23 April 2024, Tuesday

Related news

April 21, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 2, 2024
March 30, 2024
March 29, 2024
March 26, 2024
March 23, 2024

ജിഎസ്ടി കൗണ്‍സിലിന്‍റെ നികുതിവര്‍ദ്ധനവ്; ശക്തമായ ഇടപെടലുമായി സംസ്ഥാനസര്‍ക്കാര്‍

Janayugom Webdesk
July 19, 2022 10:47 am

ജിഎസ്‌ടി കൗൺസിൽ ഏർപ്പെടുത്തിയ നികുതി വർധന പ്രാബല്യത്തിലായതോടെ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ സംസ്ഥാനത്തും വിലകൂടി. പാക്കറ്റിലാക്കിയ, ലേബലുള്ള ഭക്ഷ്യ വസ്‌തുക്കൾക്ക്‌ അഞ്ചുശതമാനംവരെയാണ്‌ വിലകൂടിയത്‌.ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ്‌ സാധാരണ ജനങ്ങളുടെ പ്രധാന പ്രശ്‌നം. പാവപ്പെട്ടവനോടുള്ള മോഡിസര്‍ക്കാരിന്‍റെ സമീപനത്തിന്‍റെ ഏറ്റവും ഒടുവിലത്തെ നിലപാടാണ് നികുതി വര്‍ദ്ധനവിലൂടെ കാണുവാന്‍ കഴിയുന്നത്. ചരക്കുസേവന നികുതി (ജിഎസ്‌ടി) സ്ലാബ്‌ അടിക്കടി മാറ്റുന്നതും അശാസ്‌ത്രീയ തീരുമാനം അടിച്ചേൽപ്പിക്കുന്നതും കേന്ദ്ര സർക്കാർ തുടരുന്നു. 

ഒരു രാജ്യം ഒരു നികുതിഎന്ന ഏകീകൃത നികുതി നടപ്പാക്കി അഞ്ചുവർഷം കഴിയുമ്പോഴും ഈ മേഖലയിലെ അനിശ്ചിതത്വം പരിഹരിച്ചിട്ടില്ല. ജിഎസ്‌ടി നടപ്പായാൽ വില കുറയുമെന്നായിരുന്നു പ്രധാന വാദം. എന്നാൽ, വിലക്കയറ്റം രൂക്ഷമാക്കുന്ന തീരുമാനങ്ങളാണ്‌ ചണ്ഡീഗഢിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ കൈക്കൊണ്ടത്‌. സ്ലാബുകൾ മാറ്റിയതോടൊപ്പം ചില ഭക്ഷ്യ ഉൽപ്പന്നങ്ങളെ നികുതി പരിധിയിലാക്കി. 17 സംസ്ഥാനം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമെടുത്തില്ല. ചരക്കുസേവന നികുതി നിയമനിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ അന്തഃസത്ത പോലും ഉൾക്കൊള്ളാൻ കേന്ദ്രം തയ്യാറാകുന്നില്ല.

ആഡംബരവസ്തുക്കളുടെ മേലുള്ള നികുതി വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ അവശ്യവസ്തുക്കളുടെ നികുതി വർധിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സഹകരണ വകുപ്പ്‌ ഇടപെടല്‍ ശക്തമാക്കുന്നു. കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെ നീതി സ്റ്റോറുകളിലൂടെയും പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു.ഉത്സവകാലങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളെയും ഏകോപിപ്പിച്ച് 13 ഇനം അവശ്യ സാധനം നിയന്ത്രിത അളവിൽ സബ്‌സിഡിയോടു കൂടി വിതരണം ചെയ്യുന്നുണ്ട്. ഗുണനിലവാരമുള്ള സാധനങ്ങളും സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങളും വിപണിയിൽ കുറഞ്ഞ വിലയ്ക്ക്‌ ലഭ്യമാക്കാനായി കോപ്പ് മാർട്ടുകൾ (സിഒഒപി മാർട്ട്) ജില്ലകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാന സഹകണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.

വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്‌ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഇടിത്തീപോലെ നികുതി കൂട്ടിയത്‌. നികുതിനിർണയത്തിലെ ആശയക്കുഴപ്പങ്ങൾ ഇതിനുപുറമെ. 2017 ജൂലൈ ഒന്നിന്‌ ജിഎസ്‌ടി അശാസ്‌ത്രീയമായ രീതിയിൽ നടപ്പാക്കിയതുമുതൽ ആശയക്കുഴപ്പങ്ങൾ നിലനില്‍ക്കുകയാണ്.സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ജിഎസ്ടി കൗൺസിലിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തികച്ചും ന്യായമായ പ്രശ്‌നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ജിഎസ്ടി നടപ്പായപ്പോഴുണ്ടായ വരുമാനനഷ്ടം പരിഹരിക്കാനാണ്‌ കേന്ദ്രം നഷ്ടപരിഹാര വ്യവസ്ഥ ഏർപ്പെടുത്തിയത്. അഞ്ചുവർഷ കാലാവധി ജൂണിൽ അവസാനിച്ചു.

ഇതിനകം രാജ്യത്തെ നികുതിവ്യവസ്ഥയും നടപടിയും സ്ഥായിയാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കോവിഡ് സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. അതിനുമുമ്പ്‌ രണ്ടുവർഷം കേരളം പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. ഈ അവസ്ഥയിലും കടമെടുപ്പു പരിധിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്‌ പ്രതിസന്ധിയിലാക്കുന്നു. കേരളത്തിന്‌ ലഭിക്കേണ്ട കേന്ദ്ര നികുതി വരുമാനവും കുറയുന്നു. റവന്യു കമ്മി ഗ്രാന്റും അവസാനിക്കുകയാണ്‌. ഈ സാഹചര്യത്തിൽ ജിഎസ്ടി നഷ്ടപരിഹാരം അനിവാര്യമാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വർധിപ്പിച്ചതിനെതിരെ ജിഎസ്ടി കൗൺസിലിൽ കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവ് കൂടിയിട്ടും നികുതിവരുമാനം വർധിക്കാത്തത് എന്തുകൊണ്ടെന്നത് പഠിക്കാൻ സിഡിഎസിനെയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.പാര്‍ലമെന്‍റിലും, പുറത്തും എല്‍ഡിഎഫ് എംപിമാര്‍ ശക്തമായനിലപാടുകള്‍ സ്വീകരിച്ചു മുന്നോട്ട് പോവുകയാണ്. 

Eng­lish Sum­ma­ry: Tax hike by GST Coun­cil; State gov­ern­ment with strong intervention

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.