പഠന രംഗത്ത് മാറ്റങ്ങളോടെ തുടക്കം കുറിച്ച പുതിയ അധ്യയന വർഷത്തിൽ എൽ പി വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനുതകുന്ന വേറിട്ട ശൈലിയിൽ തയാറാക്കിയ വർക്ക് ബുക്കിലൂടെ ശ്രദ്ധേയനാവുകയാണ് ശശിധരൻ കല്ലേരി എന്ന അധ്യാപകൻ. ക്ലാസ് റൂം പ്രവർത്തനങ്ങളും അവയുടെ പഠന നേട്ടങ്ങളും പൂർണമായും ഉറപ്പ് വരുത്തും വിധം വളരെ ലളിതമായാണ് വർക്ക് ബുക്കുകളുടെ ഉള്ളടക്കം രൂപകല്പന ചെയ്തിട്ടുള്ളത്. ഓരോ പാഠഭാഗവും പ്രത്യേകം യൂണിറ്റായി കണ്ടുകൊണ്ട് ആസൂത്രണം ചെയ്തിട്ടുള്ളതിനാൽ പഠന പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് ഇതേറെ ഫലപ്രദമാണെന്നാണ് വർക്ക് ബുക്ക് നിരീക്ഷിച്ചിട്ടുള്ള അധ്യാപകർ അഭിപ്രായപ്പെടുന്നത്.
എറണാകുളം ജില്ലയിലെ ഏലൂർ എംഇഎസ് ഈസ്റ്റേൺ സ്കൂൾ അധ്യാപകനായ ശശിധരൻ കല്ലേരി താൻ പഠിപ്പിക്കുന്ന മൂന്നാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ലോക്ഡൗൺ കാലയളവിൽ മലയാളം, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുടെ വർക്ക് ബുക്ക് തയ്യറാക്കുന്ന ജോലിയിൽ ഏർപ്പെട്ടത്. ഇത് കുട്ടികൾക്ക് വാട്സ് ആപ്പ്, ഇ മെയിൽ സംവിധാനത്തിൽ അയച്ചുകൊടുക്കുകയും ചെയ്തു. കുട്ടികൾ ഏറെ താല്പര്യത്തോടെയാണ് ഇതിനെ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നതെന്ന് മനസ്സിലാക്കിയതോടെ അധ്യാപക ഓൺലൈൻ വാട്സ് ആപ്പ് ഗ്രൂപ്പായ മെന്റേഴ്സ് കേരളക്ക് അയച്ചു കൊടുത്തു. ഇവരുടെ പരിശോധനയിൽ വർക്ക്ബുക്കിന്റെ മേന്മ തിരിച്ചറിഞ്ഞ് മറ്റു ക്ലാസ്സുകളുടെയും പഠന സഹായത്തിന് വർക്ക് ബുക്ക് തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം 2,4 ക്ലാസുകളിലെയും വിവിധ വിഷയങ്ങളുടെ വർക്ക്ബുക്ക് തയ്യാറാക്കി നൽകി.
ഓൺലൈൻ അധ്യാപക കൂട്ടായ്മ, എഡ്യൂസ് ആപ്പ് നിനവ് അധ്യാപക കൂട്ടായ്മ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ അധ്യാപക കൂട്ടായ്മകളിലും വർക്ക്ബുക്ക് ഷെയർ ചെയ്തതോടെ ഇദ്ദേഹത്തിന്റെ ശൈലിയിലുള്ള പഠന പ്രവർത്തന രീതികൾ എൽപി തലത്തിൽ വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് പ്രത്യേകം വർക്ക് ബുക്കുകളാണ്. മലയാളം പാഠഭാഗങ്ങൾക്ക് സന്ദർഭോചിതമായ കഥകളും കവിതകളും ശശിധരൻ കല്ലേരി തന്നെയാണ് എഴുതിയിട്ടുള്ളത്. സയൻസ് പാഠങ്ങൾ എളുപ്പമാക്കാൻ ഓരോന്നിന്റെയും ചിത്രീകരണവും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക് ബുക്ക് കാണാനിടയായ ചില സ്കൂൾ അധികൃതർ പുസ്തകമാക്കി നൽകുമോയെന്ന ആവശ്യവുമായി ഇദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളോട് കൂടുതൽ അഭിമുഖ്യം പുലർത്തുന്ന ശശിധരൻ കല്ലേരി അധ്യാപക സംഘടനയായ എകെഎസ്ടിയു എറണാകുളം ജില്ലാ സെക്രട്ടറിയും അക്കാദമിക് അധ്യാപക കൂട്ടായ്മയായ ചങ്ങാതിയുടെ കോ ഓർഡിനേറ്ററുമാണ്.
ENGLISH SUMMARY: teacher will be model as in variety in workshop
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.