Web Desk

കാസര്‍കോട്‌

January 17, 2021, 6:41 pm

ജില്ലയില്‍ ഹയര്‍ സെക്കണ്ടറിയില്‍ അധ്യാപക ക്ഷാമം

Janayugom Online

22 പ്രിന്‍സിപ്പല്‍മാരുടെയും മുന്നുറോളം അധ്യാപകരുടെയും ഒഴിവ്‌

ജില്ലയില്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ അധ്യാപക ക്ഷാമം രൂക്ഷമാവുന്നു. കോവിഡ്‌ കാരണം അടച്ചിട്ടിരുന്ന സ്‌കൂള്‍ തുറന്നതോടെയാണ്‌ അധ്യാപക ക്ഷാമം സ്‌കൂളുകളെ സാരമായി ബാധിക്കുന്നത്‌. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 62 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിലവില്‍ 22സ്‌കൂളുകളില്‍ പ്രിന്‍സിപ്പാള്‍മാരുടേയും 300ന്‌ അടുത്ത്‌ അധ്യാപകരുടേയും ഒഴിവുകള്‍ നിലനില്‍ക്കുകയാണ്‌. ജിവിഎച്ച്‌എസ്‌എസ്‌ കാസര്‍കോട്‌ ഫോര്‍ ഗേള്‍സ്‌, ജിഎച്ച്‌എസ്‌ എസ്‌ അംഗടിമൊഗര്‍, ജി.എച്ച്‌ എസ്‌എസ്‌ ഉപ്പള, ജിഎച്ച്‌എസ്‌എസ്‌ പഡ്രെ, ജിഎച്ച്‌എസ്‌ എസ്‌ മുള്ളേരിയ, ജിഎച്ച്‌എസ്‌എസ്‌ കക്കാട്ട്‌, ജിഎച്ച്‌ എസ്‌ എസ്‌ എസ്‌ ബെള്ളൂര്‍, ജിഎച്ച്‌എസ്‌എസ്‌ രാവണീശ്വരം, ജിഎച്ച്‌എസ്‌എസ്‌ അഡൂര്‍, ജിഎച്ച്‌എസ്‌ എസ്‌ ഷിറിയ, ജിഎച്ച്‌ എസ്‌ എസ്‌ കല്യോട്ട്‌, ജിഎച്ച്‌എസ്‌എസ്‌ ബേക്കൂര്‍, ജിഎച്ച്‌എസ്‌എസ്‌ പടന്നകടപ്പുറം, ജിഎച്ച്‌എസ്‌എസ്‌ ബേക്കല്‍, ജിഎച്ച്‌എസ്‌എസ്‌ മൊഗ്രാല്‍ തുടങ്ങി 22 സ്‌കൂളുകളിലാണ്‌ പ്രിന്‍സിപ്പാള്‍മാരുടെ ഒഴിവുള്ളത്‌. അതേ സമയം 25 അധ്യാപകര്‍ക്ക്‌ സെക്‌ടറല്‍ മജിസ്‌ട്രേറ്റര്‍മാരുടെ ചുമതല നല്‍കിയതും ഹയര്‍ സെക്കണ്ടറി മേഖലയിലെ പഠനത്തെ ബാധിക്കുന്നുണ്ട്‌. 25 പേരെ സെക്‌ട്രല്‍മജിസ്‌ട്രേറ്റുമാരായി ചുമതലപ്പെടുത്തിയതില്‍ 15 പേരാണ്‌ 38 പഞ്ചായത്തുകളും മൂന്ന്‌ മുന്‍സിപ്പാലിറ്റിയിലും ഉള്‍പ്പെടെ ചുമതലയേറ്റിരിക്കുന്നത്‌. ബാക്കി പത്ത്‌ പേരേ റിസര്‍വ്വ്‌ ലിസ്റ്റിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവരില്‍ പലര്‍ക്കും സ്‌കൂളുകളില്‍ എത്താനാകുന്നില്ല. മാര്‍ച്ച്‌ 17 ന്‌ ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട്‌ സ്‌കൂളുകളില്‍ കുട്ടികളുടെ സംശയം നിവാരണം നടത്തിവരുന്ന അധ്യാപകരെയാണ്‌ കോവിഡ്‌ 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്ടറല്‍ മജിസ്‌ട്രേറ്റ്‌ ചുമതല നല്‍കിയത്‌ എന്നതാണ്‌ വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചത്‌.

15 ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക്‌ സെക്‌ട്രല്‍ മജിസ്‌ട്രേറ്റ്‌ ചുമതല

അധ്യാപകരുടെ ഒഴിവ്‌ നികത്തുന്നതിന്‌ ബി ആര്‍ സി വഴി അധ്യാപകരെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും
ആവശ്യത്തിന്‌ ദിവസവേതന അധ്യാപകരെ ലഭിക്കാത്ത സ്ഥിതിയാണ്‌. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടും വേണ്ടത്ര അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. കോവിഡ്‌ കാലത്ത്‌ ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായിരുന്ന സമയത്ത്‌ മറ്റെല്ലാ മേഖലയിലും സഹായങ്ങള്‍ ലഭിക്കുമ്പോള്‍ തങ്ങളെ ഒരുതരത്തിലും പരിഗണിച്ചില്ലെന്ന പരിഭവത്തിന്റെ ഭാഗമായാണ്‌ രജിസ്‌ട്രേഷന്‍ കുറയുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ദിവസ വേതനം 500 രൂപയാക്കിയതും ഹയര്‍ സെക്കണ്ടറി തസ്‌തികയിലേക്ക്‌ രജിസ്‌ട്രേഷന്‍ കുറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍ ജില്ലാ ഭരണ കൂടം നടപ്പിലാക്കിയ മാഷ്‌ പദ്ധതി കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയിട്ടുള്ളത്‌. ഈ പദ്ധതിയില്‍ നിന്ന്‌ നിലവില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി അധ്യാപകരെ ഒഴിവാക്കിയപ്പോള്‍ െ്രെപമറി അധ്യാപകര്‍ക്കാണ്‌ ചുമതല നല്‍കിയിരിക്കുന്നത്‌. ഇതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍ വളരെ ഏറെ ദൂരത്തുള്ളവര്‍ എന്നിവര്‍ക്കൊക്കെ ഡ്യൂട്ടി നല്‍കിയിട്ടുണ്ട്‌. ഇവര്‍ ഒഴിവാക്കുന്നതിന്‌ അപേക്ഷ നല്‍കിയാലും അവര്‍ക്ക്‌ അനുകൂലമായ നടപടികളുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്‌. ഹയര്‍ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട്‌ സ്‌കൂളുകളില്‍ കുട്ടികളുടെ സംശയം നിവാരണം നടത്തിവരുന്ന ഹയര്‍ സെക്കണ്ടറി അധ്യാപകരെ കോവിഡ്‌ 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്ടറല്‍ മജിസ്‌ട്രേറ്റ്‌ ചുമതല നല്‍കിയ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അടിയന്തിരമായി പുന:പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ (എ കെ എസ്‌ ടി യു )നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി സി.രവീന്ദ്രനാഥ്‌, ജില്ലയുടെ ചുമതലയുള്ള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്‌.