June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

സംഘടിത ശക്തിയായി അധ്യാപക പ്രസ്ഥാനം മുന്നോട്ട്

By Janayugom Webdesk
February 7, 2020

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒളിമങ്ങാത്ത സംഭാവനകൾ അർപ്പിച്ച അധ്യാപക പ്രസ്ഥാനമാണ്. രണ്ടേകാൽ ദശാബ്ദം പൂർത്തീകരിച്ചതിന്റെ ഇന്നലെകൾ ആവേശഭരിതവും ഇന്ന് പ്രതീക്ഷാനിർഭരവും നാളെകൾ മുന്നേറ്റത്തിന്റെതുമാണെന്ന് തീർച്ച. കേരളത്തിൽ ഒട്ടേറെ ചെറുതും വലുതുമായ അധ്യാപക പ്രസ്ഥാനങ്ങളുണ്ട്. അതിനിടയിൽ എകെഎസ്‌ടിയുവിന്റെ സ്ഥാനം എന്താണ്? ശത്രുക്കളും മിത്രങ്ങളും ഒരുപോലെ പറയും — ഇത് അംഗബലം കൊണ്ട് മികച്ച സംഘടനയല്ല. നിസ്തർക്കമായ ഈ അഭിപ്രായത്തോട് വാദിച്ചു ജയിക്കാൻ പോകേണ്ട കാര്യമില്ല. കാരണം, എകെഎസ്‌ടിയുവിന്റെ പ്രസക്തി അതിന്റെ അംഗബലത്തിലായിരുന്നില്ല. അതുയർത്തിയിട്ടുള്ള അഭിപ്രായത്തിലും എടുത്തിട്ടുള്ള നിലപാടിലുമാണ്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അധികാരികൾ സ്വീകരിച്ചിട്ടുള്ള എല്ലാ പുരോഗമന തീരുമാനങ്ങൾക്കുപിന്നിലും ഈ പ്രസ്ഥാനത്തിന്റെ അഭിപ്രായങ്ങളുടെ, അല്ലെങ്കിൽ സമരത്തിന്റെ, അഥവാ ഉയർത്തിയ കാഴ്ചപ്പാടുകളുടെ കയ്യൊപ്പു വീണിട്ടുണ്ടാകും. അധികാരികൾ ഈ പ്രസ്ഥാനം കാട്ടിക്കൊടുത്ത വഴിയേ പോകാൻ നിർബന്ധിതമായിട്ടുണ്ട്, ഒരു പക്ഷേ വിധേയമായിട്ടുണ്ട്. വലുതെന്നഭിമാനിക്കുന്ന പ്രസ്ഥാനത്തിനൊന്നും ചിന്തിക്കാൻ പോലുമാകാത്ത ഉൾക്കരുത്താണത്.

ഈ പ്രസ്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവുമിതാണ്. 2002‑ൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർത്തു പഠിപ്പിക്കാൻ തയ്യാറാകാത്ത അധ്യാപകർ പൊതുവിദ്യാലയങ്ങളിൽ വേണ്ടെന്നും അവർക്ക് എകെഎസ്‌ടിയു പ്രസ്ഥാനത്തിൽ അംഗത്വം പോലുമില്ലെന്നു പറഞ്ഞപ്പോൾ പലരും ചിരിച്ചു. അംഗത്വത്തിൽ സംഭവിക്കുന്ന നഷ്ടമോർത്താണ് ചിരിച്ചവർ ആലോചിച്ചിട്ടുണ്ടാവുക.! കാലം മാറി, ഇന്ന് കച്ചവട വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്ന അധ്യാപകരെ കാണുമ്പോഴാണ് മറ്റുള്ളവർക്ക് ചിരി വരുന്നത്.! പ്രമുഖമെന്നഭിമാനിക്കുന്ന മറ്റ് സംഘടനകൾ ഇന്ന് ഈ തീരുമാനം കൈക്കൊള്ളാതെ നിലനിൽക്കാനാവില്ലെന്നറിഞ്ഞ് പരുങ്ങുന്നതും നാം കാണുന്നു. ആ തീരുമാനം അംഗത്വത്തിൽ സംഘടനക്ക് സൃഷ്ടിച്ച ആഘാതം വലുതായിരുന്നു, എങ്കിലും നിലപാട് കൃത്യവും ശരിയുമായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന മുദ്രാവാക്യം പൊതു സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനും പൊതു സമൂഹത്തെക്കൊണ്ട് ഈ മുദ്രാവാക്യം ഏറ്റെടുപ്പിക്കുന്നതിനും എകെഎസ്‌ടിയു നടത്തിയ പരിശ്രമങ്ങളാണ് ഇടയാക്കിയത്. സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാനുള്ള തീരുമാനം ഈ മുദ്രാവാക്യത്തിന്റെ വിശ്വാസ്യത ഉറപ്പിക്കാനിടയാക്കി എന്നതും വാസ്തവം.

2003‑ൽ സംസ്ഥാനത്ത് വ്യാപകമായി പൊതു വിദ്യാഭ്യാസ സംരക്ഷണ സദസുകൾക്ക് സംഘടന തുടക്കം കുറിച്ചു. പൊതു സമൂഹത്തിൽ നിന്ന് തുടച്ചു നീക്കപ്പെടുമായിരുന്ന പല സ്കൂളുകളും അതോടെ ജീവശ്വാസം നേടി. ഏറ്റവും ആദ്യം ഓർക്കുന്ന ഉദാഹരണം പത്തനംതിട്ട ജില്ലയിലെ അടൂർ ഉപജില്ലയിൽപ്പെട്ട തോട്ടുവാ ഗവണ്‍മെന്റ് എൽപി സ്കൂളാണ്. 15‑ൽ താഴെ കുട്ടികളുമായി നിന്ന സ്ഥാപനം, അന്ന് സംരക്ഷണ സദസിനെ തുടർന്ന് വലിയ ജനകീയ ഇടപെടലിന് വേദിയായി. യശഃശരീരനായ മുൻ ജനയുഗം പത്രാധിപർ തെങ്ങമം ബാലകൃഷ്ണനായിരുന്നു, പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തത്. ഇന്ന്, ആ വിദ്യാലയം ജില്ലയിലെ നല്ല മാറ്റോടെ ചിരിച്ചുല്ലസിച്ചു നിൽക്കുന്ന വിദ്യാലയമാണ്! പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് തിരുവനന്തപുരത്ത് അധ്യാപക ഭവനിൽവച്ച് ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പായിരുന്നു. കണിയാപുരം രാമചന്ദ്രനായിരുന്നു, അന്ന് വിശിഷ്ടാതിഥി. ഈ തുടക്കമാണ് പിന്നീട് 2017ൽ മുന്നേറ്റം പോലൊരു വലിയ പദ്ധതി ഏറ്റെടുക്കാൻ എകെഎസ്‌ടിയു വിന് ഉൾപ്രേരണ പകർന്നു തന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണം പോലെ തന്നെ അധ്യാപകരുടെ ജോലി സംരക്ഷണവും സുപ്രധാന മുദ്രാവാക്യമായി മാറിയത് ഈ അധ്യാപക പ്രസ്ഥാനം ആ മുദ്രാവാക്യം ഏറ്റെടുത്തപ്പോഴാണ്.

2009 ൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ അധ്യാപകച്ചങ്ങല ഇത്തരുണത്തിലെ സുപ്രധാന പ്രക്ഷോഭമായിരുന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ഭരണകാലത്ത് ഈ അജന്‍ഡ പ്രധാന പ്രശ്നമാക്കി ഉയർത്തിക്കൊണ്ടു വരുന്നതിൽ വലിയ പങ്ക് നിർവഹിച്ചത് എകെഎസ്‌ടിയു പ്രസ്ഥാനമാണ്. സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല ഉപവാസം നടത്തിയ പ്രസ്ഥാനവും മറ്റു സംഘടനകളെ അതിലേക്ക് പ്രേരിപ്പിച്ച പ്രസ്ഥാനവും നമ്മുടേതായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നതിനുള്ള പശ്ചാത്തലം ഈ സമരങ്ങളായിരുന്നു. അധ്യാപക സംഘടനകൾ നടത്തിയിരുന്ന വിദ്യാഭ്യാസക്കൊള്ളയായിരുന്നു ചോദ്യപേപ്പർ കച്ചവടം. അതിനെതിരെ അടിയുറച്ച നിലപാട് സ്വീകരിച്ച സംഘടന എകെഎസ്‌ടിയു ആയിരുന്നു. ചോദ്യപേപ്പർ സർക്കാർ തലത്തിൽ അച്ചടിക്കണമെന്ന നമ്മുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് കെഇആർ പരിഷ്ക്കരിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമാകാൻ സംഘടനയ്ക്ക് അവസരം ലഭിച്ചപ്പോൾ എയ്ഡഡ് നിയമനം പിഎസ്‌സിക്ക് വിടണമെന്ന നിലപാട് ആ കമ്മീഷനെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിനു വേണ്ടി നിലകൊള്ളാൻ സംഘടനക്കായി.

വിദ്യാഭ്യാസക്കച്ചവടം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങി ഈ രംഗത്ത് നടമാടിയ എല്ലാവിധ കൊള്ളരുതായ്മക്കെതിരായും നിലകൊള്ളാൻ ഈ സംഘടന ശ്രമിച്ചിട്ടുണ്ട്. ഇനിയുമത് തുടരുകയും ചെയ്യും. നാളെകളിൽ പക്ഷേ, എകെഎസ്‌ടിയു ഏറ്റവുമധികം അംഗീകരിക്കപ്പെടുക ‘മുന്നേറ്റം’ പദ്ധതിയുടെ പേരിലായിരിക്കും. ജനകീയ പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള ലോകോത്തര മാതൃകയായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അത് വളർന്നിരിക്കുകയാണല്ലോ ഇന്ന്. അംഗബലത്തിലല്ല, നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാവും എകെഎസ്‌ടിയു എന്നും ഓർമ്മിക്കപ്പെടുക. അംഗീകരിക്കപ്പെടുക എന്ന് തീർച്ച. ആലപ്പുഴയുടെ ചുവന്ന മണ്ണിൽ ഫെബ്രുവരി അഞ്ചു മുതൽ എട്ടുവരെ ചേരുന്ന 23-ാം സംസ്ഥാന സമ്മേളനം ദേശീയത, വിദ്യാഭ്യാസം, പൗരത്വം എന്ന ആശയത്തിലൂന്നിയാണ് മുദ്രാവാക്യം രൂപപ്പെടുത്തിയിട്ടുള്ളത്. മതനിരപേക്ഷ വിദ്യാഭ്യാസത്തെ തകർക്കാനുള്ള കേന്ദ്ര നിലപാടിനെതിരായ താക്കീതാകും ഈ സമ്മേളനം. കേരളത്തിലെ പൊതു വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടാനുള്ള പരിപാടികൾക്കും സമ്മേളനം ചർച്ചയും തീരുമാനവും കൈക്കൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.