24 April 2024, Wednesday

വിരമിക്കലിനെ കുറിച്ച് ചിന്തയില്ല; ലക്ഷ്യം ലോകകപ്പും പാരീസ് ഒളിംപിക്‌സും: പി ആര്‍ ശ്രീജേഷ്

Janayugom Webdesk
കൊച്ചി
September 8, 2021 7:11 pm

വിരമിക്കലിനെ കുറിച്ച് ചിന്തയിലില്ലെന്ന് ഹോക്കി ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ്. അടുത്ത വര്‍ഷം ഇന്ത്യയിലെ ഒഡീഷയില്‍ നടക്കുന്ന വേള്‍ഡ് കപ്പ് ഹോക്കിയിലും 2024 പാരിസ് ഒളിംപിക്‌സിലും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പിആര്‍ ശ്രീജേഷ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു ശ്രീജേഷ്. ഹോക്കിയില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുളള സമയം ആയിട്ടില്ല. മികച്ച രീതിയില്‍ ഹോക്കി കളിക്കുകയെന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യം. കളി മതിയാക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. പരിക്കിന് പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ട് പോകുവാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ച് ഗോള്‍പോസ്റ്റ് കാക്കുവാന്‍ സാധിക്കും. ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുവാന്‍ സാധിച്ചതോടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പറയാനാകില്ല.

ലോകകപ്പ് ഹോക്കി കിരീടമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. ഇന്ത്യയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതിനെല്ലാം മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും അടക്കമുളള വലിയ ടൂര്‍ണമെന്റുകള്‍ കളിക്കേണ്ടതുണ്ട്. വലിയ ലക്ഷ്യങ്ങളിലേയ്ക്ക് ഉന്നം പിടിക്കാതെ തൊട്ട് മുന്നിലുള്ള മത്സരത്തിന് തയാറെടുക്കുകയാണ് വേണ്ടത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പാരീസ് ഒളിംപിക്‌സിലേയ്ക്ക് നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരംകൂടിയാണ്. യോഗ്യത മത്സരങ്ങള്‍ക്ക് നില്‍ക്കാതെ ഒളിംപിക്‌സ് ടിക്കറ്റ് ഉറപ്പിക്കുന്നതിന് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം നിര്‍ണായകമാകുമെന്നും ശ്രീജേഷ് പറഞ്ഞു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി നോക്കുന്നത് കൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കായിക സംസ്‌കാരം കൂടുതല്‍ വളര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. മികച്ച കായിക പ്രതിഭകളെ വിദ്യാലയങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തി അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് വേണ്ടത്. ഇതിന് മികച്ച കായിക അധ്യാപകരെ ആദ്യം കണ്ടെത്തേി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും ശ്രീജേഷ് പറഞ്ഞു.

ENGLISH SUMMARY: Tar­get World Cup and Paris Olympics: PR Sreejesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.