Tuesday
18 Jun 2019

സാമൂഹ്യതിന്മകള്‍ക്കെതിരെ തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം: സത്യന്‍ മൊകേരി

By: Web Desk | Friday 17 May 2019 7:03 PM IST


മണ്ണുത്തി: സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പ്രതികരിക്കുവാന്‍ ശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടു. മണ്ണുത്തിയില്‍ നടക്കുന്ന ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എകെഎസ്ടിയു) സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം അധ്യാപകരും സംഘടനാരംഗവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രവും ശാസ്ത്രവുമെല്ലാം ഫാസിസ്റ്റുകള്‍ തങ്ങള്‍ക്കാവശ്യമായ വിധം വളച്ചൊടിക്കുകയാണ്. മഹാത്മാ ഗാന്ധിയല്ല ഗോഡ്‌സെയാണ് ചരിത്രപുരുഷന്‍ എന്ന് സമര്‍ത്ഥിക്കുന്നതിലൂടെ പുതുചരിത്രം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണവര്‍. സമൂഹത്തില്‍ നടക്കുന്ന ഇത്തരം പ്രവണതകള്‍ മനസ്സിലാക്കി കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ കഴിവുള്ളവരാവണം അധ്യാപകര്‍. പുതിയ പ്രശ്‌നങ്ങളെകുറിച്ച് നിരന്തരം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വം അധ്യാപകസമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തെ സഹായിക്കുവാനുള്ള ബാധ്യത അധ്യാപകര്‍ക്കുണ്ട്. ഇതൊരു കടമയായി ഏറ്റെടുക്കണം. അതിനായി അധ്യാപകരെ സജ്ജരാക്കേണ്ട കടമ സംഘടനകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. കെ രാജന്‍ എംഎല്‍എ, സിപിഐ ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി ആര്‍ രാധാകൃഷ്ണന്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി ജോയ് വി ഒ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ ശ്രീകുമാര്‍ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ കമ്മീഷനുകളുടെ രൂപീകരണം നടന്നു.
പുതിയ കാലത്തെ അധ്യാപനം എന്ന വിഷയത്തില്‍ ആത്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി കെ സുരേഷ് സംസാരിച്ചു. വൈകിട്ട് അഞ്ചിന് മണ്ണുത്തി ടൗണില്‍ നടന്ന പൊതുവിദ്യാഭ്യാസസദസ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സത്യന്‍ മൊകോരി, കെ കെ വത്സരാജ്, എ പി അഹമ്മദ്, ഒ കെ ജയകൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, കെ എസ് ഭരത് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ ഒമ്പതിന് ഒന്നാകുന്ന പൊതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഹയര്‍സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ. പി പി പ്രകാശന്‍ വിഷയാവതരണം നടത്തും. സി എന്‍ ജയദേവന്‍ എംപി, കെ പി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഭാവി ക്യാമ്പയിനുകള്‍ക്കും പുതിയ അധ്യയന വര്‍ഷത്തെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പ് രൂപം നല്‍കും.

You May Also Like This:

Related News