തെലങ്കാന മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രഭാകർ റാവുവിന് അഭയം നിഷേധിച്ച് അമേരിക്ക. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) അധികാരത്തിലിരിക്കെ റാവു നിയമവിരുദ്ധ ഫോൺ ചോർത്തൽ നടപടിയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണം നേരിടുന്നത് കണക്കിലെടുത്താണ് അഭയം നിഷേധിച്ചത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ആരോപണങ്ങളെന്ന് കാട്ടി റാവു യുഎസിൽ രാഷ്ട്രീയ അഭയാർത്ഥിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാല്‍ യുഎസ് സർക്കാർ അദ്ദേഹത്തിന്റെ അഭയ അപേക്ഷ സ്വീകരിച്ചില്ല. കേസില്‍ വിചാരണ നേരിടാൻ ഇന്ത്യയിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് സമ്മർദം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേസിൽ ആറ് പേർ ഉൾപ്പെട്ടിരുന്നു. റാവു ആണ് മുഖ്യപ്രതി. പ്രതികളിൽ നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാല്‍ കേസ് ഫയൽ ചെയ്യുന്നതിന് മുമ്പ് റാവുവും മാധ്യമ വിദഗ്ധൻ എൻ ശ്രാവൺ കുമാറും രാജ്യം വിട്ടു. ഇരുവരും ഇപ്പോൾ അമേരിക്കയിൽ താമസിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി നോട്ടീസുകൾ നൽകിയിട്ടും റാവു ഹാജരാകാതിരുന്നതിനെത്തുടർന്ന്, ഹൈദരാബാദിലെ നാംപള്ളി കോടതി 2024 മേയ് മാസത്തിൽ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇന്റർപോൾ റാവുവിനെതിരെ റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിച്ചിട്ടുണ്ട്, ഇത് അദ്ദേഹത്തെ യുഎസിൽ നിന്ന് അറസ്റ്റ് ചെയ്യാനും കൈമാറാനും സാധ്യമാക്കും, ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ഈ നോട്ടീസ് യുഎസ് അധികാരികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറി. 2024 മാർച്ചിൽ റാവുവിന്റെ നേതൃത്വത്തിലുള്ള ഉന്നത എസ്‌ഐബി ഉദ്യോഗസ്ഥർ രാഷ്ട്രീയ എതിരാളികൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ എന്നിവരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് കേസ്. 2023 ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്ന് ഭരണത്തിലിരുന്ന ബിആർഎസിനെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഓപ്പറേഷൻ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പിന്തുടരാനും അവരെ അസ്ഥിരപ്പെടുത്താനും ആശയവിനിമയങ്ങൾ ചോർത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.