ഈസ്റ്റിന്ത്യാ കമ്പനികള്‍ക്ക് നികുതിയിളവ്

Web Desk
Posted on October 14, 2019, 11:15 pm

k dileepഇന്ത്യയില്‍ 01.04.1959 ന് ശേഷം ജനിച്ച ഒരു പൗരന് ആദായ നികുതി നല്‍കേണ്ടതില്ലാത്ത വരുമാനം 2.5 ലക്ഷം രൂപയാണ്. അതായത് മാസത്തില്‍ 20,833 രൂപയിലധികം വരുമാനമുള്ളവര്‍ ആദായനികുതി നല്‍കണം. 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ 5ശതമാനം, 5 മുതല്‍ 10 ലക്ഷം വരെ 12500 രൂപയും 5 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന്റെ 20 ശതമാനം. ഇനി വരുമാനം പത്തുലക്ഷം കവിഞ്ഞുപോയാല്‍ 1,12500 രൂപയും വരുമാനത്തിന്റെ 30ശതമാവും. ഇതാണ് ഒരു ഇന്ത്യന്‍ പൗരന്‍ നല്‍കേണ്ട ആദായനികുതി. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ ധനകാര്യമന്ത്രി പി ചിദംബരം, അന്തരിച്ച അരുണ്‍ ജെറ്റ്ലി, ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍— ഇവര്‍ ആരും തന്നെ മാസത്തില്‍ 20,833 രൂപ മാസ വരുമാനമെന്നാല്‍ 696 രൂപ ദിവസ വരുമാനം മാത്രമാണെന്നോ കഴിഞ്ഞ അനേകം വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഈ നികുതിഘടന രാജ്യത്തെ സാധാരണക്കാരന്‍ അനുഭവിക്കുന്ന വലിയ വിലക്കയറ്റത്തെ, ദിവസംതോറും കുതിച്ചു കയറുന്ന ഇന്ധനവിലയോ നിത്യോപയോഗ വസ്തുക്കളുടെ വിലയോ പോലും പരിഗണിച്ച് ആദായ നികുതി സ്ലാബ് ഉയര്‍ത്തുവാന്‍ തയ്യാറായിട്ടില്ല.

അതേസമയം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന ചിദംബരം മുതല്‍ ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വരെ കുത്തകകള്‍ക്ക് ഉത്തേജനം നല്‍കുന്ന തിരക്കിലാണ്. നമുക്കറിയാം പൊതുമേഖല ബാങ്കുകള്‍ക്ക് കിട്ടാക്കടം വരുത്തിവച്ച് നീരവ് മോദി മുതല്‍ മെഹുല്‍ ചോസ്കിവരെയുള്ള കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ ഇന്ത്യയില്‍ നിന്നും കടത്തിയത് 10 ലക്ഷം കോടിയിലധികമാണ്.

പൊതുമേഖല ബാങ്കുകള്‍ തകരുന്നതിന് അതിടയാക്കി. വീണ്ടും കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നികുതിയിളവുകളും സബ്സിഡികളും പ്രഖ്യാപിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. കഴിഞ്ഞ ഓഗസ്റ്റ് 23 നും 30 നും രണ്ടു സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതിനു പുറമെ സെപ്റ്റംബര്‍ 14 ന് വീണ്ടും ഭവന നിര്‍മാണ — കയറ്റുമതി മേഖലകളിലേക്ക് 20, 000 കോടി പ്രത്യേക നിധിയും 68,000 കോടി കൂടുതല്‍ വായ്പയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതൊന്നും പോരാതെയാണ് കോര്‍പറേറ്റ് കമ്പനികളുടെ നികുതി 35 ശതമാനത്തില്‍ നിന്ന് 22 ശതമാനമായും 2023 ല്‍ ഉല്പാദനമാരംഭിക്കുന്ന കമ്പനികള്‍ക്ക് നിലവിലുള്ള 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും നികുതി കുറച്ചിരിക്കുന്നത്. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ള ഒരു ക്ലാസ് 4 ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് 12,500 രൂപയും 20 ശതമാനം നികുതിയും പിടിച്ചെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് കമ്പനികളോടു കാണിക്കുന്ന ഔദാര്യം അപാരം തന്നെ.

ഈ കോര്‍പറേറ്റ് കമ്പനികള്‍ക്കായുള്ള നികുതിയിളവുകളുടെ കേവലം ഒരു ശതമാനം പോലും ഇന്ത്യയെ ഭക്ഷണം തന്നു പോറ്റുന്ന, കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനോ, ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് സബ്സിഡി നല്‍കാനോ ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെയോ കര്‍ഷക തൊഴിലാളികളുടെയോ ദുരിതമകറ്റാനുള്ള എന്തെങ്കിലും പദ്ധതികള്‍ക്കായി വകയിരുത്താനോ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരം മുതലുള്ള ധനമന്ത്രിമാർ ചിന്തിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം. അസംഘടിത മേഖലയിലെ കുടില്‍ വ്യവസായങ്ങള്‍ക്ക്, പാരമ്പര്യ വ്യവസായങ്ങള്‍ക്ക്, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് എന്ത് ഉത്തേജകം നല്‍കി? ആരും വാങ്ങാനില്ലാത്ത കമ്പോളത്തിലേക്ക് കുത്തക വിദേശ കമ്പനികള്‍ എന്താണ് നിര്‍മിച്ചു നല്‍കുന്നത് എന്നു പരിശോധിക്കുന്നതും രസകരമാണ്. ഈ നിര്‍മാണ കമ്പനികളൊന്നും ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി എന്തെങ്കിലും നിര്‍മിക്കുന്നവരല്ല. ഇന്ത്യയിലെ കുറഞ്ഞ കൂലിയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയുമുപയോഗിച്ച് വിദേശ വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റി അയച്ച് ആവോളം ലാഭമുണ്ടാക്കി. ഇവിടെ ലാഭം കുറയുമ്പോള്‍ അടുത്ത മൂന്നാംലോക രാജ്യം തേടി പോകുന്നവയാണ് ഈ സര്‍ക്കാര്‍ ഇളവുകള്‍ അനുഭവിക്കുന്ന കോര്‍പ്പറേറ്റുകള്‍.

രണ്ടു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമൊക്കെ വന്നതുപോലെ അസംസ്കൃത വസ്തുക്കള്‍ കൊള്ളയടിക്കാനും അടിമപ്പണി ചെയ്യിക്കാനുമൊക്കെ കോപ്പുകൂട്ടി വരുന്നവര്‍. അവരെയാണ് നമ്മള്‍ പരവതാനി വിരിച്ച് സ്വീകരിക്കുന്നത്. കര്‍ഷകര്‍ പട്ടിണി സഹിക്കാതെ ആത്മഹത്യ ചെയ്യുന്ന നമ്മുടെ ഈ നാട്ടില്‍.