Site iconSite icon Janayugom Online

തെലങ്കാന ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്റ്റില്‍

സിപിഐ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ബിനോയ് വിശ്വം സമര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സമരസേനാനികളെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ 18ന് സമര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് വഴിയില്‍ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇന്ന് സമര സ്ഥലത്ത് നേതാക്കള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം ഹനുമാന്‍കൊണ്ടയിലെ സമര സ്ഥലം വളയുകയും പ്രവര്‍ത്തകരെ കണ്ട് മടങ്ങുകയായിരുന്ന നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ശ്രീനിവാസ റാവു, ഹനുമാന്‍കൊണ്ട ജില്ലാ സെക്രട്ടറി കെ ഭിക്ഷപതി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ആദ്യം ഹനുമാന്‍കൊണ്ട പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് ഹൃദയദാരി സ്റ്റേഷനിലേക്കും കൊണ്ടുപോയത്. 

കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതൃത്വത്തില്‍ വാറങ്കല്‍, ഹനുമാന്‍കൊണ്ട ജില്ലകളില്‍ ഭൂസമരം ആരംഭിച്ചത്. സര്‍ക്കാരിന്റെ തരിശു ഭൂമികള്‍ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കയ്യേറി കുടില്‍ കെട്ടി നടത്തുന്ന സമരം മാസങ്ങളായി തുടരുകയാണ്. ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഭൂമാഫിയയുടെ ഒത്താശയോടെ കഴിഞ്ഞയാഴ്ച ബിജെപിക്കാര്‍ നടത്തിയ അക്രമത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 

Eng­lish Summary;Telangana land strug­gle; Binoy Vish­wam MP arrested
You may also like this video

Exit mobile version