June 29, 2022 Wednesday

എൻആർഐ പദവിക്ക് പുതിയ മാനദണ്ഡങ്ങൾ: പ്രവാസികള്‍ക്കിടയില്‍ ആശങ്കയേറുന്നു

By Janayugom Webdesk
February 5, 2020

കേന്ദ്ര ബജറ്റ് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപ്പെടുത്താനും എൻആർഐ പദവി നിബന്ധനയിൽ മാറ്റം വരുത്താനുമുള്ള കേന്ദ്രബജറ്റ് നിർദേശത്തിൽ പ്രവാസികൾ കടുത്ത ആശങ്കയിലാണ്. വര്‍ഷത്തില്‍ ചുരുങ്ങിയത് 240 ദിവസമെങ്കിലും ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവര്‍ക്കേ വിദേശ ഇന്ത്യക്കാരന്‍ എന്ന വിശേഷണത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന പുതിയ തീരുമാനമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.പ്രതിസന്ധികൾക്കിടയിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണ്യം നൽകുന്നത് ഗൾഫ് പ്രവാസികളാണ്. 2.65 ലക്ഷം കോടി രൂപയോളമാണ് യുഎഇ,സൗദി,കുവൈത്ത്,ഖത്തർ,ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വിദേശ ഇന്ത്യക്കാരനായി പരിഗണിക്കപ്പെടുകയും നികുതിയിളവ് ലഭിക്കുകയും ചെയ്യണമെങ്കില്‍ 240 ദിവസം രാജ്യത്തിനു പുറത്ത് താമസിച്ചിരിക്കണമെന്ന പുതിയ നിര്‍വചനമാണ് ഗള്‍ഫ് പ്രവാസികളില്‍ ആശങ്കയുണ്ടാക്കുന്നത്. അത് കൂടാതെ സ്വദേശിവത്കരണവും സാമ്പത്തികരംഗത്തെ പ്രയാസങ്ങളും കാരണം ഒട്ടേറെ കമ്പനികള്‍ അവരുടെ ജീവനക്കാരെ ദീര്‍ഘകാലത്തെ അവധിക്കായി നാട്ടിലേക്കയച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുമ്പോള്‍ തിരിച്ചുവിളിക്കാമെന്ന ഉറപ്പിലാണിത്. പുതിയ വ്യവസ്ഥകള്‍ നടപ്പില്‍വരുമ്പോള്‍ ദീര്‍ഘകാല അവധി, എന്‍.ആര്‍.ഐ എന്ന വിശേഷണം ഇല്ലാതാക്കുമെന്നു ഭയക്കുന്നവരും ഏറെയാണ്.

എന്നാല്‍ വിദേശ ഇന്ത്യക്കാര്‍ക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശം സാധാരണക്കാരെ ബാധിക്കില്ല. നിലവില്‍ പ്രവാസികള്‍ നാട്ടില്‍ നടത്തുന്ന സംരംഭങ്ങളിലൂടെ നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കുന്നുണ്ട്. നോണ്‍ റസിഡന്റ് ഓര്‍ഡിനറി അക്കൗണ്ട് വഴിയാണ് ഇത്തരം ഇടപാടുകള്‍. അതേസമയം മറ്റ് രാജ്യങ്ങളില്‍ വ്യവസായം നടത്തിയിട്ട് ബോധപൂര്‍വം കുറച്ചുദിവസം മാത്രം ഇന്ത്യയില്‍ തങ്ങി പ്രവാസികള്‍ക്കുള്ള നികുതി ഇളവ് നേടുന്നവരെയാകും പുതിയ ബജറ്റ് നിര്‍ദ്ദേശം വെട്ടിലാക്കുക.അതേസമയം നികുതി പരിഷ്കാരങ്ങൾ വരുത്തി ഇന്ത്യക്കാരെ പിഴിയാനുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനം കേരളത്തിലെ 30 ലക്ഷത്തിലേറെ കുടുംബങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക.

Eng­lish Sum­ma­ry: Tax­a­tion for NRI followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.