Monday
25 Mar 2019

സെപ്റ്റംബര്‍ 5 അധ്യാപകദിനം; വിദ്യാര്‍ഥികളെ അന്വേഷകരാക്കുക

By: Web Desk | Wednesday 5 September 2018 8:10 AM IST


Dr-Sarvepalli-Radhakhrishnan
c raveendranath

പ്രൊഫ. സി രവീന്ദ്രനാഥ്
(പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

ന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രമീമാംസകനുമായിരുന്നു ഡോ. എസ് രാധാകൃഷ്ണന്‍. എന്നാല്‍ ഇതിനുമെല്ലാമുപരി ഒരധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. അധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മമായാണ് അദ്ദേഹം പരിഗണിച്ചത്. ഈ കര്‍മത്തെ അത്രമാത്രം അദ്ദേഹം സ്‌നേഹിച്ചിരുന്നു; മാനിച്ചിരുന്നു. ശിഷ്യരുടെ സ്‌നേഹാദരങ്ങള്‍ വലിയതോതില്‍ നേടിയെടുത്ത അധ്യാപകശ്രേഷ്ഠനായിരുന്നു ഡോ. എസ് രാധാകൃഷ്ണന്‍. അതുകൊണ്ടാണ് ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ ജന്മദിനം എല്ലാവര്‍ഷവും നന്നായി ആഘോഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഡോ. എസ് രാധാകൃഷ്ണന്‍ തന്നെ മുന്നോട്ടുവെച്ച ആശയമാണ് തന്റെ ജന്മദിനം തന്റെ മാത്രമാക്കി മാറ്റാതെ രാജ്യത്തിലെ അധ്യാപകരെ മുഴുവന്‍ ആദരിക്കുന്ന ദിനമെന്ന നിലയില്‍ അധ്യാപകദിനമായി ആചരിക്കണം എന്നത്. 1960- കള്‍ മുതല്‍ സെപ്തംബര്‍ 5 എന്നത് അധ്യാപകദിനമായി നാം ആചരിച്ചിരുവരുന്നു.
അധ്യാപനം പോലെ ഇത്രമാത്രം സ്വാധീനം ചെലുത്താവുന്ന മറ്റൊരു തൊഴിലില്ല. കുട്ടികളുടെ ഭാവിയെ അതിനിര്‍ണായകമായി സ്വാധീനിക്കുന്നവരാണ് അധ്യാപകര്‍. കുട്ടികളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കാന്‍ അധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. കുട്ടികളുടെ ചിന്തയുടെയും പെരുമാറ്റത്തിന്റെയും മൂല്യബോധത്തിന്റെയും വികാസത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകര്‍.
ഈ വര്‍ഷത്തെ അധ്യാപകദിനാചരണത്തിന് പ്രസക്തി ഏറെയാണ്. ഒരു വലിയ പ്രകൃതി ദുരന്തത്തെ മറികടന്ന ഉടനെയാണ് അധ്യാപകദിനം ആചരിക്കുന്നത്. കുട്ടനാട് പൂര്‍ണ്ണമായും പ്രളയത്തില്‍ നിന്നും കരകയറിയിട്ടില്ല.
നേരിട്ടും അല്ലാതെയും പ്രളയത്തിന്റെ ഭാഗമായവരാണ് കേരളത്തിലെല്ലാവരും. കേരളത്തിലുള്ളവര്‍ മാത്രമല്ല ലോകമലയാളികളെല്ലാം ഇതിന്റെ പരോക്ഷപങ്കാളിയാണ്. തീരദേശത്തുള്ളവരും, കുട്ടനാട്ടുകാരും, മലയോരവാസികളും ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങളെയും പ്രകൃതി പ്രതിഭാസങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചവരാണ്. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ താരതമ്യേന കുറവായി മാത്രം ബാധിക്കുന്ന ഇടനാടിനെയാണ് ഇത്തവണ വെള്ളപ്പൊക്കം ഏറെ ബാധിച്ചത്. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ശാരീരികമായും മാനസികമായും വൈകാരികമായും പിടിച്ചുലച്ച ഈ വെള്ളപ്പൊക്കം ഉയര്‍ത്തിയ ആഘാതങ്ങളില്‍ നിന്നും കരകയറാന്‍ സമൂഹത്തിന് പലതരത്തിലുള്ള സഹായങ്ങള്‍ അനിവാര്യമായ സമയമാണിത്. മലയാളികളില്‍ ഒളിഞ്ഞിരിക്കുന്ന കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും തലങ്ങളും അനുതാപത്തിന്റെ തരംഗവും എല്ലാം ഈ പ്രളയകാലത്ത് നാം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ലോകത്തെവിടെയുമുള്ള മലയാളിക്ക് ഞാന്‍ മലയാളിയാണ് എന്ന അഭിമാനം ഉണ്ടായി. പ്രളയകാലത്ത് പ്രളയബാധിതരെ സഹായിക്കാനാവശ്യമായ ഭക്ഷണം, തുണിത്തരങ്ങള്‍, മറ്റു സാധനങ്ങള്‍ എന്നിവ എത്തിക്കുന്നതില്‍ സമൂഹം കാണിച്ച കൂട്ടായ്മ ലോകത്തിന് തന്നെ മറ്റൊരു അനുഭവതലം കാട്ടിക്കൊടുത്തു. പ്രളയത്തിനിരയായവരെ സഹായിക്കാനും നവകേരള സൃഷ്ടിക്കുമായി ആവശ്യമായ സമ്പത്ത് സമൂഹത്തോട് മുഖ്യമന്തി അഭ്യര്‍ഥിച്ചപ്പോള്‍ അതിനോടുള്ള പ്രതികരണം ആവേശം നല്‍കുന്നതാണ്. മലയാളികള്‍ മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികളും ഭരണകൂടങ്ങളും വലിയ താല്‍പര്യത്തോടെയാണ് പ്രതികരിച്ചത്. ഇതെല്ലാം നമ്മുടെ ശക്തിയാണ്, സംസ്‌കാരമാണ്.
പ്രളയകാലത്ത് പ്രളയത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സ്വയംമറന്ന് കര്‍മ്മരംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളും കേരളത്തിലെ യുവതയും നമ്മളില്‍ അന്തര്‍ലീനമായ മാനവികതയെയും, നന്മയെയുമാണ് പ്രതിഫലിപ്പിച്ചത്. ഇത്തരം നന്മകളും മാനവികതയും ഉളവാകാന്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ വിദ്യാലയങ്ങള്‍, വിദ്യാഭ്യാസ സംവിധാനം, പാഠ്യപദ്ധതി എന്നിവയൊക്കെ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാനമാണ് സമൂഹത്തില്‍ നിന്നും ലഭിച്ച വിദ്യാഭ്യാസം. നമ്മുടെ യുവത വേണ്ടതരത്തിലാണോ പെരുമാറുന്നത് എന്ന് സന്ദേഹമുള്ളവര്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു ഈ ഘട്ടത്തില്‍ അവരുടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും.
പ്രളയാനന്തരം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിന്റെയെല്ലാം കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ മാറണം. വിദ്യാലയങ്ങളിലും വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേക്കും പ്രസരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പെട്ടെന്നുണ്ടായ ആഘാതത്തില്‍ പകച്ചു പോയ കുട്ടികളെയും അവരുടെ വീട്ടുകാരെയും ആത്മവിശ്വാസം നല്‍കി സ്‌കൂളുകളിലേക്കും വീടുകളിലേക്കും തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ശാരീരികമായി അവര്‍ സ്‌കൂളിലും വീട്ടിലും എത്തിയിട്ടുണ്ടാകും. എന്നാല്‍ ഉണ്ടായ നഷ്ടത്തിന്റെ വൈപുല്യം ഉയര്‍ത്തുന്ന നഷ്ടബോധം ഒരു പ്രശ്‌നം തന്നെയാണ്. ഇത് അഭിമുഖീകരിക്കേണ്ടതുണ്ട്. ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള യൂണിസെഫിന്റെയും മാനസിക പ്രശ്‌നങ്ങളെ സംബന്ധിച്ച ഗവേഷണസ്ഥാപനമായ നിംഹാന്‍സിന്റെയും സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയബാധിത ജില്ലകളിലെ കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിങ് പ്രോഗ്രാം നടത്തുന്നു. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. പ്രളയം മനസിനെ ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുള്ള മുഴുവന്‍ കുട്ടികളെയും ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. അധ്യാപകരാണ് ഈ പ്രക്രിയയില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടത്. കുട്ടികളുടെ സംഘര്‍ഷഭരിതമായ മനസിനെ പഠനാന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ചുമതല എല്ലാ അധ്യാപകരും ഏറ്റെടുക്കണം.
ഇനി നാം ഏറെ കരുതിയിരിക്കേണ്ടത് ജലജന്യരോഗങ്ങളെയാണ്. മലിനജലവും, ജലംവഴി വരുന്ന രോഗങ്ങളും വലിയ വിപത്തിന് കാരണമാകും. കരുതിയിരുന്നാല്‍ ഇവയെയും അതിജീവിക്കാം. എലിപ്പനി, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ വലിയ ഭീഷണിയാകാം. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനും വന്നാല്‍ പടരാതിരിക്കാനും ശ്രദ്ധവേണം. ഇക്കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുവാനുള്ള ഇടമായി വിദ്യാലയങ്ങള്‍ മാറണം. ആരോഗ്യവകുപ്പുമായും നാട്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായും കൂട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയണം. രോഗപ്രതിരോധത്തില്‍ നാം സമ്പൂര്‍ണമായും പങ്കാളികളാകണം.
എലിപ്പനി ഒരു പ്രധാന ഭീഷണിയായി വന്നുകൊണ്ടിരിക്കുന്നു. എലിയുടെ വിസര്‍ജ്ജ്യ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍പ്പെട്ട ജലത്തിലൂടെയാണിത് പടരുന്നത്. ഇത്തരം ജലത്തിലൂടെ നടക്കുന്നതോ സ്പര്‍ശിക്കുന്നതോ രോഗകാരണമാകാം. മലിനജല സമ്പര്‍ക്കമുണ്ടായാല്‍ പ്രതിരോധ ചികിത്സ നടത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ വേണം. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ പ്രതിരോധിക്കാം.
ഇതുപോലെ തന്നെ കരുതിയിരിക്കേണ്ടതാണ് ഡങ്കിപ്പനി. ഇത് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ കനത്ത മഴയില്‍ ഇല്ലാതായതിനാല്‍ ഇപ്പോള്‍ ഡങ്കിപ്പനി വരുന്നില്ലെങ്കിലും മഴ ശമിക്കുന്ന ഘട്ടത്തില്‍ തിരിച്ചുവരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ പരിസരത്ത് കൊതുകുകള്‍ക്ക് വളരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവരുത്. എല്ലാറ്റിനും ശുചിത്വം പ്രധാനമാണ്. ശുചിത്വമുള്ള വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുവാന്‍ അദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളം തിളപ്പിച്ചാറ്റി മാത്രമേ കുടിക്കാവൂ. കുടിക്കുന്ന വെള്ളംമാത്രം ശ്രദ്ധിച്ചാല്‍ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, കൈ കഴുകുന്ന വെള്ളം, കക്കൂസില്‍ പോയാല്‍ ശരീരം വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഇവയുടെയെല്ലാം ശുചിത്വം ശ്രദ്ധിക്കണം. കൂടാതെ നാം പാലിക്കേണ്ട ശുചിത്വശീലങ്ങളും രീതികളും കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും സംപ്രേഷിപ്പിക്കാനുള്ള ഇടമാക്കി സ്‌കൂളുകളെ മാറ്റാന്‍ കഴിയണം. ഇതിനെല്ലാം നേതൃത്വം നല്‍കാന്‍ കഴിയുക അധ്യാപകര്‍ക്ക് മാത്രമാണ്. അങ്ങനെയാണ് അധ്യാപനം ശ്രേഷ്ഠമായ സാമൂഹികപ്രവര്‍ത്തനമായി മാറേണ്ടത്. കുട്ടികളെയും സമൂഹത്തെയും ജീവിതത്തിലേക്കും അവരുടെ പ്രവര്‍ത്തനമണ്ഡലത്തിലേക്കും തിരികെ എത്തിക്കാന്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. ആയതിനാല്‍ നാം നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ്.
അപ്രതീക്ഷിതമായും നമുക്ക് പരിചിതമല്ലാത്ത വിധത്തിലും അതിക്രമിച്ചു വന്ന പ്രളയം സുഗമമായി മുന്നേറിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനത്തെ ചെറുതല്ലാത്തവിധം ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശത്ത് നേരിട്ടും അല്ലാത്തിടത്ത് പരോക്ഷമായും എല്ലാവരേയും ഒരേ തരത്തിലല്ലെങ്കി മറ്റൊരു തരത്തില്‍ ബാധിച്ച ഒന്നാണ് പ്രളയം. ഇനി നമുക്ക് പതുക്കെ പതുക്കെ തിരിച്ചുവരണം.
പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത വര്‍ധിച്ചതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കൂടുതലായി എത്തിച്ചേര്‍ന്ന മൂന്നരലക്ഷത്തോളം കുട്ടികളടക്കമുള്ള 44 ലക്ഷത്തില്‍പരം കുട്ടികള്‍ക്കുള്ള പഠന ഇടമാണ് സ്‌കൂള്‍ വിദ്യാഭ്യാസം. ഈ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുക എന്നത് നമ്മുടെ കടമയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുന്ന ഘട്ടത്തിലാണ് അതിനെയെല്ലാം തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രകൃതിക്ഷോഭം ഉണ്ടായത്. അക്കാദമിക കാര്യങ്ങളില്‍ തടസം നേരിട്ടുണ്ട്. അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരണം. ഇതില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്.
കഴിഞ്ഞ വര്‍ഷം തയാറാക്കിയ സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനുകളെ പ്രായോഗിക പദ്ധതികളാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്ര ശിക്ഷയുടെ ഭാഗമായി ആരംഭിച്ചിരുന്നു. പ്രകൃതിക്ഷോഭം മൂലം നിര്‍ത്തിവച്ചിരുന്ന ഈ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ തല പ്രായോഗിക പദ്ധതികളുടെ പ്രാധാന്യം ഏറെ വര്‍ധിച്ചിട്ടുണ്ട്. സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ അത് എത്രയും വേഗം ചെയ്ത് സ്‌കൂള്‍ തലത്തില്‍ പ്രായോഗികമാക്കുന്നതാണ്.
താന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിരന്തരമായുള്ള അന്വേഷണം നടക്കണം. അങ്ങനെ വിദ്യാര്‍ഥികളെ നിരന്തര അന്വേഷകരാക്കിമാറ്റുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. ഇക്കാര്യം ഏറ്റവും നന്നായി നടത്താനുള്ള ഒരു സാഹചര്യവും പ്രകൃതി ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താനും അതിനെ ഏറ്റവും ഉയരത്തിലെത്തിക്കാനും ജനാധിപത്യമതനിരപേക്ഷ മൂല്യബോധം വളര്‍ത്താനുമുള്ള പൊതു ഇടങ്ങളാക്കി വിദ്യാലയങ്ങളെ മാറ്റാനുള്ള പ്രവര്‍ത്തനം കൂടുതല്‍ കൂടുതല്‍ കരുത്തോടെ ചെയ്യാനുള്ള ആത്മവിശ്വാസവും കരുത്തും നിശ്ചയ ദാര്‍ഢ്യവും ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി ഈ വര്‍ഷത്തെ അധ്യാപക ദിനം മാറും എന്ന് പ്രതീക്ഷിക്കുന്നു.

Related News