തപ്‌സിയുടെ തലയ്ക്ക് നല്ല സുഖമില്ലെന്ന് പ്രേക്ഷകന്‍; കിടിലന്‍ മറുപടിയുമായി നടി

Web Desk
Posted on July 20, 2019, 2:33 pm

ബോളിവുഡ് നടി കരീന കപൂര്‍ ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല. മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ ടി വി റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജാണ്. ഷോയുടെ ഓരോ എപ്പിസോഡിനും താരം വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ഒരു ദേശീയ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ടിവി പരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി കരീനയാണെന്നാണ് പറയുന്നത്.

Kareena_Kapoor
അതേ സമയം കഠിനമായ അധ്വാനമാണ് ടിവിയില്‍ ജോലി ചെയ്യുമ്‌ബോഴെന്നും ഒരു ആണ്‍ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും കരീന പറഞ്ഞു. ‘സിനിമയില്‍ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മിനിസ്‌ക്രീനിലാണ്. തീര്‍ച്ചയായും ഞാനര്‍ഹിക്കുന്ന തുക തന്നെയാണ് എനിക്ക് ലഭിക്കുന്നത്’, കരീന പറഞ്ഞു. ഡാന്‍സ് ഇന്ത്യ ഡാന്‍സിനു മുമ്ബും കരീനയ്ക്ക് ടിവി പരിപാടികളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ’12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മയുമായതിനാല്‍ എനിക്ക് അവനോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമുര്‍ അത്താഴം കഴിക്കും മുമ്ബ് എനിക്ക് വീടെത്തണം.
ആ സമയം എനിക്കും അവനും മാത്രമുള്ളതാണ്. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനു പോകുമ്‌ബോള്‍ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം. എന്നാലും പരമാവധി സമയം കണ്ടെത്താറുണ്ട്.‘കരീന പറയുന്നു.

അമല പോള്‍ ബോള്‍ഡ് ലുക്കിലെത്തുന്ന ആടൈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മുടങ്ങി. ഇന്ന് രാവിലെ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്, നൂണ്‍ ഷോകള്‍ ആണ് മുടങ്ങിയത്. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ശരിയാക്കാം എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണിതെന്ന് സൂചന. കെ.ഡി.എം. ലഭിക്കാത്തതിനെ തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ നിരാശയിലാണ്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ പകരം മറ്റൊരു ഷോ നല്‍കി ഒത്തുതീര്‍പ്പാക്കാനാണ് നീക്കം. അമല പോള്‍ നഗ്‌നയായെത്തി പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച ടീസറാണ് ചിത്രത്തെപ്പറ്റി ഉദ്വേഗം നിറച്ചത്. സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തില്‍ മുറിവുകളുമായി അര്‍ധനഗ്‌നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററില്‍. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയായിരുന്നു. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിനായി വന്‍ മേക്കോവറാണ് അമല നടത്തിയത്.

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഷൈലോക്ക്’ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ കൊമേഴ്‌സ്യല്‍ വിജയങ്ങളിലൊന്നായ ‘രാജമാണിക്യ’ത്തിന്റെ അതേ സ്‌റ്റൈലില്‍ ഒരുങ്ങുന്ന സിനിമയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ മാനറില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം രാജമാണിക്യം 2 ആയിരിക്കുമെന്ന രീതിയില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രൊജക്ട് ചിന്തയിലുണ്ടായിരുന്നെങ്കിലും അത് വര്‍ക്കൌട്ടായില്ല. എന്നാല്‍ ആ സിനിമയുടെ അതേ ഫ്‌ലേവറില്‍ മറ്റൊരു പ്രൊജക്ടെന്ന ആലോചനയാണ് ഒടുവില്‍ ഷൈലോക്കില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് റിലീസായി ഷൈലോക്ക് പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. ഡാര്‍ക്ക് ഷേഡുകളുണ്ടെങ്കിലും രസിപ്പിക്കുന്ന നായകനായി തന്നെയാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നേരത്തേ ‘പരുന്ത്’ എന്ന ചിത്രത്തില്‍ സമാനമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി പ്രദര്‍ശനത്തിനെത്തുന്ന ഷൈലോക്കില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ തമിഴ് നടന്‍ രാജ്കിരണ്‍ അവതരിപ്പിക്കുന്നു. മീനയാണ് നായിക. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഷൈലോക്കിന്റെ ചിത്രീകരണം ഓഗസ്റ്റ് ഏഴാം തീയതി ആരംഭിക്കും.

tapsee

നടി തപ്‌സി പന്നുവിനെക്കുറിച്ചുള്ള ട്രോളും അതിന് നടി നല്‍കിയ കിടിലന്‍ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഓം സിങ് യാദവ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തപ്‌സി ഒരു ചീപ്പ് ആക്ടറാണെന്നും തലയ്ക്ക് നല്ല സുഖമില്ലാത്തയാളാണെന്നും ട്വീറ്റുകള്‍ വന്നത്. പരിഹാസം അതിരു കടന്നതോടെ തപ്‌സി തന്നെ ഇതിനെതിരെ ട്വീറ്റ് ചെയ്ത് രംഗത്തെത്തി. ശരിയാണ് സര്‍ എപ്പോഴാണ് അങ്ങയുടെ തെറാപ്പി ചികിത്സ എനിക്ക് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് വിലയേറിയ ഒരു അഭിനേത്രിയായി തീരുന്നതെന്നും പറഞ്ഞുതന്നാലും തപ്‌സി ട്വീറ്റ് ചെയ്തു. അതേസമയം ഇത്തരം ട്രോളുകള്‍ വെറുതെ സമയം കൊല്ലികളാണന്നും ഇതിനൊന്നും മറുപടി കൊടുക്കേണ്ട യാതൊരു ബാധ്യതയും നടിക്കില്ലെന്നുമാണ് ചില ആരാധകര്‍ കമന്റ് ചെയ്യുന്നത്.

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രം ഓഗസ്റ്റ് 15ന് റിലീസിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് തിയതി നീട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
പുതിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 30ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിയതെന്നാണ് അറിയാന്‍ സാധിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധാ കപൂറാണ് നായിക.
മലയാള നടന്‍ ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. യുവി ക്രിയേഷന്റെ ബാനറില്‍ വസിം പ്രമോദാണ് ചിത്രം നിര്‍മിക്കുന്നത്.

YOU MAY LIKE THIS VIDEO ALSO