താരിഖ് അന്‍വര്‍ എന്‍സിപി വിട്ടു

Web Desk
Posted on September 28, 2018, 10:29 pm

ന്യൂഡല്‍ഹി: എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ലോക്‌സഭാ എം പി സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ചു പ്രസ്താവന നടത്തിയ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോഡിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് ജനങ്ങള്‍ക്ക് സംശയമില്ലെന്നായിരുന്നു മറാത്തി ചാനലിനോട് പവാര്‍ നടത്തിയ പ്രതികരണം.
കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പവാറിന്റെ പ്രസ്താവന ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ബിഹാറിലെ കത്തിഹാറില്‍നിന്നുള്ള എം പിയായ താരിഖ് അന്‍വര്‍, പവാറിന്റെ അടുത്ത അനുയായി കൂടിയാണ്. സോണിയയുടെ വിദേശപൗരത്വം ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ട് എന്‍സിപി രൂപവത്കരിച്ചത് പവാറും സാങ്മയും താരിഖ് അന്‍വറും ചേര്‍ന്നായിരുന്നു.