June 26, 2022 Sunday

ആദായ നികുതി വകുപ്പ്‌ വിജയ്നെ കസ്റ്റഡിയിൽ എടുത്തെങ്കിലും ലക്ഷ്യമിടുന്നത്‌ തമിഴിലെ ആ വമ്പൻ സ്രാവിനെ

By Janayugom Webdesk
February 6, 2020

തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇളയദളപതി വിജയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഉന്നമിടുന്നത് തമിഴ് സിനിമ മേഖലയിൽ കോടികളുടെ വെട്ടിപ്പ് നടത്തുന്ന കൊള്ളപ്പലിശക്കാരെ. അങ്ങനെയൊരു കുപ്രസിദ്ധമായ പേരാണ് അൻപുചെഴിയൻ. വിജയുടെ ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 കേന്ദ്രങ്ങളിലെ റെയ്ഡിന് പുറമേ, അൻപുചെഴിയന്റെ സ്ഥാപനങ്ങളിലും ഐടി റെയ്ഡ് നടന്നു. ആരാണ് അൻപുചെഴിൻ എന്നൊരു സംശയം കാണും. തമിഴ് സിനിമ മേഖലയിലെ പണമൊഴുക്കുന്ന വൻസ്രാവാണ് അൻപുചെഴിയൻ. വൻകിട പ്രൊഡക്ഷൻ ഹൗസുകളുടെ പിന്നിൽ പണമൊഴുക്കി കളിക്കുന്നതും ഇയാൾ തന്നെ.

സിനിമാ നിർമ്മാതാവ് ബി അശോക് കുമാറിന്റെ മരണവാർത്ത 2017ൽ തമിഴ് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അശോക് കുമാറിനെ ചെന്നൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പലിശക്കാരുടെ ശല്യത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നത് അശോക് കുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ സിനിമാ പ്രവർത്തകർക്കിടയിൽ പണമിടപാടു നടത്തുന്ന അൻപുചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു, പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള ഇയാൾ നിർമ്മാണ കമ്പനിക്ക് നൽകിയ വായ്പയുടെ പലിശയായി കൂടുതൽ പണമീടാക്കിയതായും അശോക് കത്തിൽ പറഞ്ഞു.

ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത് ഇങ്ങനെ:

‘രണ്ടു വഴികൾ മാത്രമാണ് ഇനി എന്റെ മുന്നിലുള്ളത്. അയാളെ കൊല്ലുക, അല്ലെങ്കിൽ സ്വയം ആത്മഹത്യ ചെയ്യുക. ആദ്യത്തേത് ഞാൻ തിരഞ്ഞെടുക്കില്ല കാരണം ഞാൻ ചെയ്യുന്ന പാപത്തിന് ഒരു കുടുംബമായിരിക്കും ദുരിതം അനുഭവിക്കുക. അതിനാൽ ആത്മഹത്യ ചെയ്യുന്നു. എനിക്ക് ഒരു നല്ല കുടുംബമുണ്ടായിരുന്നു. പക്ഷേ ഞാൻ അവർക്ക് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല. ശശികുമാർ എനിക്ക് ദൈവത്തേക്കാൾ വലിയവനാണ്.

പലിശക്കാരനായ അൻപുചെഴിയന്റെ കയ്യിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് സിനിമാ ആവശ്യത്തിനായി പണം കടം വാങ്ങി. അയാൾ ചോദിച്ച പലിശ ഞാൻ നൽകിയിട്ടുണ്ട്. നിയമപരമായി നേരിട്ടാലും ഞാൻ ജയിക്കില്ല. കാരണം അവരൊക്കെ വലിയ ആളുകളാണ്.ഇനി പലിശക്കാർ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാൻ എനിക്ക് ധൈര്യമില്ല. എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കില്ല. ശശികുമാർ എന്നോട് ക്ഷമിക്കണം, കള്ളന്മാരുടെ ഇടയിൽ തനിച്ചാക്കി പോകുന്നതിന്.

ആരാണ്‌ അൻപുചെഴിയൻ?

ബോളിവുഡിന് ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം എങ്ങനെയായിരുന്നോ അതുപോലെയാണ് കോളിവുഡിൽ അൻപുചെഴിയൻ എന്ന് സിനിമാ മേഖലയിൽ ഉള്ളവർ പറയാറുണ്ട്. രാമനാഥപുരം ജില്ലയിലെ കമുദി സ്വദേശിയായ ഇയാൾ 1990 കളുടെ ആദ്യം മധുരയിലേക്ക് താമസം മാറി. ഫിലിം റീലുകൾ ചുമലിലേന്തി നടക്കുന്നതാണ് അൻപുചെഴിയന്റെ ആദ്യകാല സിനിമാബന്ധം. പതിയെ സഹപ്രവർത്തകർക്ക് പണം കടം കൊടുക്കലായി. 5000 രൂപയുടെ ആ ബിസിനസ് പിന്നീട് മധുരൈ-രാമനാഥപുരം സർക്കിളിലെ തിയേറ്റർ ഉടമകൾക്ക് സിനിമാ റിലീസിന് പണം നൽകുന്ന നിലയിലേക്ക് വളരുകയായിരുന്നു. തിയേറ്റർ ഉടമകളെ പേടിപ്പിച്ച് മൂന്നുദിവസത്തിനകം പലിശ സഹിതം വാങ്ങിയെടുക്കാൻ സമർഥനായിരുന്നു. ജയലളിതയുമായി അടുപ്പമുള്ള അധികാരകേന്ദ്രവുമായി ബന്ധംസ്ഥാപിച്ച്‌
സംസ്ഥാനത്തിന്റെ ദക്ഷിണമേഖലയിൽ പല സിനിമകളുടെയും വിതരണാവകാശം നേടിയെടുത്തു. ഏതുപാർട്ടിക്കാർ അധികാരത്തിലിരുന്നാലും ആ അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു.

‘നമിത’ അഭിനയിച്ച ജഗന്മോഹിനി സിനിമയ്ക്ക് ക്ലാപ്പടിച്ചത് അന്നത്തെ കേന്ദ്ര മന്ത്രി എം.കെ.അഴഗിരിയായിരുന്നു. പിന്നീട് അൻപുചെഴിയൻ എഐഎഡിഎംകെ അംഗമായി എന്നും പറയുന്നു. 2011 ഡിസംബറിൽ മധുര റൂറൽ പൊലീസ് ഇയാളെ അറസ്റ്റ്‌ചെയ്തു. വധശ്രമം, ക്രിമിനൽ ഭീഷണി, വഞ്ചന എന്നിവയായിരുന്നു കുറ്റങ്ങൾ. ‘മീശൈ മകൻ’ എന്ന സിനിമ നിർമ്മിക്കാൻ
എസ്.വി.തങ്കരാജ് 20 ലക്ഷം വായ്പ വാങ്ങിയിരുന്നു. രണ്ട് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിലും ലെറ്റർ പാഡിലുമായി ഒപ്പും 8 ചെക്കും വാങ്ങിയ ശേഷമായിരുന്നു പണം കൈമാറിയത്. 30 ശതമാനം പലിശ ഈടാക്കി. പരാതിക്കാരൻ ഒരുകോടി വരെ നൽകിയിട്ടും അൻപുചെഴിയൻ ഭീഷണി തുടർന്നു. അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റപത്രത്തിലേക്കും മറ്റും കാര്യങ്ങൾ നീങ്ങിയില്ല. അൻപുചെഴിയനെ ആരുതൊടാൻ? ഇപ്പോൾ കാലം മാറി കഥ മാറി.

Eng­lish summary:Target behind the cus­tody of Vijay

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.