Friday
22 Feb 2019

ഇതേതാ ഈ കണ്ടു പരിചയമില്ലാത്ത ടാറ്റ

By: Web Desk | Thursday 8 February 2018 5:10 PM IST

കഴിഞ്ഞ തവണ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റ് എസ്‌യുവിയാണ് കുറച്ചു നാളുകള്‍ക്ക് മുമ്പ് നെക്‌സോണായി നിരയില്‍ പിറവിയെടുത്തത്. ചെയ്യാന്‍ സാധിക്കുന്നത് മാത്രമെ ടാറ്റ പറയുകയുള്ളൂ എന്ന് വിപണിയ്ക്ക് നന്നായി അറിയാം.

ഇതേ പ്രതീക്ഷയോടെയാണ് ഓട്ടോ എക്‌സ്‌പോ സന്ദര്‍ശകര്‍ ടാറ്റയുടെ സ്റ്റാളിലേക്ക് കണ്ണെത്തിക്കുന്നത്. ഇത്തവണയും ടാറ്റ പതിവ് തെറ്റിച്ചില്ല, രണ്ട് കോണ്‍സെപ്റ്റ് മോഡലുകള്‍ ടാറ്റയുടെ സ്റ്റാളില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്.

ഒന്ന് H5X കോണ്‍സെപ്റ്റ്, മറ്റൊന്ന് 45X കോണ്‍സെപ്റ്റും. വരാനിരിക്കുന്ന പ്രീമിയം ടാറ്റ എസ്‌യുവിയ്ക്കുള്ള ആമുഖമാണ് H5X കോണ്‍സെപ്റ്റ്. ടാറ്റ സ്റ്റാളിന് മുമ്പിലൂടെ കടന്നു പോകുമ്പോള്‍ H5X നെ കണ്ടു ‘ഇതെന്തു സാധാനമാണെന്ന്’ ചോദിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

‘ഒമേഗ’ എന്ന് അറിയപ്പെടുന്ന ടാറ്റയുടെ പുതിയ ഓപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചറാണ് H5X കോണ്‍സെപ്റ്റിന്റെ അടിസ്ഥാനം.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറാണ് ടാറ്റ ഒമേഗ ആര്‍ക്കിടെക്ചര്‍ അടിത്തറ വികസിപ്പിച്ചത്. സുപ്രസിദ്ധമായ ലാന്‍ഡ് റോവര്‍ LR4 ചാസിയാണ് ഒമേഗ ആര്‍ക്കിടെക്ചറിന്റെ അടിസ്ഥാനവും.

കൂര്‍ത്തു മൂര്‍ച്ചയേറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകളും, പരിഷ്‌കരിച്ച ഇംപാക്ട് ഡിസൈന്‍ ഗ്രില്ലും മാത്രം മതി; കാര്‍ ലോകത്തെ അന്യഗ്രഹ ജീവി എന്ന വിശേഷണത്തിന് H5X എന്തുകൊണ്ടും അര്‍ഹനാണ്.

ഗ്രെയ് നിറത്തില്‍ ബമ്പറില്‍ ഒരുങ്ങിയിട്ടുള്ള വമ്പന്‍ സ്‌കിഡ് പ്ലേറ്റ് തന്നെ H5X ന് പരുക്കന്‍ മുഖഭാവം ചാര്‍ത്തി നല്‍കും. അവിടം കൊണ്ടു തീരുന്നില്ല, വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെയുള്ള ഭീമന്‍ ടയറുകള്‍, കൂര്‍ത്തു ഒഴുകിയിറങ്ങുന്ന റൂഫ്‌ലൈന്‍, ബ്ലാക്ഡ്-ഔട്ട് C-Pillar എന്നിവയെല്ലാം H5X ന്റെ ‘പരുക്കന്‍’ വിശേഷങ്ങളാണ്.

പിന്നില്‍ നിന്നും നോക്കിയാല്‍ ചെത്തി മിനുക്കിയ നെക്‌സോണ്‍ ആണെന്നേ കോണ്‍സെപ്റ്റിനെ കണ്ടാല്‍ തോന്നുകയുള്ളു. മുന്നിലും പിന്നിലും തിളങ്ങുന്ന ടാറ്റ ബാഡ്ജുകളാണ് സാന്നിധ്യമറിയിക്കുന്നത്.

ഇനി സര്‍വ ധൈര്യവും സംഹരിച്ച് H5X ന് അകത്തു കടന്നാലോ, ആഢംബരം തുളുമ്പുന്ന വിശാലതയാണ് നിങ്ങളെ സ്വീകരിക്കുക. ബ്രിട്ടീഷ് പാരമ്പര്യം ഓര്‍മ്മപ്പെടുത്തുന്നതാണ് H5X ന്റെ ഇന്റീരിയര്‍.

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കും പകരം ഡ്യൂവല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പ്ലേകളാണ് എസ്‌യുവിയില്‍ ഒരുങ്ങിയിട്ടുള്ളത്. എന്തായാലും ജീപ് കോമ്പസിന് എതിരെയുള്ള ടാറ്റയുടെ തുറപ്പുചീട്ടാകും H5X എസ്‌യുവിയുടെ ഉത്പാദന പതിപ്പ്.

Related News