കെ രംഗനാഥ്

ദുബായ്

February 04, 2020, 10:07 pm

പ്രവാസികളിൽ പകുതിക്കും നിര്‍മ്മലാ നികുതി

Janayugom Online

ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ പ്രവാസികളില്‍ പകുതിയോളം മോഡി ഭരണം വിരിച്ച നികുതിവലയില്‍ കുടുങ്ങും. ഒന്നേമുക്കാല്‍ കോടി ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയില്‍ പണിയെടുക്കുന്നത്. പതിറ്റാണ്ടുകളോളം മണലാരണ്യങ്ങളില്‍ പണിയെടുക്കുന്ന പ്രവാസി നാട്ടില്‍ ഒരു കൂരപണിതാല്‍പോലും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പുതിയ ബജറ്റ് നിര്‍ദേശമനുസരിച്ച് ആ പാര്‍പ്പിടവും ഒരു നിക്ഷേപമായി കരുതി നികുതി ചുമത്തും. ‘വിദേശത്താണ് താമസവും ജോലിയും ബിസിനസുമെങ്കിലും നാട്ടില്‍ വീടുള്ളവരെ നികുതിവലയില്‍ കൊണ്ടുവരും. ഈ ഗണത്തില്‍ പെടുന്നവരുടെ വിദേശത്തെ വരുമാനവും നികുതിവിധേയമായിരിക്കും എന്നാണ് ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് എല്ലാ വിദേശരാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നതും ശ്രദ്ധേയം.

ബജറ്റിനു മുമ്പുതന്നെ ഇത്തരം ഒരു സര്‍ക്കുലര്‍ അയച്ചതും അസാധാരണ നടപടിക്രമമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നാട്ടിലുള്ള വീട് വാടകയ്ക്ക് നല്‍കി അതില്‍ നിന്ന് പ്രവാസി ഒരു വരുമാനമാര്‍ഗം കണ്ടെത്തുന്നുവെങ്കിലും ‘നിര്‍മ്മലനികുതി‘യുടെ പിടിവീഴും. ഈ വീട് നിക്ഷേപമായി കരുതി നികുതി ചുമത്തുന്നതോടൊപ്പം വാടകയ്ക്കും അധിക നികുതി നല്‍കണം. പ്രവാസിക്ക് ഇന്ത്യയില്‍ ഒരു വീടുണ്ടായിരിക്കുന്നതോടൊപ്പം ഗള്‍ഫ് അടക്കമുള്ള പ്രവാസലോകത്തും അവര്‍ക്ക് ഒരു വീടും ബിസിനസ് സംരംഭങ്ങളോ ജോലിയോ ഉണ്ടെങ്കിലും അവര്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും. ഇവരെ പ്രവാസിയെങ്കിലും ഇന്ത്യയില്‍ താമസിക്കന്നവരുടെ ഗണത്തില്‍പ്പെടുത്തിയാകും നികുതി ചുമത്തുന്നതെന്നും എംബസികള്‍ക്കയച്ച ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വീടില്ലാതിരിക്കുകയും പ്രവാസ ലോകത്ത് വീടുണ്ടായിരിക്കുകയും ചെയ്യുന്നവരെ നികുതിപരിധിയില്‍ കൊണ്ടുവരില്ല.

ചുരുക്കത്തില്‍ പ്രവാസിക്ക് മാതൃരാജ്യത്ത് ഒരു കൂരയുണ്ടാവുന്നത് നികുതി ചുമത്താവുന്ന കുറ്റമായാണ് ബജറ്റില്‍ പരോക്ഷമായി വ്യാഖ്യാനിച്ചിരിക്കുന്നതെന്ന് ഗള്‍ഫിലെ സാമ്പത്തിക വിദഗ്ധരും നിയമജ്ഞരും കുറ്റപ്പെടുത്തുന്നു. അതേസമയം വിദേശത്തും ഇന്ത്യയിലും വ്യക്തിപരമായോ ബിസിനസ് സംബന്ധമായോ സംരംഭങ്ങള്‍ ഉള്ളവരെ പ്രവാസിയായി കണക്കാക്കി അവരുടെ വരുമാനത്തിന് നികുതി ചുമത്തില്ലെന്ന കേന്ദ്രത്തിന്റെ വ്യാഖ്യാനം കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള കരാറില്‍ രണ്ടു രാജ്യങ്ങളിലും നികുതി നല്കുന്ന ഇരട്ടസമ്പ്രദായം അരുതെന്നും പറഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാണെങ്കില്‍ ആദായനികുതി ഇല്ല. അതേസമയം അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും മദ്യം, പുകയില, ഉത്തേജക പാനീയങ്ങള്‍ എന്നിവയ്ക്ക് ഭാരിച്ച എക്സൈസ് ഡ്യൂട്ടിയും ചുമത്തുന്നുണ്ട്. ഇവര്‍ പക്ഷേ ആദായ നികുതി നല്‍കന്നില്ല എന്ന പഴുതുപയോഗിച്ച് ഇവര്‍ വിദേശത്ത് ഒന്നോ അതിലധികമോ രാജ്യങ്ങളില്‍ നിന്ന് ആര്‍ജിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്താനും പുതിയ ബജറ്റ് നിര്‍ദ്ദേശം വഴിനീക്കമുണ്ട്.

Eng­lish Sum­ma­ry: Tax for NRI followup

You may also like this video