തമിഴ്‌നാട്ടില്‍ ആറ് സമുദായങ്ങളെ പട്ടികജാതി പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് നീക്കണമെന്ന് ആവശ്യം

Web Desk
Posted on October 19, 2019, 3:39 pm

ചെന്നൈ: പട്ടികജാതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടില്‍ ആറ് സമുദായങ്ങള്‍ രംഗത്ത്. തങ്ങള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളാണ് ഇത്തരമൊരു ആവശ്യത്തിലേക്ക് നയിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

കോളജ് പ്രവേശനം, തൊഴില്‍ തുടങ്ങിയവയ്ക്കുള്ള ആനൂകൂല്യങ്ങള്‍ വേണ്ടെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പള്ളാറുകള്‍, കുടുംബര്‍, ദേവേന്ദ്രകുലത്താര്‍, പന്നാടി മൂപ്പര്‍, കാളാടി തുടങ്ങിയസമുദായങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ ദേവേന്ദ്രകുല വെള്ളാര്‍ പട്ടികയില്‍ പെടുത്തണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. മുപ്പത് വര്‍ഷം മുമ്പ് വാണിയര്‍ സമുദായത്തെ പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒഴിവാക്കണമെന്നും തങ്ങളെ കൂടുതല്‍ പിന്നാക്കമായി അംഗീകരിക്കുകയും വേണമെന്ന ആവശ്യം ഉയരുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നു. അത് പോലെ തന്നെ മത്സ്യത്തൊഴിലാളികളെ പട്ടികവര്‍ഗമായി അംഗീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

പുതിയ തമിഴകം പാര്‍ട്ടി സ്ഥാപകന്‍ കെ കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഇതിനുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ആവശ്യം പരിഗണിക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരു പിന്നാക്ക വിഭാഗത്തെ മുന്നാക്കമായി അംഗീകരിക്കുന്ന ആദ്യ സംഭവമാകും.