Web Desk

January 13, 2021, 8:58 pm

വില അറിയും മുമ്പേ പുത്തന്‍ സഫാരിയുടെ ബുക്കിംഗ് ആരംഭിച്ചു

Janayugom Online

ഗ്രാവിറ്റാസ് എന്ന കോഡ് നാമത്തിനു കീഴില്‍ എത്തുന്നത് ജനപ്രിയ മോഡലായ സഫാരിയാണെന്ന് ടാറ്റ മോട്ടോഴ്‍സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഐക്കണിക് മോഡലായ സഫാരി തിരിച്ചു കൊണ്ടുവരികയാണെന്നും ഈ ജനുവരിയിൽ തന്നെ ഷോറൂമിൽ എത്തുന്ന സഫാരിയുടെ ബുക്കിംഗ് താമസിയാതെ തുടങ്ങുമെന്നുമായിരുന്നു കമ്പനിയുടെ അറിയിപ്പ്. ഇപ്പോഴിതാ ടാറ്റ സഫാരിയുടെ ബുക്കിംഗ് തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ അനൗദ്യോഗികമായി ആരംഭിച്ചു. പുതിയ സഫാരി 51,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാം.

2020 ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ സഫാരിയെ ഗ്രാവിറ്റാസ് എന്ന് കോഡ് നാമത്തില്‍ ടാറ്റ ആദ്യം പ്രദർശിപ്പിച്ചത്. ജനുവരി 26 ന് സഫാരിയെ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

നേരത്തെ പുറത്തിറക്കിയ ഹാരിയറിന്റെ ഏഴ്‌ സീറ്റർ പതിപ്പാണ് ഗ്രാവിറ്റാസ് എന്ന് പറയാം. ലാൻഡ് റോവർന്റെ ഒമേഗ പ്ലേറ്ഫോമില്‍ നിർമിച്ചിരിക്കുന്ന ഈ എസ്‌യൂവിക്ക് ഹാരിയറിനെക്കാളും 63 മില്ലിമീറ്റർ നീളവും 80 മില്ലിമീറ്റർ ഉയരവും കൂടുതൽ ഉണ്ട്.

2.0 ലിറ്റർ ടർബോ ചർജ്ഡ് ഡീസൽ എൻജിൻ ആയിരിക്കും വാഹനത്തിന്റെ ഹൃദയം. ഇത് 168 പിഎസ് പവറും 350 എൻഎം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക്ക് ഗീയര്‍ ഓപ്ഷനുകള്‍ വാഹനത്തിൽ ഉണ്ടാകും. പെട്രോള്‍ എന്‍ജിന്‍ മോഡലും ലഭ്യമാക്കും എന്നാണ് ടാറ്റയുമായി ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.

ടാറ്റയുടെ ഇംപാക്‌ട് ടൂ ഡിസെെന്‍ ശെെലിയാണ് ഗ്രാവിറ്റാസ് പിന്തുടരുന്നുന്നത്. പുതിയ ഡാഷ്ബോര്‍ഡ് ഡിസെെന്‍, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഡോർ പാടിലും സീറ്റിലും ഐവറി കളർ ലെതർ ഫിനിഷ് എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.

Eng­lish sum­ma­ry: Tata Safari book­ing started

You may also like this video: