കോവിഡില്‍ നിന്ന് രക്ഷ നേടാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ആവി പിടിക്കുന്നത് കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമല്ലെന്നും ആവിയോ മർദ്ദമുള്ള വായുവോ ശ്വസിക്കുന്നത് ശ്വാസകോശത്തിന് കേടു വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിൽ പൊതുയിടങ്ങളിൽ ആവി പിടിക്കാനുള്ള സംവിധാനങ്ങളൊരുക്കിയതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
റെയിൽവെ പൊലീസ് ആവി പിടിക്കുന്നതിനായി സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിരവധി നെബുലൈസറുകളാണ് സ്ഥാപിച്ചത്. ഒരേ നെബുലൈസർ പലരും ഉപയോഗിക്കുന്നത് വൈറസ് ബാധയേൽക്കാൻ സാധ്യത വർധിപ്പിക്കുമെന്ന് ആരോപിച്ച് ആരോഗ്യ വിദഗ്ദരും രംഗത്തെത്തിയിരുന്നു.
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാൻ ഇത്തരം പ്രവർത്തനങ്ങൾ ഇടയാക്കുമെന്നും അതിനാൽ പൊതുയിടങ്ങളിൽ ഒരിടത്തും ഇത്തരത്തിൽ നെബുലൈസറുകൾ സ്ഥാപിക്കരുതെന്നും മാ സുബ്രഹ്മണ്യൻ അഭ്യർഥിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുകയാണ് വേണ്ടത്. സ്വയം ചികിത്സയിലേക്ക് നീങ്ങുന്നത് അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY;Tamilnadu govt warns people against inhaling steam to prevent Covid-19
YOU MAY ALSO LIKE THIS VIDEO;