മോഡിക്കെതിരെ ലേഖനമെഴുതിയ തസീറിന്റെ പൗരത്വ കാർഡ് റദ്ദാക്കി

Web Desk
Posted on November 08, 2019, 9:59 pm

ന്യൂഡൽഹി: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ആതിഷ് തസീറിന്റെ പൗരത്വ കാർഡ് കേന്ദ്ര സർക്കാർ റദ്ദാക്കി. ആതിഷ് തസീറിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.  ആതിഷിന്റെ പിതാവ് പാകിസ്ഥാനിൽ ജനിച്ചയാളാണെന്ന് കാണിച്ചാണ് പൗരത്വം റദ്ദാക്കിയത്. കഴിഞ്ഞ മെയ് മാസത്തിൽ ടൈം മാസികയിൽ പ്രധാനമന്ത്രി മോഡിയെ വിമർശിച്ച് ആതിഷ് എഴുതിയ ലേഖനം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതേസമയം തനിക്ക് വിശദീകരണം നൽകാൻ സർക്കാർ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു. മാധ്യമപ്രവർത്തകയും ഇന്ത്യക്കാരിയുമായ തവ്ലീൻ സിങ്ങിന്റേയും പാകിസ്ഥാൻ സ്വദേശിയായ സൽമാൻ തസീറിന്റേയും മകനാണ് ആതിഷ് തസീർ. ബ്രിട്ടണിലാണ് ആതിഷ് ജനിച്ചത്.

പിതാവിന്റെ ജന്മസ്ഥലം പാകിസ്ഥാൻ എന്നാണ് ആതിഷ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് നിലനിർത്തുന്നതിൽ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒസിഐ കാർഡിനുള്ള അർഹത നഷ്ടമായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു.

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വിസയില്ലാതെ ഇന്ത്യയിൽ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നൽകുന്ന പൗരത്വ സംവിധാനമാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്. ഇന്ത്യയിൽ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവർക്കുണ്ട്. യുകെ പൗരനായ തസീറിന് 2015 വരെ ഇന്ത്യൻ വംശജൻ എന്ന കാർഡുണ്ടായിരുന്നു. എന്നാൽ പിന്നീട് ഗവൺമെന്റ് ഇത് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡുമായി ബന്ധിപ്പിച്ചു.  ടൈം മാസികയിൽ ആതിഷ് എഴുതിയ ലേഖനവും ഈ നടപടിയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആതിഷ് എഴുതിയ ടൈം മാസിക ലേഖനം ഇന്ത്യയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരുന്നു. ഒന്നാം മോഡി സർക്കാരിന്റെ ഭരണകാലത്തെ രൂക്ഷമായി വിമർശിക്കുന്ന ലേഖനത്തിൽ മോഡിയെ ഭിന്നിപ്പിന്റെ തലവൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ലേഖനം വന്നതിന് ശേഷം ആതിഷിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ആക്രമണം നടന്നിരുന്നു. പാകിസ്ഥാൻ അജണ്ടയുടെ ഭാഗമായാണ് ആതിഷ് ലേഖനമെഴുതിയതെന്നായിരുന്നു ബിജെപി ആരോപണം. ലേഖകൻ പാകിസ്ഥാനി രാഷ്ട്രീയ കുടുംബാംഗമാണെന്നും അയാളുടെ വിശ്വാസ്യതയ്ക്ക് അത് മതിയെന്നുമായിരുന്നു മോഡിയുടെ പ്രതികരണം.