ഭീകരാക്രമണ മുന്നറിയിപ്പ്: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

Web Desk
Posted on August 23, 2019, 11:19 am

ന്യൂഡല്‍ഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്‌കര്‍ ഇ തോയ്ബ പാകിസ്ഥാനികള്‍ അടങ്ങുന്ന തീവ്രവാദികള്‍ ശ്രീലങ്ക വഴി തമിഴ്‌നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. കോയമ്പത്തൂര്‍, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ഒരു പാകിസ്ഥാന്‍ പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് വംശജരും അടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും
കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
കോയമ്പത്തൂര്‍ നഗരത്തില്‍ കൂടുതലായി 1500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ സുമീത് ശരണ്‍ അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
അഫ്ഗാന്‍ തീവ്രവാദികളെ കാശ്മീരില്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.