ഡൊഡോമ: മനുഷ്യർക്കും കന്നുകാലികൾക്കും നേരെ ആക്രമണം നടത്തുന്നതിനാൽ 36 സിംഹങ്ങളെ ദേശീയോദ്യാനത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ടാൻസാനിയ തീരുമാനിച്ചു. സെറെന്‍ഗെറ്റി ദേശീയോദ്യാനത്തിലെ സഫാരി പാർക്കിലെ സിംഹങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. രാജ്യത്ത് വൻതോതിൽ വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ജീവിയാണ് സിംഹം.
പതിനൊന്ന് സിംഹങ്ങളെ ഇതിനകം തന്നെ ബുരിഗി ചാട്ടോ ദേശീയോദ്യാനത്തിലേക്ക് മാറ്റിയെന്ന് ആഫ്രിക്കൻ കൺട്രീസ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈമൺ മ്ദുമ പറഞ്ഞു. ഒരുസിംഹം മനുഷ്യരെ ആക്രമിക്കുകയാണെങ്കിൽ അതിനെ കൊല്ലുകയാണ് പതിവ്. എന്നാൽ കൂട്ടത്തോടെ ആക്രമണം നടത്തുമ്പോൾ അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിംഹങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബറിൽ ടാൻസാനിയൻ സർക്കാർ 12 സംരക്ഷിത മേഖലകൾക്കും ഏഴ് വന്യജീവി സങ്കേതങ്ങൾക്കും പ്രത്യേക പദവി നൽകിയിരുന്നു. ഏഴ് ലക്ഷം ഹെക്ടർ ഭൂമിയും വന്യജീവികളുടെ സംരക്ഷണത്തിനായും വിട്ടുകൊടുത്തു.
കഴിഞ്ഞ രണ്ട് ദശകമായി സിംഹങ്ങളുടെ എണ്ണം 43ശതമാനമായി കുറഞ്ഞിട്ടുണ്ട്. 20,000മാണ് സിംഹങ്ങളുടെ അംഗബലമെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്റെ കണക്കുകൾ പറയുന്നു.
Tanzania to relocate 36 Serengeti lions after attacks on humans and cattle
The lions, which live on the edge of the national park, will be moved to avoid conflicts with people and livestock