June 6, 2023 Tuesday

Related news

May 17, 2023
May 6, 2023
April 10, 2023
April 4, 2023
March 27, 2023
March 19, 2023
March 9, 2023
March 7, 2023
February 27, 2023
February 25, 2023

എയർ ഇന്ത്യയെ റാഞ്ചാൻ വീണ്ടും ടാറ്റ

Janayugom Webdesk
December 14, 2019 10:26 pm

ബേബി ആലുവ

കൊച്ചി: എയർ ഇന്ത്യയെ വീണ്ടും ലേലത്തിനു വയ്ക്കാനുള്ള നീക്കത്തിനു വേഗത വർദ്ധിച്ചതോടെ, വിൽപ്പനയ്ക്കു ശേഷമുള്ള കമ്പനിയുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് വൈമാനികരടക്കമുള്ളവരുടെ വൻ കൊഴിഞ്ഞുപോക്ക്. ശമ്പള വർദ്ധനവും പ്രമോഷൻ സാദ്ധ്യതകളും നിലച്ചതാണ് കാരണമായി പുറമെ പറയുന്നതെങ്കിലും എയർ ഇന്ത്യയെ റാഞ്ചാൻ മുൻ ഉടമകളായ ടാറ്റാ ഗ്രൂപ്പ് രംഗത്തെത്തിയതിനോടുള്ള എതിർപ്പാണ് രാജിക്കു പിന്നിലെന്നാണ് വിവരം. 58,000 കോടി രൂപയുടെ ബാദ്ധ്യതയുള്ള എയർ ഇന്ത്യയെ വിറ്റ് കയ്യൊഴിയാൻ 2018‑ൽ ഒന്നാം നരേന്ദ്ര മോഡി സർക്കാർ തീരുമാനിച്ചെങ്കിലും, വാങ്ങാൻ ആരും എത്താതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ ആകർഷകമായ വ്യവസ്ഥകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഈ മാസം വീണ്ടും ലേലം നടത്താൻ കേന്ദ്രം മുതിരുന്നത്.

76 ശതമാനം ഓഹരികൾ വിറ്റ് 24 ശതമാനം കൈവശം വയ്ക്കാനായിരുന്നു പഴയ ആലോചന. എന്നാൽ ഇക്കുറി മുഴുവൻ ഓഹരികളും വിൽക്കാനും, ലാഭത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ സബ്സിഡിയർ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യക്ക് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സും വിൽപ്പനയിൽ ഉൾപ്പെടുത്താനുമാണ് തീരുമാനം. കമ്പനിയുടെ സാമ്പത്തിക ബാദ്ധ്യതയിൽ നല്ലൊരു പങ്ക് സർക്കാർ ഏറ്റെടുക്കുന്നു എന്നതും നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാന ചേരുവകളിലൊന്നായി. കമ്പനിയുടെ മൊത്തം കടബാദ്ധ്യതയിൽ 29,400 കോടിയുടെ കടമാണ് കേന്ദ്രം ഏറ്റെടുക്കുന്നത്. ബാദ്ധ്യതയിൽ 12,500 കോടി വിമാനങ്ങൾ വാങ്ങാനെടുത്ത വായ്പകളും അതിന്റെ പലിശയുമാണ്. എയർ ബസിന് 5500 കോടിയും ബോയിങ്ങിന് 7000 കോടിയും നൽകാനുള്ളതിന് 10 വർഷത്തെ സാവകാശമുണ്ട്. ഇതിനകം നിശ്ചയിച്ചിട്ടുള്ള സ്വത്തുക്കൾ വിറ്റാൽ 15,000 കോടിയെങ്കിലും സമാഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പ്രതിവർഷം 30, 000 കോടി രൂപയുടെ വരുമാനമുള്ള കമ്പനിക്ക് ബാക്കിയുള്ള ബാദ്ധ്യതകൾ തീർത്ത് സ്വതന്ത്രമാകാൻ കഴിയും എന്നും വാങ്ങാനെത്തുന്നവരെ ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. എങ്കിൽ ഈ മാർഗ്ഗം സ്വീകരിച്ച് എയർ ഇന്ത്യയെ പൊതുമേഖലയിൽ നിലനിർത്താൻ ശ്രമിക്കാതിരുന്നതും ഇപ്പോഴും ആ വഴിക്ക് ആലോചന പോകാത്തതും എന്തുകൊണ്ടാണെന്ന ജീവനക്കാരുടെ ചോദ്യത്തിന് കേന്ദ്രത്തിനു മറുപടിയില്ല.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിട്ടുള്ള, ധനമന്ത്രി നിർമ്മല സീതാരാമൻ, റയിൽവേ മന്ത്രി പീയൂഷ് ഗോയൽ, സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ അംഗങ്ങളായ ഉപസമിതി അത്യുത്സാഹത്തോടെയാണ് വിൽപ്പനയ്ക്കുള്ള നടപടികൾ നീക്കുന്നത്. എയർ ഇന്ത്യയുടെ മറ്റൊരു സബ്സിഡിയറി വിമാനക്കമ്പനിയായ അലയൻസ് എയർ, എൻജിനീയറിംഗ് സബ്സിഡിയറിയായ എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡ്, ഗ്രൗണ്ട് ഹാൻഡ് ലിങ് സബ്സിഡിയറിയായ എയർ ഇന്ത്യ എയർട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് എന്നിവ പ്രത്യേകമായി വിൽക്കാനുള്ള നടപടികളും അന്ത്യഘട്ടത്തിലാണ്.

ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജെ ആർ ഡി ടാറ്റയാണ് 1932‑ൽ എയർ ഇന്ത്യ സ്ഥാപിച്ചത്. ടാറ്റ എയർലൈൻസ് എന്നായിരുന്നു പേര്. 1948‑ൽ, എയർ ഇന്ത്യ ഇന്റർനാഷണൽ എന്ന് പേരു മാറ്റി. 1953‑ൽ കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തെങ്കിലും 1977 വരെ ടാറ്റ തന്നെയായിരുന്നു ചെയർമാൻ. നിലവിൽ വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികളിൽ ടാറ്റ ഗ്രൂപ്പിന് പകുതി വീതം പങ്കാളിത്തമുണ്ട്. ഇതിൽ വിസ്താരയുടെ പങ്കാളിത്തത്തോടെ എയർ ഇന്ത്യയെ സ്വന്തമാക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.