Janayugom Online
tapping machine

ടാപ്പിങ് എളുപ്പമാക്കും സക്കറിയയുടെ ഈ സാങ്കേതികവിദ്യ

Web Desk
Posted on November 07, 2018, 3:35 pm

കോട്ടയം: റബര്‍ ഉത്പാദന രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന കണ്ടുപിടുത്തവുമായി പാലാ സ്വദേശി സക്കറിയാസ് മാത്യു. അനായാസം ടാപ്പിംഗ് നടത്തുന്നതിനുള്ള യന്ത്രമാണ് ഇദ്ദേഹം വികസിപ്പിച്ചെടുത്ത് പേറ്റന്റ് എടുത്തിരിക്കുന്നത്. ടാപ്പിംഗ് രംഗത്ത് തൊഴിലാളി ക്ഷാമത്തിന് പരിഹാരവും ഒപ്പം അധിക ഉത്പാദനവും ഇതിലൂടെ സാധ്യമാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന റബര്‍ ടാപ്പിംഗ് യന്ത്രമാണ് BH-RT 2000. 2.3 കിലോഗ്രാം ഭാരമുള്ള ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറില്‍ 225 മുതല്‍ 240 വരെ മരങ്ങള്‍ ടാപ്പു ചെയ്യാനാകുമെന്നാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത പാലാ മൂഴൂര്‍പ്പള്ളി സ്വദേശി സക്കറിയാസ് മാത്യു പറയുന്നത്.

ഇതിലൂടെ റബര്‍ പാലുത്പാദനത്തില്‍ 15 മുതല്‍ 18 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും ടാപ്പിംഗിലൂടെ മരത്തിന് കേടുപാടുണ്ടാകില്ലെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. പട്ടയോട് ചേര്‍ത്ത് യന്ത്രം പിടിച്ചാല്‍ തനിയെ ടാപ്പിംഗ് നടക്കുമെന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും ഇത് അനായാസം ഉപയോഗിക്കാനാകും. ഒരു മില്ലീമീറ്റര്‍ മുതല്‍ 4 മില്ലീമീറ്റര്‍ വരെ കനം അഡ്ജസ്റ്റ് ചെയ്ത് ടാപ്പിംഗ് നടത്താനുമാകും.
13 ലക്ഷത്തോളം റബര്‍ കര്‍ഷകരുള്ള ഇന്ത്യയില്‍ 30 ശതമാനം തോട്ടങ്ങള്‍ തൊഴിലാളി ക്ഷാമം മൂലം ടാപ്പിംഗ് മുടങ്ങിക്കിടക്കുമ്പോള്‍ ഈ യന്ത്രം വളരെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. രണ്ടു വര്‍ഷത്തെ ഗ്യാരന്റി, ഏത് കാലാവസ്ഥയിലും അനുയോജ്യം, രണ്ടു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജിംഗ്, റബര്‍ പട്ട കാണാന്‍ എല്‍ഇഡി ലൈറ്റുകള്‍, എന്നിവയും ആ യന്ത്രത്തിന്റെ പ്രത്യേകതയാണ്. മുംബൈ കേന്ദ്രമായുള്ള ബോലോ നാഥ് കമ്പനിയാണ് മെഷീന്‍ ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നത്. 30,000 രൂപയാണ് മെഷീന്റെ വിപണി വില. വിപണി പ്രവേശനത്തിന്റെ ഭാഗമായി പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാക്കുന്നുണ്ട്. സക്കറിയാസ് മാത്യു മുംബൈയില്‍ സെന്‍സോ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ്. വിവിധ കണ്ടു പിടുത്തങ്ങളുടെ പേരില്‍ അന്തര്‍ദേശീയ തലത്തില്‍ 30 പേറ്റന്റുകള്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
യന്ത്രത്തിന്റെ വിപണി പ്രവേശനം കോട്ടയത്ത് നടന്നു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ യന്ത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദ്യവില്‍പ്പന നിര്‍വഹിച്ചു. സക്കറിയാസ് മാത്യു യന്ത്രം പരിചയപ്പെടുത്തി. ഫാ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ബോലോനാഥ് മാനുഫാക്ചറിംഗ് കമ്പനി പ്രതിനിധികളായ അംബര്‍ കൊയ്‌രി, വിവേക് കൊയ്‌രി തുടങ്ങിയവര്‍ പ്രസംഗിച്ചു.