കുട്ടികളുടെ മെന്റേഴ്‌സാകാന്‍ അധ്യാപകര്‍ വരുന്നു

Web Desk
Posted on August 02, 2019, 9:28 am
ഡാലിയ ജേക്കബ്

ആലപ്പുഴ: കുട്ടികളുടെ മെന്റേഴ്‌സാകാന്‍ അധ്യാപകര്‍ വരുന്നു. ഇനി മുതല്‍ പഠിപ്പിക്കല്‍ മാത്രമല്ല, വിദ്യാര്‍ഥികളെ വ്യക്തിപരമായി ശ്രദ്ധിക്കാനും അധ്യാപകര്‍ക്ക് ചുമതലയുണ്ടായിരിക്കും. പ്രൈമറി തലത്തില്‍ ഒരു അധ്യാപകന് ശരാശരി 24 കുട്ടികള്‍, ഹൈസ്‌കൂളില്‍ 29, ഹയര്‍ സെക്കന്‍ഡറിയില്‍ 28, വി എച്ച് എസ് സിയില്‍ 18 എന്നിങ്ങനെ ചുമതല നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് അധ്യാപകര്‍ കുട്ടികളുടെ മെന്റര്‍മാരായി മാറണമെന്ന് നിര്‍ദ്ദേശമുള്ളത്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ഹൈടെക് സംവിധാനം മാത്രമല്ല അധ്യാപക വിദ്യാര്‍ഥി ബന്ധത്തിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെന്റേഴ്‌സ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

വീട്ടിലെ സാഹചര്യങ്ങള്‍ കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കുന്നുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നാണ് കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നത്. ഒരു ക്ലാസില്‍ 30 ല്‍ അധികം കുട്ടികളുള്ള സാഹചര്യം ഉണ്ടായാല്‍ അധ്യാപകര്‍ക്ക് അവരെ വേണ്ട രീതിയില്‍ പരിഗണിക്കുവാന്‍ സാധിക്കുകയില്ല. അതിന് മാറ്റം വരുത്തുന്നതിനാണ് പുതിയ രീതി കൊണ്ടുവരുന്നത്. കുട്ടികള്‍ മെന്റര്‍ ആയ അധ്യാപകന്‍ തന്റെ ചുമതലയുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് വേണ്ട സഹായം നല്‍കണം. ഒരു ക്ലാസ് റൂമില്‍ വ്യത്യസ്ത കഴിവും പ്രശ്‌നങ്ങളും ഉള്ള കുട്ടികളാണുള്ളത്.

കുട്ടികളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അധ്യാപകര്‍ക്കാണ് എളുപ്പത്തില്‍ മനസിലാകുന്നത്. വീട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളെ മാനസിക പിരിമുറുക്കത്തിലാക്കുന്നുണ്ട്. ഓരോ കുട്ടിക്കും ഓരോ രീതിയിലുള്ള കഴിവുകളും കാണും. മെന്റേഴ്‌സ് സമ്പ്രദായം വന്നാല്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ മാസ്റ്റര്‍പ്ലാനുകള്‍ കണ്ടെത്താന്‍ സാധിക്കും.
തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടി മരിച്ച സാഹചര്യം പോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് ഇതുപോലുളള ഒരു സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വ്യക്തിഗതമായി ശ്രദ്ധിച്ച് ഇടപെടാന്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കും.

you may also like this video