കപ്പ മഹോത്സവത്തില്‍ കനകക്കുന്ന്

Web Desk
Posted on April 01, 2018, 6:58 pm

സ്വന്തം ലേഖിക

തിരുവനന്തപുരം: കപ്പയെന്ന് കേള്‍ക്കുമ്പോള്‍ അത്ര വില നല്‍കാത്തവര്‍ കനകക്കുന്നിലേക്ക് പോകണം. അവിടെ കാണാം കപ്പയുടെ രാജകീയ പദവി. ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കാന്‍ മത്രമല്ല അതിലേറെ പലതും ചെയ്യാന്‍ കപ്പയ്ക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് കനകക്കുന്നില്‍ നടക്കുന്ന കപ്പ മഹോത്സവം.
സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള വിവിധ സംഘടനകള്‍, കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രവും ജൈവ കര്‍ഷകരും കാര്‍ഷികസംഘങ്ങളുമെല്ലാം ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന കപ്പ മഹോത്സവത്തില്‍ കപ്പ മാത്രമല്ല കിഴങ്ങ് വര്‍ഗങ്ങളും ജൈവ പച്ചക്കറികളുമെല്ലാം ഒരുക്കിയിട്ടുണ്ട്. പുതു തലമുറയക്ക് അന്യമായ കിഴങ്ങുവര്‍ഗങ്ങള്‍ വരെ ഇവിടെ കാണാം. ആനമറവന്‍, കൊട്ടാരക്കര ഉമ്മന്‍, സുന്ദരിവെള്ള, മുട്ടക്കപ്പ തുടങ്ങി അമ്പതോളം കപ്പയിനങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നനകിഴങ്ങ്, മധുരക്കിഴങ്ങ്,കുവ, കാച്ചില്‍, ചേന, മധുരക്കിഴങ്ങ് എന്നിവയുടെ വിവിധയിനങ്ങള്‍ ഇവിടയുണ്ട്. കാച്ചില്‍ വിഭാഗത്തില്‍ തന്നെ പത്തോളം വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ മേളയില്‍ ഉണ്ട്.
കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വികസിപ്പിച്ചെടുത്ത കപ്പയില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാണ് മറ്റൊരു ആകര്‍ഷണം. പാസ്ത, വറ്റലുകള്‍, അരിപ്പൊടി, സ്‌പെഗട്ടി തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിരിക്കുന്നു. ഇവ എങ്ങനെ നിര്‍മിക്കാം എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരണവും ലഭിക്കും. ശ്രീകാര്യത്തെ സിടിസിആര്‍ഐ കപ്പയില്‍ നിന്ന് ഉണ്ടാക്കാവുന്ന ആല്‍ക്കഹോള്‍, പശ തുടങ്ങിയവയെക്കുറിച്ചും വിശദമാക്കുന്നു.


കപ്പയില്‍ നിന്നുണ്ടാക്കുന്ന ആല്‍ക്കഹോളില്‍ നിന്ന് മരുന്നുകള്‍, മദ്യം എന്നിവ നിര്‍മിക്കാന്‍ സാധിക്കും. പക്ഷേ വാണിജ്യാടിസ്ഥാനത്തില്‍ ഇവ നിര്‍മിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്നു മാത്രം. കപ്പയില്‍ നിന്നുണ്ടാക്കാവുന്ന പശയും മറ്റും കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്നവയാണ്.
ചക്കയിലും വാഴയിലും 101 വിഭവങ്ങള്‍ ഉണ്ടാക്കിയ റഫീക്ക് ഒരുക്കുന്ന 202 കപ്പ വിഭവങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. സദ്യയുടെ എല്ലാ വിഭവങ്ങളുമുള്ള കപ്പ ഊണ്, ഓരോ ജില്ലയിലെയും വൈവിധ്യമാര്‍ന്ന നാല് മണിപ്പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 101 കപ്പ പലഹാരങ്ങള്‍ എന്നിവയാണ് രുചിയുടെ പുതിയ കൂട്ടൊരുക്കുന്നത്. കപ്പ സൂപ്പ്, കപ്പ പുഡിംഗ്, കപ്പ ഉണ്ണിയപ്പം, ബിരിയാണി തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. 125 രൂപയാണ് ഒരു കപ്പ ഊണിന്റെ വില. കപ്പയുടെ രുചിമേളം തീര്‍ക്കുന്നഭക്ഷ്യ മേളയില്‍ വന്‍ തിരക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്.
മണ്‍പാത്രങ്ങളുടെയും മുളയില്‍ നിര്‍മിച്ച കുട്ട പോലുള്ള ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി ഇവിടെ എത്തിച്ചിരിക്കുന്നു. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. ഈ മാസം 8 വരെയാണ് കപ്പമഹോത്സവം.