27 March 2024, Wednesday

ടെക്ഫോഗ്: പരമോന്നത നീതിപീഠ ഇടപെടല്‍ അനിവാര്യം

Janayugom Webdesk
January 15, 2022 5:00 am

പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ സംബന്ധിച്ച ആഗോള മാധ്യമ കൂട്ടായ്മയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപ്പാടെ അട്ടിമറിക്കാന്‍ പര്യാപ്തമായ മറ്റൊരു സെെബര്‍ അധിഷ്ഠിത ആപ്ലിക്കേഷന്റെ വ്യാപകമായ ദുരുപയോഗത്തിന്റെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പെഗാസസ് പോലെ സെെനികശ്രേണിയില്‍പ്പെട്ട ‘ടെക്ഫോഗ്’ എന്ന സെെബര്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍ ബിജെപിയുടെ സെെബര്‍ പോരാളികള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ദുരുപയോഗത്തിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമകൂട്ടായ്മയില്‍ ഉള്‍പ്പെട്ട ‘ദ വയര്‍’ വാര്‍ത്താ പോര്‍ട്ടലിന്റെ രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണമാണ് ബിജെപിയുടെ വിധ്വംസക പ്രവര്‍ത്തനം തുറന്നുകാട്ടുന്നത്. പെഗാസസ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ന്യായാധിപര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ടവരെയാണ് ലക്ഷ്യം വച്ചിരുന്നതെങ്കില്‍ ടെക്‌ഫോഗ് വിപുലമായ രാഷ്ട്രീയ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ദുരുപയോഗം ചെയ്തിട്ടുള്ളത്. ടെക്‌ഫോഗ് സമൂഹമാധ്യമ ഫ്ല‌ാറ്റ്ഫോമുകളില്‍ നുഴഞ്ഞുകയറി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വനിതകളടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ വിമര്‍ശകര്‍ക്കും പ്രതിയോഗികള്‍ക്കും എതിരെ വ്യാപകമായി പ്രയോഗിച്ചതുമായാണ് വെളിപ്പെടുത്തല്‍. ബിജെപിയുടെ സെെബര്‍ സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മുന്‍ വനിതാ സ്റ്റാഫ് അംഗം തന്നെയാണ് ഈ വിധ്വംസക സെെബര്‍ ആപ്ലിക്കേഷന്‍ സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി നല്കാത്തതിനെ തുടര്‍ന്നാണ് അവര്‍ വെളിപ്പെടുത്തലിനു മുതിര്‍ന്നത്. രാഷ്ട്ര സുരക്ഷയ്ക്കായി ശത്രുരാജ്യങ്ങള്‍ക്കുനേരെ പ്രയോഗിക്കുന്ന സെെനിക ശ്രേണിയില്‍പ്പെട്ട ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോ അനുമതിയൊ കൂടാതെ ഭരണകക്ഷിയുടെ സെെബര്‍ സെല്ലില്‍ എത്തിച്ചേര്‍ന്ന സാഹചര്യം ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഉപയോക്താവിന്റെ അറിവുകൂടാതെ സമൂഹമാധ്യമങ്ങളില്‍ കടന്നുകയറാനും സ്വത്വചോരണത്തിലൂടെ കോണ്‍ടാക്ടുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാനും ഈ സെെബര്‍ ആപ്പുവഴി സാധ്യമാകും. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവയില്‍ അത്തരത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ കൃത്രിമമായി ട്രെന്‍ഡിങ് ആക്കി മാറ്റാനും ഇതുവഴി കഴിയും.


ഇതുകൂടി വായിക്കാം; പെഗാസസ് വീണ്ടും വാർത്തയാവുമ്പോൾ


ഉപയോഗത്തില്‍ ഇല്ലാത്ത സമൂഹമാധ്യമ അക്കൗണ്ടുകളുടെ സ്വത്വം കവര്‍ന്നെടുത്ത് വ്യാപകമായി ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബിജെപിയെ വിമര്‍ശിക്കാന്‍ മുതിര്‍ന്ന നൂറുകണക്കിനു വനിത പത്രപ്രവര്‍ത്തകര്‍ക്ക് എതിരെ അശ്ലീല കമന്റുകളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തുന്നതിനും ബിജെപി സെെബര്‍സെല്‍ ഈ ആപ്ലിക്കേഷന്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. സെെനിക ശ്രേണിയില്‍പ്പെട്ട ഈ സെെബര്‍ ആപ്ലിക്കേഷന്‍ ശത്രുക്കള്‍ക്കുപകരം സ്വന്തം പൗരന്മാര്‍ക്കെതിരെ സര്‍ക്കാരിന്റെ അറിവുകൂടാതെ പ്രയോഗിക്കുക അസാധ്യമാണെന്ന് അന്വേഷണം വെളിപ്പെടുത്തുന്നു. മോഡി സര്‍ക്കാരിന്റെയും ബിജെപിയുടെയും ചിന്താധാരക്കും കാഴ്ചപ്പാടിനും എതിരായി ചിന്തിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്ന ആരെയും ശത്രുവും രാജ്യദ്രോഹിയുമായി കാണുകയും മുദ്രകുത്തുകയും ചെയ്യുന്ന തീവ്രഹിന്ദുത്വ ദേശീയതയുടെ ആയുധമായാണ് ടെക്‌ഫോഗിന്റെ പ്രയോഗം. പൗരന്റെ സ്വകാര്യതക്കുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ടെക്ഫോഗിലൂടെ നടന്നത്. പെഗാസസില്‍ എന്നതുപോലെ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകളെപ്പറ്റി മോഡി ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദത ജനാധിപത്യ രാഷ്ട്രത്തെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. സംഭവത്തെപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റ് അംഗങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ മോഡിഭരണകൂടം വിസമ്മതിക്കുന്നു. പാര്‍ലമെന്റിന്റെ ആഭ്യന്തര മന്ത്രാലയം സംബന്ധിച്ച സ്ഥിരം സമിതി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡും പത്രപ്രവര്‍ത്തകരുടെ സംഘടനകളും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പെഗാസസ് വിഷയത്തില്‍ അന്വേഷണം നടത്തുന്ന സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ടെക്‌ഫോഗിലും അന്വേഷണം നടത്തണമെന്ന ആവശ്യവും സജീവമാണ്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്കും പൗരാവകാശങ്ങള്‍ക്കും ഭീഷണിയായ വിഷയത്തില്‍ പരമോന്നത കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം സത്യം പുറത്തുകൊണ്ടുവരാന്‍ അനിവാര്യമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.