Web Desk

ന്യൂഡല്‍ഹി

December 23, 2020, 9:23 pm

അൾട്രോസിന്റെ ടര്‍ബോ പതിപ്പ് ജനുവരിയില്‍ വിപണിയിലെത്തും

Janayugom Online

ടാറ്റ മോട്ടോഴ്സിന്റെ പ്രീമിയം ഹാച്ച്ബാക്കായ അൾട്രോസിന്റെ ടര്‍ബോ പതിപ്പ് 2021 ജനുവരിയില്‍ വിപണിയിലെത്തും. 2020 ജനീവ ഓട്ടോഷോയില്‍ ടര്‍ബോ എന്‍ജിന്‍ മോഡല്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വാഹനമാണ് 2021 ജനുവരി 13 ന് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്. അള്‍ട്രോസിന്റെ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വേരിയന്റിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പുതിയ വേരിയന്റിനൊപ്പം പുതിയ ബോഡി കളറും ടാറ്റ അള്‍ട്രോസിന് നല്‍കുന്നുണ്ട്. നിലവിലുള്ള അള്‍ട്രോസുമായി ലുക്കിലോ ഇന്റീരിയറിലോ മാറ്റങ്ങളൊന്നും തന്നെയില്ല. മെക്കാനിക്കല്‍ ഫീച്ചറിലും എന്‍ജിനിലുമാണ് കമ്പനി മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് പുതിയ അള്‍ട്രോസില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇത് 109 എച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും നല്‍കുന്നു. 1500rpm-5500 rpm ഇടയിലാണ് ഈ കരുത്ത് കിട്ടുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സ് ഓപ്ഷ്യനുകളില്‍ വാഹനം ലഭ്യമാകും. ടര്‍ബോ ബാഡ്ജിങ് പിന്‍വശത്ത് നല്‍കിയിട്ടുണ്ട്.

ടാറ്റ അള്‍ട്രോസാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ അഞ്ചും കുട്ടികളുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങും വാഹനത്തിന് ലഭിച്ചു. ടാറ്റയുടെ ആള്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ വേരിയന്റിലും രണ്ട് എയര്‍ ബാഗ്, എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ നല്‍കിയിട്ടുണ്ട്. സുരക്ഷയിലും മറ്റ് ഫീച്ചറുകളിലും ഗോള്‍ഡ് സ്റ്റാന്‍ഡേഡ് കാത്തുസൂക്ഷിക്കുന്ന കാറാണ് അള്‍ട്രോസ് എന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് 100 ശതമാനം ശരിയെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളും.

Eng­lish sum­ma­ry: TATA Altroz tur­bo petrol model

You may also like this video: