Web Desk

ന്യൂഡൽഹി

March 09, 2020, 10:27 pm

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ കുത്തകകൾക്ക് ലാഭം 61,440 കോടി

Janayugom Online

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾ നേടിയത് 61440 കോടി രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മോഡി സർക്കാർ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നും 22 ശതമാനമായി വെട്ടിക്കുറച്ചത്. ജനുവരി 2020ലെ സിഎജി റിപ്പോർ്ട്ട് പ്രകാരം 61440 കോടി രൂപയുടെ ലാഭമാണ് കോർപ്പറേറ്റുകൾക്ക് ഉണ്ടായത്. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് ആഴ്ച്ചകൾ മാത്രം ബാക്കിനിൽക്കെ ഇനിയും ഇത് വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

2019 ജനുവരി മാസത്തെ കണക്കുകൾ പ്രകാരം 454000 കോടി രൂപയാണ് കോർപ്പറേറ്റ് നികുതി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. 2020 ജനുവരി മാസം വരെ ലഭിച്ചത് 393000 കോടി രൂപ മാത്രമാണെന്നും സിഎജി റിപ്പോർട്ട് പറയുന്നു. ഇത് മൊത്തം നികുതി വരുമാനത്തേയും പ്രതികൂലമായി ബാധിച്ചു. 2020 ജനുവരി മാസത്തെ കണക്കുകൾ പ്രകാരം 15.3 ലക്ഷം കോടി രൂപയാണ് മൊത്തം നികുതി വരുമാനമായി ലഭിച്ചത്. 2019 ജനുവരി മാസത്തിൽ ഇത് 15.6 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ സർക്കാരിന്റെ നികുതി ലക്ഷ്യം നടപ്പ് സാമ്പത്തിക വർഷം കൈവരിക്കാൻ കഴിയില്ല. ഇതിന്റെ ഭാഗമായി വികസന പ്രവർത്തനങ്ങൾ താറുമാറാകുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്ന് മാത്രമല്ല സ്ഥിതി കൂടുതൽ വഷളായി. മോഡി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന സാമ്പത്തിക നയങ്ങളുടെ ഭാഗമായി രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ഏറെ വർധിച്ചതായാണ് റിപ്പോർട്ട്. തൊഴിലില്ലായ്മ എട്ട് ശതമാനമായി തുടരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ ഇത് വർധിച്ചു. ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ ഗണ്യമായ കുറവുണ്ടായി. വേതനം വർധന ഇല്ലാത്ത അവസ്ഥയിലെത്തി. നികുതി വരുമാനത്തിലുള്ള കുറവ് സാമൂഹ്യ ക്ഷേമ പദ്ധതികളെയാകും കൂടുതലായും ബാധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Eng­lish Sum­ma­ry: Tax­a­tion fraud news

You may also like this video