August 18, 2022 Thursday

Related news

June 29, 2022
June 28, 2022
June 27, 2022
June 27, 2022
February 21, 2022
February 18, 2022
February 16, 2022
January 8, 2021
January 8, 2021
January 8, 2021

പ്രവാസികൾക്ക് നികുതി; നിയമസഭ പ്രമേയം പാസാക്കി

Janayugom Webdesk
തിരുവനന്തപുരം
February 6, 2020 10:43 pm

പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന 1961ലെ ആദായ നികുതി നിയമത്തിലെ 6ാ-ം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ആദായനികുതി ചുമത്തുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിക്കൊണ്ട് 2020–21 ലേക്കുള്ള കേന്ദ്ര ബജറ്റിന്റെ ഭാഗമായാണ്, ധനകാര്യ ബില്ലില്‍ 1961 ലെ ആദായനികുതി നിയമത്തിന്റെ 6-ാം വകുപ്പില്‍ 2021 ഏപ്രിൽ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ മാറ്റം നിര്‍ദ്ദേശിച്ചുള്ള ഭേദഗതി വരുത്തിയത്. നിലവില്‍ ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്ന ഘട്ടത്തിലാണ് ആദായനികുതിയുടെ കാര്യത്തില്‍ റസിഡന്റ് ആയി കണക്കാക്കപ്പെടുന്നത്. എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്നതോട 120 ദിവസമോ അതില്‍ കൂടുതലോ ആയികുറയ്ക്കാനാണ് ഭേദഗതിയിലുള്ള നിർദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നികുതി വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദ്ദേശം കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോകുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നു തങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇപ്രകാരം രാജ്യത്ത് വന്ന് തങ്ങുന്നത്. എണ്ണ റിഗ്ഗുകളിലും മറ്റും തൊഴില്‍ ചെയ്യുന്നവ്യക്തികള്‍ ഒരു മാസം ഓഫ് ഡ്യൂട്ടിയായി നാട്ടില്‍ വരാറുണ്ട്. ഇവരേയും ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
നമ്മുടെ നാടിന്റെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക സാമ്പത്തികമേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. വെളിപ്പെടുത്താത്ത വരുമാനത്തിനും അനധികൃതമായി പണം കടത്തുന്നതിനും ആദായനികുതി വെട്ടിക്കുന്നതിനും കര്‍ശനമായ നടപടി ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ സാധാരണക്കാരും പരിമിത വരുമാനക്കാരുമായ പ്രവാസികളെ ഈ നിയമഭേദഗതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാവശ്യമായ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം.

ബജറ്റ് പ്രഖ്യാപിച്ച ഉടന്‍, സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി രണ്ടിലെ പ്രസ് റിലീസ് മുഖാന്തിരം ‘മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരെ നികുതിവലയത്തില്‍ ഉള്‍പ്പെടുത്തുന്ന ഉദ്ദേശത്തോടെയല്ല ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്ന്’ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ധനബില്‍ 2020‑ലെ നിര്‍ദ്ദേശങ്ങള്‍ 1961 — ലെ ആദായനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടാല്‍ മറിച്ചൊരു സ്ഥിതിവിശേഷം ആയിരിക്കും ഉണ്ടാവുകയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.