ബിജെപിക്കെതിരെ ചന്ദ്രബാബു നായിഡു; ടിഡിപി എന്‍ഡിഎ വിടുന്നു

Web Desk
Posted on January 28, 2018, 10:00 pm

സ്വന്തം ലേഖകന്‍
ഹൈദരാബാദ്: ശിവസേനയ്ക്ക് പിറകേ കേന്ദ്രസര്‍ക്കാര്‍ അവഗണനയിലും ബിജെപി സംസ്ഥാനഘടകത്തിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ വിടാനൊരുങ്ങുന്നു.
ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുള്ളത്. നിലവില്‍ ബിജെപിയും ടിഡിപിയും തമ്മില്‍ കേന്ദ്രസര്‍ക്കാരിലും ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും സഖ്യമുണ്ട്. ആന്ധ്രയില്‍ നാലംഗങ്ങളുള്ള ബിജെപിക്ക് രണ്ട് കാബിനറ്റ് മന്ത്രിമാരെയും നല്‍കിയിട്ടുണ്ട്.
കുറച്ചുനാളുകളായി തുടരുന്ന ബിജെപി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ചന്ദ്രബാബു നായിഡു ശനിയാഴ്ച തുറന്നടിച്ചത്. ഇന്നലെ വീണ്ടും മാധ്യമങ്ങളെക്കണ്ട നായിഡു ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പറഞ്ഞത്.
സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ ബിജെപി നടപടിയെടുക്കണമെന്ന് ടിഡിപി ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാനോ പ്രതികരിക്കാനോ നേതൃത്വം തയ്യാറാവുന്നില്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. മിത്രപക്ഷ ധര്‍മ്മത്തെക്കുറിച്ച് ചിന്തിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്ന് നായിഡു ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തതിലും ടിഡിപിക്ക് അതൃപ്തിയുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ആന്ധ്രയെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.
നിരവധി വിഷയങ്ങളില്‍ സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും വിഭിന്ന ചേരികളിലാണ്. ബിജെപിയുടെ നിയമസഭാകക്ഷി നേതാവായ വിഷ്ണു കുമാര്‍ റാവു നേരിട്ട് തന്നെ സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപി മന്ത്രിയായ പി മണികായ്‌ല റാവുവിനെതിരെ പ്രതിഷേധിച്ച ടിഡിപി പ്രാദേശിക നേതാക്കളെ കഴിഞ്ഞദിവസം പാര്‍ട്ടി താക്കീത് ചെയ്തിരുന്നു.
അതിനിടെ പ്രതിപക്ഷത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളും ടിഡിപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാമെന്ന് ഉറപ്പുനല്‍കിയാല്‍ ബിജെപിയുമായി സഖ്യം ചേരാമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയും അഭിപ്രായപ്രകടനം നടത്തിയിരുന്നു.
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സോമു വീരാജുവിന്റെ പ്രസ്താവനയും ടിഡിപിയെ ചൊടിപ്പിച്ചു. 2019 ലെ തെരഞ്ഞെടുപ്പില്‍ ജൂനിയര്‍ പാര്‍ട്‌നര്‍ ആകാനില്ലെന്നായിരുന്നു വീരാജുവിന്റെ പ്രസ്താവന. ചന്ദ്രബാബു നായിഡുവിന്റെ ബന്ധുവും ബിജെപി നേതാവുമായ പുരന്ദേശ്വരിയും ടിഡിപിക്കെതിരെ പരസ്യമായി രംഗത്തെത്തി. തുടര്‍ന്നാണ് ശക്തമായ മുന്നറിയിപ്പുമായി ടിഡിപിയും കളത്തിലെത്തിയത്.
ശിവസേന മുന്നണി വിട്ടതിനു പിന്നാലെയാണ് എന്‍ഡിഎ സഖ്യം വിടുമെന്ന പ്രഖ്യാപനവുമായി തെലുങ്കുദേശം പാര്‍ട്ടിയും രംഗത്തെത്തിയിട്ടുള്ളത്. 2019 ല്‍ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എന്‍ഡിഎയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.