കീവ്: കഴിഞ്ഞ ദിവസം ടെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ നിലംപതിച്ച ഉക്രൈനിൽ യാത്രാവിമാനത്തിൽ അബദ്ധത്തിൽ ഇറാൻ മിസൈൽ പതിക്കുകയായിരുന്നുവെന്ന് പാശ്ചാത്യലോകത്തെ സുരക്ഷ ഉദ്യോഗസ്ഥർ. രണ്ട് ഭൂതല‑വ്യോമ മിസൈലുകൾ വിമാനത്തിൽ പതിച്ചെന്നാണ് കരുതുന്നത്.
176 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തെക്കുറിച്ച് ഇറാനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അമേരിക്കൻ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു. അന്വേഷണത്തിനായി ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്.
വിമാന രേഖകളോ ബ്ലാക്ക് ബോക്സോ അമേരിക്കൻ വ്യോമയാന അധികൃതർക്ക് കൈമാറില്ലെന്ന് നേരത്തെ തന്നെ ഇറാൻ വ്യോമയാന അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവ ഉക്രൈൻ അന്വേഷണ സംഘത്തിന് വേണമെങ്കിൽ നൽകാമെന്ന നിലപാടും അറിയിച്ചു.
തങ്ങൾക്ക് നീതി ലഭിക്കും വരെ കനേഡിയൻ സർക്കാർ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചിട്ടുണ്ട്. തങ്ങൾക്കും സഖ്യകക്ഷികൾക്കും ഇന്റലിജൻസ് സംവിധാനങ്ങളുണ്ട്. വിമാനം മിസൈലുകൾ വീഴ്ത്തിയതാണോയെന്ന് അറിഞ്ഞേ തീരൂ. കാനഡക്കാർക്ക് ഉത്തരങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയും വിശ്വാസ്യതയും നീതിയുമാണ് ഞങ്ങൾക്ക് വേണ്ടതെന്നും ട്രൂഡോ പറഞ്ഞു.
മിസൈലാക്രമണത്തിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
Tehran crash: plane downed by Iranian missile, western officials believe. Justin Trudeau vows to find answers over crash that killed 176 people, including 63 Canadians