്‍ പോലുമുള്ള ധൈര്യം റോക്കേഴ്‌സിനുണ്ട്.

പുതിയ സിനിമകള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് ആളുകള്‍ കാണുന്നതിനനുസരിച്ചാണ് ഇവര്‍ക്ക് വരുമാനം ലഭിക്കുന്നത്. പരസ്യ ഏജന്‍സികള്‍ വഴി സൈറ്റില്‍ പരസ്യങ്ങളും സ്വീകരിക്കാറുണ്ട്. പരസ്യ വരുമാനം വരുന്ന വഴികള്‍ പരിശോധിച്ചാണ് ആന്റി പൈറസി സെല്‍ തമിഴ് റോക്കേഴ്‌സിന്റെ പ്രധാന ബുദ്ധികേന്ദ്രങ്ങളെ വലയിലാക്കിയതും. കാര്‍ത്തി ഉള്‍പ്പെടെ പിടിയിലായതോടെ തമിഴ് റോക്കേഴ്‌സിനെ കീഴടക്കിയെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും അവസാനിച്ചെന്ന് കരുതിയ തമിഴ് റോക്കേഴ്‌സ് രജനീകാന്ത് ചിത്രമായ പേട്ട ഉള്‍പ്പെടെ പുറത്തുവിട്ട് അധികൃതരെ ഞെട്ടിച്ചു. ഇപ്പോഴിതാ പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന മലയാള സിനിമാ വ്യവസായത്തെ ആശങ്കയിലാഴ്ത്തി പുതിയ മലയാള സിനിമകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.