Web Desk

ന്യൂഡല്‍ഹി

November 23, 2020, 6:17 pm

അസം മുൻ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി അന്തരിച്ചു

Janayugom Online

അസം മുൻ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി അന്തരിച്ചു. ഗുവാഹത്തിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് മുക്തനായെങ്കിലും അതിനെ തുടര്‍ന്നുളള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. 86 വയസായിരുന്നു.ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഓഗസ്റ്റ് 25 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗൊഗോയിയെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷം അദ്ദേഹം കോവിഡിൽ നിന്ന് മുക്തനായി. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവംബര്‍ രണ്ടിനാണ് തരുണ്‍ ഗൊഗോയിയെ ഗുവാഹട്ടിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുൺ ഗൊഗോയ്. 1976‑ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് നരസിംഹറാവുവിന്‍റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി.