21 April 2024, Sunday

സംരംഭകര്‍ക്കായി ടെക്‌നോളജി ക്ലിനിക്കുകള്‍ തുടങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
September 26, 2021 7:08 pm

കേരളത്തിലെ സംരംഭകര്‍ക്ക് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ 38 ടെക്‌നോളജി ക്ലിനിക്കുകള്‍ തുടങ്ങാനുള്ള പദ്ധതിയുമായി വ്യവസായ വകുപ്പ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂക്ഷ്മ സംരംഭകരുള്ള പ്രധാനപ്പെട്ട 10 മേഖലകള്‍ തിരഞ്ഞെടുത്തുകൊണ്ട്, ഈ മേഖലയിലെ പുതിയ സാങ്കേതികവിദ്യയെ കുറിച്ചും അവിടുത്തെ മികച്ച മാര്‍ക്കറ്റിങ് അവസരങ്ങള്‍ ഒരുക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും പുതിയ ഉപകരണങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളായിരിക്കും സംസ്ഥാന തലത്തിലുള്ള ടെക്‌നോളജി ക്ലിനിക്കുകളിലൂടെ സംരംഭകരിലേക്ക് എത്തിക്കുക. 

ഓരോ ജില്ലയിലും പ്രാദേശികമായി ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ഉള്ള മേഖലകള്‍ തിരഞ്ഞെടുത്തുകൊണ്ട് രണ്ടു വീതം ടെക്‌നോളജി ക്ലിനിക്കുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ ജില്ലാതലത്തില്‍ 28 ഉം സംസ്ഥാന തലത്തില്‍ 10 ഉം ഉള്‍പ്പെടെ 38 ടെക്‌നോളജി ക്ലിനിക്കുകള്‍ നടത്തിക്കൊണ്ട് കേരളത്തിലെ സംരംഭകരില്‍ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അവര്‍ക്ക് പുതിയ ആശയങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പകരാനുമാണ് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലെ ടെക്‌നോളജി ക്ലിനിക്കുകളില്‍ ആദ്യത്തേതിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടന്നു. വ്യവസായ മന്ത്രി പി രാജീവാണ് ടെക്‌നോളജി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിനും സംരംഭകര്‍ക്കും കൂടുതല്‍ വരുമാനം ലഭിക്കാനും വ്യവസായവത്ക്കരണം എളുപ്പമാക്കാനും ഈ ടെക്‌നോളജി ക്ലിനിക്കുകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വകുപ്പ്. 

Eng­lish Sum­ma­ry : tech­nol­o­gy clin­ics to start in ker­ala for enterpreuners

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.