വെറ്ററിനറി ഡോക്ടറുടെ കൊലപാതകം: കത്തിയെരിയുന്നത് കണ്ട് ശരീരമാകെ മരവിച്ചു! നിർണായകമായി സാക്ഷിമൊഴി

Web Desk
Posted on December 04, 2019, 9:51 am

ഹൈദരാബാദ്: ആ കൊടും ക്രൂരതയ്ക്ക് മുന്നിൽ രാജ്യം തലകുനിച്ചത് കഴിഞ്ഞമാസം 27നായിരുന്നു. എല്ലാ ജീവജാലങ്ങളെയും ജീവനുതുല്യം സ്നേഹിച്ച് മിണ്ടാ പ്രാണികൾക്ക് തുണയാകാറുള്ള യുവ മൃഗഡോക്ട്ർ കാമവെറിപൂണ്ട കിരാതർക്കു മുന്നിൽ അടിയറവു പറയേണ്ടി വന്നത്. പിറ്റേ ദിവസം കത്തിയെരിയുന്ന ആ ശരീരം ആദ്യം കണ്ട് പൊലീസിൽ വിവരം നൽകു്നനത് വരെ സംഭവം പുറം ലോകം അറിഞ്ഞില്ല എന്നത് ദുഖകരം തന്നെ.

നവംബർ 28 വ്യാഴാഴ്ച, നേരം വെളുത്തുവരുന്നതേയുള്ളു. സമയം ഏകദേശം അഞ്ചുമണി. പതിവുപോലെ പശുക്കളെ കറക്കാൻ ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലൂടെ ചതൻപള്ളി പാലം കടന്നു തന്റെ ഫാമിലേക്കു പോകുകയായിരുന്നു നരസിംഹ. അപ്പോഴാണ് അസാധാരണമായി എന്തോ കത്തിയെരിയുന്നത് നരസിംഹ കണ്ടത്. രാവിലെ ഈ പ്രദേശങ്ങളിൽ തീയിടുന്നതു പതിവായതു കൊണ്ട് അവഗണിച്ചു. കൃഷിയിടത്തിലെ ജോലികൾ തീർത്ത് എട്ടു മണിയോടെ മടങ്ങിവരുമ്പോഴും തീ അണഞ്ഞിരുന്നില്ല. ഇത്രയും സമയം എന്താണു നിന്നുകത്തുന്നത് എന്നറിയാനാണ് അടുത്തു ചെന്നത്. പകുതി കത്തിയെരിഞ്ഞ ഒരു കൈയാണ് ആദ്യം കണ്ണിൽ ഉടക്കിയത്. കണ്ണിൽ ഇരുട്ട് കയറി ആകെ മരവിച്ച അവസ്ഥയിലായി.

ഉടൻ സുഹൃത്ത് സത്യയേയും കൂട്ടി െപാലീസ് സ്റ്റേഷനിൽ ചെന്ന് വിവരം അറിയിക്കുകയായിരുന്നു. വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലായിരുന്നു. വിരലിലെണ്ണാവുന്ന കർഷകരും ട്രാക്ടർ ഡ്രൈവർമാരും മാത്രം ഉപയോഗിക്കുന്ന ചതൻപള്ളി പാലത്തിനു സമീപം തന്നെ മൃതദേഹം കത്തിക്കാനുള്ള പ്രതികളുടെ തീരുമാനം ആസൂത്രിതമായിരുന്നു. നവംബർ 27 ബുധനാഴ്ച ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽ വൈകിട്ട് ആറരയോടെ പ്രതികളുടെ ലോറിക്കു സമീപം യുവതി സ്കൂട്ടർ പാർക്ക് ചെയ്തപ്പോൾത്തതന്നെ ബലാത്സംഗത്തിന് പ്രതികൾ തീരുമാനിച്ചിരുന്നു. ചതൻപള്ളി പാലത്തിനു സമീപം മൃതദേഹം കത്തിക്കുന്നതു വരെയുള്ള എല്ലാം ആസൂത്രിതമായിരുന്നു.

you may also like this video

സംഭവദിവസം വൈകിട്ട് 5.30 ന് മുഖ്യ പ്രതി മുഹമ്മദ് ആരിഫ് ടോൾ പ്ലാസയ്ക്ക് സമീപം വാഹനത്തിലിരുന്ന് കൂട്ടുപ്രതികൾക്കൊപ്പം നന്നായി മദ്യപിച്ചു. 6.30 നാണ് ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തത്. രാത്രി 9 ന് അവര്‍ തിരിച്ചെത്തി. ഇവരെ കുടുക്കാന്‍ തീരുമാനിച്ച പ്രതികൾ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയിരുന്നു. ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവയാണ് ഇവരെ സമീപിച്ചത്. വിശ്വാസം ആര്‍ജിക്കാനായി സ്‌കൂട്ടര്‍ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു തിരിച്ചെത്തി. ഈ സമയത്താണ് ഡോക്ടര്‍ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞത്. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ ഇവരെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഉച്ചത്തിൽ കരയാതിരിക്കാൻ പ്രതികൾ മദ്യം ബലമായി യുവതിയുടെ വായിൽ ഒഴിച്ചു. ഇടയക്ക് അലറിക്കരഞ്ഞതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്. 9.45‑ന് പ്രതികള്‍ ഡോക്ടറുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പ്രതികളിലൊരാളായ നവീനാണ് യുവതിയുടെ മൊബൈൽ ഫോണും പവർ ബാങ്കും കൈവശപ്പെടുത്തിയത്. 10.20‑ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. 10.28‑ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറില്‍ പോയ ആരിഫും നവീനും നമ്പര്‍ പ്ലേയിറ്റ് മാറ്റിയ ശേഷം കൊതൂര്‍ വില്ലേജില്‍ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേര്‍ ലോറിയിലാണു പോയത്. സംഭവസ്ഥലത്തു നിന്ന് 45 മിനിറ്റ് യാത്ര ചെയ്ത് പ്രതികൾ രാത്രി ഒരു മണിയോടെയാണ് പെട്രോൾ പമ്പിൽ പെട്രോൾ വാങ്ങാൻ ചെന്നത്.

you may also like this video


ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു രാജേന്ദ്രനഗറിലെ ട്രക്ക് ഉടമ ശ്രീനിവാസ് റെഡ്ഡിയെചോദ്യം ചെയ്തപ്പോൾ ആരിഫ് ഉൾപ്പെടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു. പാർക്ക് ചെയ്ത ലോറിയുടെ മറവിലായിരുന്നു പീ‍ഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളി‍ൽ കൊണ്ടുവിട്ടു. തുടർന്നു നാരായൺപേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ പലയിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. അതിനിടെ, ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ അനാസ്ഥ കാണിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് മൂന്നു പൊലീസുകാരെ സസ്പെൻഡു ചെയ്തിരുന്നു. സുരക്ഷയ്ക്ക് എത്തേണ്ടവർ തന്നെ ഉറക്കം നടിക്കുമ്പോൾ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ തന്നെ എല്ലാം നിസാരമായി കാണുമ്പോൾ ഇനിയും ഇത്തരം സംഭവങ്ങൾക്ക് രാജ്യം സാക്ഷിയാകുമെന്ന് ഏവരും ഒറ്റ സ്വരത്തിൽ പറയുന്നു. എന്നാൽ പ്രതികൾക്ക് പരമാവധി ശിക്ഷതന്നെ നൽകണമെന്നാണ് പ്രതികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബം പറയുന്നത്.